ത്രസിപ്പിക്കാൻ കരിസ്മ വീണ്ടും, വില 1.72 ലക്ഷം മുതൽ
Mail This Article
ടീസറുകള്‍ക്കൊടുവില്‍ കാത്തിരുന്ന കരിസ്മ പുറത്തിറങ്ങി. ഹീറോയുടെ കരിസ്മ എക്സ്എംആറിന് 1,72,900 രൂപയാണ് വില. പുത്തന്‍ കരിസ്മയുടെ ബുക്കിങ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ കരിസ്മയുടെ തിരിച്ചുവരവ്. ഹൃത്വിക് റോഷനാണ് പുതിയ കരിസ്മയുടേയും ബ്രാന്‍ഡ് അംബാസിഡര്‍.
പുതിയ 210 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹീറോ കരിസ്മ എക്സ്എംആറിന്റെ പ്രധാന കരുത്ത്. 9,250 ആര്‍പിഎമ്മില്‍ 25.5hpയും 7,250 ആര്‍പിഎമ്മില്‍ പരമാവധി 20.4 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എന്‍ജിനാവും. ഉരുക്കുകൊണ്ടുളള പ്രത്യേകം കൂടിന്റെ സുരക്ഷയും എന്‍ജിനുണ്ട്. അഡ്ജസ്റ്റബിള് മോണോഷോക്കും ടെലസ്കോപിക് ഫോര്‍ക്കുമുള്ള പുതിയ കരിസ്മയിലെ ബ്രക്കിങ് കാര്യക്ഷമമാക്കുന്നത് 300എംഎം ഫ്രണ്ട് 230എംഎം റിയര്‍ ഡിസ്കുകളാണ്. ഡുവല്‍ ചാനല്‍ എബിഎസുള്ള ആദ്യത്തെ ഹീറോ മോട്ടോര്‍ സൈക്കിളാണ് കരിസ്മ എക്സ്.എം.ആര്.
എല്‍.സി.ഡി ഡാഷ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍, അഡ്ജസ്റ്റബിള് വിന്‍ഡ്സ്ക്രീന്‍, എന്‍.ഇ.ഡി ലൈറ്റിങ് എന്നിവയും എക്സ്.എം.ആര് നല്‍കുന്നുണ്ട്. മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ കരിസ്മ ലഭ്യമാണ്. തുടക്കകാല ഓഫറായാണ് 1,72,900 രൂപക്ക് ഹീറോ കരിസ്മ എക്സ്എംആര്‍ ലഭിക്കുക. ഈ ഓഫര്‍ കഴിഞ്ഞാല്‍ പതിനായിരം രൂപയുടെ വര്‍ധനവ് വിലയിലുണ്ടാവും.
2003ലാണ് ഹീറോ ഹോണ്ട കരിസ്മ പുറത്തിറങ്ങുന്നത്. പിന്നീട് ഹീറോയും ഹോണ്ടയും വേര്‍പിരിഞ്ഞതോടെ 2012ല്‍ ഹീറോ കരിസ്മയെ ഏറ്റെടുക്കുകയും ഹീറോ കരിസ്മ ആര് വിപണിയിലെത്തിക്കുകയും ചെയ്തു. 2014ല്‍ പുതുമകളോടെ കരിസ്മയെ അവതരിപ്പിച്ചു. വില്പന ഇടിഞ്ഞതോടെ 2019ല്‍ പിന്‍വലിച്ചു. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും കാലത്തിന് അനുസരിച്ച മാറ്റങ്ങളോടെയാണ് കരിസ്മയെ ഹീറോ വീണ്ടും വിപണിയിലെത്തിച്ചിരിക്കുന്നത്.
ഈ വിഭാഗത്തില്‍ ആദ്യമായാണ് അഡ്ജസ്റ്റബിള് വിന്‍ഡ്സ്ക്രീന്‍ കൊണ്ടുവന്നിരിക്കുന്നതും കരിസ്മയാണ്. സുസുക്കി ജിക്സര്‍ എസ്എഫ് 250(1.81 ലക്ഷം മുതല്‍ 2.05 ലക്ഷം വരെ), ബജാജ് പള്‍സര്‍ 200(1.72 ലക്ഷം), കെടിഎം ആര്‍സി 200(2.18 ലക്ഷം) എന്നിവരാണ് കരിസ്മയുടെ ഇന്ത്യന്‍ വിപണിയിലെ പ്രധാന എതിരാളികള്‍.
English Summary: Hero Karizma XMR launched at Rs 1.73 lakh