ADVERTISEMENT

ജനപ്രിയ ബൈക്ക് എക്ട്രീമിന്റെ 2023 പതിപ്പ് പുറത്തിറക്കി ഹീറോ മോട്ടർകോർപ്. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വിവിധ മോഡലുകളുടെ വില 1.27 ലക്ഷം രൂപ മുതൽ 1.36 ലക്ഷം രൂപ വരെയാണ്. എക്‌സ്ട്രീം 160ആര്‍ 2വിയേക്കാള്‍ കരുത്തും ഭാരവുമുള്ള ബൈക്കാണ് ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. 4 വാല്‍വ് എൻജിന്‍, 37 എംഎം കെവൈബി യുഎസ്ഡി ഫോര്‍ക്, ഷോവ മോണോഷോക്ക് എന്നിങ്ങനെയുള്ള പല സവിശേഷതകളും പുതിയ എക്‌സ്ട്രീം 160ആര്‍ 4വിക്കുണ്ട്.

 

യുഎസ്‍ഡി ഫോർക് ഒരു മോ‍ഡലിൽ

 

ആദ്യ നോട്ടത്തില്‍ കണ്ണുടക്കുക ബൈക്കിന്റെ മുന്നിലെ സ്വര്‍ണ നിറത്തിലുള്ള 37എംഎം കിവൈബി യുഎസ്‍ഡി ഫോര്‍ക്കിലായിരിക്കും. പിന്നിൽ ഷോവയുടെ 7 സ്റ്റെപ് പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കാണ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന വേരിയന്റായ പ്രോയില്‍ മാത്രമായിരിക്കും യുഎസ്‍ഡി ഫോർക് ലഭ്യമാവുക. മറ്റു രണ്ടു വേരിയന്റുകളിലും ടെലസ്‌കോപിക് ഫോര്‍ക്കായിരിക്കും ലഭിക്കുക.

 

കരുത്ത് കൂട്ടിയ എൻജിൻ

 

ഓയിൽ കൂൾഡാണ് 163 സിസിയുടെ സിംഗിള്‍ സിലിണ്ടര്‍ എൻജിൻ. 8500 ആര്‍പിഎമ്മില്‍ 16.9 ബിഎച്ച്പി കരുത്തും 14.6 എൻഎം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന എൻജിനാണിത്. പഴയ മോഡലിനേക്കാള്‍ 1.7 എച്ച്ബിയുടെ വര്‍ധനവ് പുതിയ എൻജിനു ലഭിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേഡ്, കണക്ടഡ് 2.0 വേരിയന്റുകള്‍ക്ക് 144 കിലോഗ്രാമും പ്രൊ വേരിയന്റിന് 145 കിലോഗ്രാമുമാണ് ഭാരം. 12 ലീറ്റര്‍ തന്നെയാണ് ഇന്ധന ടാങ്കിന്റെ വലുപ്പം.

 

സിംഗിള്‍ ആന്റ് സ്പ്ലിറ്റ് സീറ്റ്

 

സിംഗിള്‍ സീറ്റിലും സ്പ്ലിറ്റ് സീറ്റിലും എക്‌സ്ട്രീം 160ആര്‍ 4വി ലഭ്യമാണ്. ഡ്യുല്‍ ടോണ്‍ പെയിന്റും ഫുള്‍ എല്‍ഇഡി ഹെഡ് ലൈറ്റുമാണ് ബൈക്കിനുള്ളത്. ഹീറോ എക്‌സ് പള്‍സ് 200 4വിയിലേതു പോലെ പ്രീമിയം സ്വിച്ച് ഗിയറുകളും എക്‌സ്ട്രീം 160 ആര്‍ 4വിയിലുണ്ട്.

 

വില

 

സ്റ്റാന്‍ഡേഡ്(1,27,300 രൂപ), കണക്ടഡ്(1,32,800 രൂപ), പ്രൊ(1,36,500 രൂപ) എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ഹീറോ എക്‌സ്ട്രീം 160ആര്‍ 4വി പുറത്തിറങ്ങിയിരിക്കുന്നത്. മുന്‍ മോഡലായ എക്‌സ്ട്രീം 160ആര്‍ 2വി 1,18,886 രൂപ മുതല്‍ 1,30,008 രൂപ വരെയുള്ള വിലകളില്‍ ഹീറോ വില്‍പ്പന തുടരും. 

 

പള്‍സറിനും അപ്പാചെയ്ക്കും എതിരാളി

 

1.23 ലക്ഷം മുതല്‍ 1.30 ലക്ഷം വരെ വിലയുള്ള ബജാജ് പള്‍സര്‍ എന്‍160യും 1.24 ലക്ഷം രൂപ മുതല്‍ 1.32 ലക്ഷം രൂപ വരെ വില വരുന്ന ടിവിഎസ് അപ്പാചെ ആര്‍ടിആര്‍ 160 4വിയുമാണ് വിപണിയിലെ പുത്തന്‍ എക്‌സ്ട്രീമിന്റെ എതിരാളികള്‍. ഈ രണ്ട് ബൈക്കുകളേക്കാളും വില കൂടുതലാണ് എക്‌സ്ട്രീം 160ആര്‍ 4വിക്ക്. ജൂലൈ രണ്ടാം വാരം മുതല്‍ ഉടമകളുടെ കൈകളിലേക്കെത്തുന്ന ഈ ബൈക്ക് ഇപ്പോള്‍ തന്നെ ബുക്കു ചെയ്യാനാവും.

 

English Summary: 2023 Hero Xtreme 160R 4V Launched at Rs 1.27 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com