റോയൽ എൻഫീൽഡിന്റെ ചുണക്കുട്ടൻ മിറ്റിയോറിനെ അടുത്തറിയാം
Mail This Article
ചാംപ്യൻ ആകണമെങ്കിൽ തന്നോടു തന്നെ മത്സരിക്കണം എന്നാണ് പഴമൊഴി. ഇങ്ങനെ ചാംപ്യൻമാരായ രണ്ടു പേരാണ് രംഗത്തിറങ്ങിയിട്ടുള്ളത്. ഒന്ന് മഹീന്ദ്ര ഥാർ. രണ്ടാമത്തേത് മിറ്റിയോർ. feeling excited എന്നു സമൂഹമാധ്യമങ്ങളിൽ നാം കുറിക്കാറില്ലേ? അതുതന്നെയാണ് മിറ്റിയോറിന്റെ ടെസ്റ്റ് റൈഡ് കഴിഞ്ഞപ്പോൾ തോന്നിയത്. മുൻഗാമിയായ തണ്ടർബേഡുമായി മാറ്റുരച്ചാണ് മിറ്റിയോർ മികവു തെളിയിച്ചത്. ഒരു വാക്യം മതി ഈ ക്രൂസർ ബൈക്കിന്റെ ഗുണം മനസ്സിലാക്കാൻ. അതേതു വാക്യം എന്നല്ലേ? കൊച്ചി-അതിരപ്പിള്ളി-മലയാറ്റൂർ വഴിയൊന്നു കറങ്ങിയതിന്റെ അനുഭവത്തിലൂടെ അതറിയാം.
പ്രധാന പരാതി മാറുന്നു ഇന്റർസെപ്റ്റർ ഒഴികെയുള്ള റോയൽ എൻഫീൽഡ് ബൈക്കുകൾക്കുള്ള പ്രധാന പരാതി എന്തായിരുന്നു? കണ്ണാടിയിലൂടെ പിന്നിലേക്കു നോക്കണമെങ്കിൽ ക്ലച്ച് പിടിക്കണം എന്നതു തന്നെ. ക്ലച്ച് പിടിക്കുമ്പോൾ എൻജിൻ വൈബ്രേഷൻ ഹാൻഡിലിൽ കിട്ടുകയില്ല. അന്നേരം കണ്ണാടികൾ വിറയ്ക്കുകയില്ല. ഈ വൈബ്രേഷൻ തന്നെയായിരുന്നു എല്ലാ ‘ ബുള്ളറ്റു’കൾക്കുമുള്ള പ്രധാന പ്രശ്നം. എന്നാൽ മിറ്റിയോറിനെ ഈ ഗണത്തിൽനിന്നു മാറ്റി നിർത്താം. നല്ല സ്മൂത്ത് ബൈക്ക്. ഹാൻഡിലിൽ വിറയൽ കിട്ടുന്നില്ല എന്നതാണ് ആദ്യമായി പറയേണ്ടത്. ഈയൊരൊറ്റ വാക്യത്തിലാണ് മിറ്റിയോറിന്റെ മേൻമയിരിക്കുന്നത്. ഫാസ്റ്റ്ട്രാക്കിനു ലഭിച്ച പടക്കുതിര മിറ്റിയോർ സൂപ്പർ നോവ ബ്രൗൺ.
മാറ്റങ്ങളെന്തൊക്കെ?
തണ്ടർബേഡ് x 350 യുമായി താരതമ്യം ചെയ്താൽ- വീതികൂടിയവയാണു ടയറുകൾ-തണ്ടർബേഡ് മുന്നിൽ 19 ഇഞ്ച്. പിന്നിൽ 18 മിറ്റിയോർ- മുന്നിൽ 19 ഇഞ്ച് പിന്നിൽ 17. ഈ മാറ്റം കൊണ്ടുള്ള ഗുണങ്ങൾ ഇവയാണ്- യാത്രാസ്ഥിരത കൂടി, യാത്രാസുഖവും. പിൻസീറ്റിന്റെ ഉയരം കുറഞ്ഞു. അതുകൊണ്ടുതന്നെ ശരാശരി ഉയരക്കാർക്കും അനായാസം കൊണ്ടുപോകാം മിറ്റിയോറിനെ. എറണാകുളത്തുനിന്നു ചാലക്കുടിവരെ ഹൈവേയിലൂടെ ക്രൂസ് ചെയ്തുപോയപ്പോൾ ആത്മവിശ്വാസം നൽകിയത് വീതിയേറിയ ടയറുകളായിരുന്നു.
പുതിയ ഷാസി
ചാലക്കുടി മുതൽ അതിരപ്പിള്ളി വരെ വളഞ്ഞുപുളഞ്ഞാണ് പാത എന്നറിയാമല്ലോ. ഫൊട്ടോഗ്രഫർക്ക് ഒരു കാര്യം നിർബന്ധം. സൂര്യൻ ഒളിഞ്ഞുനോക്കുന്ന ചില സ്ഥലങ്ങളുണ്ട് വഴിയിൽ. അവിടെ നിർത്തിവേണം മിറ്റിയോറിന്റെ പടമെടുക്കാൻ. വേഗം എത്തിയാലേ കാര്യം നടക്കൂ. മിറ്റിയോറിന്റെ സോഫ്റ്റ് ഗ്രിപ് ഹാൻഡിലിൽ കൈ കൊടുത്തു. പിന്നിൽ ആളെയിരുത്തി വളവുകൾ ചെരിച്ചുവീശിയെടുത്താണ് ആദ്യത്തെ പടമെടുത്ത സ്ഥലമെത്തിയത്. ഒരിടത്തും മിറ്റിയോറിന്റെ സ്ഥിരത നഷ്ടപ്പെട്ടില്ല. അതിനു കാരണം പുതിയ ഫ്രെയിം അഥവാ ഷാസിയാണ്. ട്വിൻ ഡൗൺ ട്യൂബ് സ്പൈൻ ഫ്രെയിമിനു ഭാരം കുറവാണ്. എന്നാൽ, സ്ഥിരത അതിശയിപ്പിക്കും വിധം കൂടുതലാണ്. കഠിനമായ ബ്രേക്കിങ് ആവശ്യം വന്നില്ലെങ്കിലും ഡ്യൂവൽ ചാനൽ എബിഎസ് മിറ്റിയോറിനെ പാളാതെ നിർത്തും എന്ന് ബോധ്യമായ റൈഡ് ആയിരുന്നു അതിരപ്പിള്ളി വരെ. ഡിസ്ക് ബ്രേക്കുകളുടെയും വ്യാസം തണ്ടർബേഡിനെക്കാൾ കൂടുതലാണ്. ബ്രേക്കിങ് കിടു എന്നർഥം.
മറ്റു വിശേഷങ്ങൾ
വിഭജിച്ച സീറ്റ്, വീതിയേറിയതുമാണ്. റൈഡറുടെ ഇരിപ്പുസുഖം അപാരം. കുറച്ചുകൂടി താഴ്ന്ന സീറ്റ് വേണമെങ്കിൽ കസ്റ്റമൈസ് ചെയ്യാം. പിൻസീറ്റും തരക്കേടില്ല. സീറ്റിലെ സ്റ്റിച്ചിങ് ആകർഷകം. മുന്നിലെ ടൂറിങ് സ്ക്രീൻ ദീർഘയാത്രകളിൽ കാറ്റിനെ മാറ്റിനിർത്തും. ക്ഷീണമുണ്ടാക്കുകയില്ല. പിൻ മഡ്ഗാർഡിനു വീതി കൂടി. മറ്റ് ഇന്റർനാഷനൽ ക്രൂസർ ബൈക്കുകളിലേതുപോലെ മഡ്ഗാർഡിന്റെ അറ്റത്തു തൂങ്ങിക്കിടക്കുന്നതുപോലെയാണ് നമ്പർപ്ലേറ്റ്. മഡ്ഗാർഡിന്റെ മസിൽതുടിപ്പ് ശരിക്കും കാണാമെന്നതു നേട്ടം. ക്ലാസിക് രീതിയിൽ റിയർലാംപും ഇൻഡിക്കേറ്ററും. പൂർത്തിയാക്കാത്ത വൃത്തരൂപത്തിൽ എൽഇഡി പൈലറ്റ് ലാംപ് മിറ്റിയോറിന്റെ സാന്നിധ്യം എവിടെയും എടുത്തറിയിക്കും.
ട്രിപ്പർ നാവിഗേഷൻ
ട്രിപ്പർ എന്ന നാവിഗേഷൻ സിസ്റ്റം– മീറ്റർ കൺസോളിൽ വലതുവശത്തെ ഡിജിറ്റൽ ഡിസ്പ്ലേയിൽ നാവിഗേഷൻ വിവരങ്ങൾ കാണാം. റോയൽ എൻഫീൽഡ് ആപ് ഡൗൺലോഡ് ചെയ്യണം. ആപ്പ് ബ്ലൂടൂത്തുമായി ബന്ധിപ്പിക്കണം. ബാറ്ററി ഒപ്റ്റിമൈസേഷൻ ഓൺ ആക്കിയാൽ, ബാറ്ററി സേവിങ് മോഡ് ഓൺ ആയിരുന്നാൽ ബൈക്കുമായി ഫോൺ കണക്ട് ആവുകയില്ല. മാത്രമല്ല, ഫോണിലെ ലൊക്കേഷൻ ഓൺ ആക്കി വയ്ക്കുകയും വേണം.
ഏഴാറ്റുമുഖം കഴിഞ്ഞ് മലയാറ്റൂരിലേക്കുള്ള ഗ്രാമവഴികളിൽ ഈ നാവിഗേഷൻ സഹായകരമായിരുന്നു. അല്ലെങ്കിൽ ഇടയ്ക്കു നിർത്തി ഫോണിലെ നാവിഗേഷൻ നോക്കേണ്ടി വരുമായിരുന്നു- റൈഡിന്റെ രസം പോകുമായിരുന്നു. ഗൂഗിളിന്റെ സഹകരണത്തോടെയാണ് ട്രിപ്പർ പ്രവർത്തിക്കുന്നത്. യുഎസ്ബി ചാർജിങ് പോർട്ട് ഹാൻഡിൽബാറിന്റെ താഴെയുണ്ട്. ഹിമാലയത്തിലേക്കൊക്കെ ദീർഘയാത്ര ചെയ്തവർക്കറിയാം ചാർജിങ് പോർട്ടിന്റെ ഗുണം. സ്റ്റാർട്ട് ബട്ടണിന്റെ രീതി മാറി. പഴയ സ്വിച്ച് മോഡിൽനിന്ന് നോബ് (റോട്ടറി സ്വിച്ച് ) രീതിയിലാണ് സ്റ്റാർട്ട് ‘ബട്ടൺ’. ലൈറ്റിന്റേതും റോട്ടറി സ്വിച്ച് തന്നെ.
മീറ്ററുകൾ ഘടിപ്പിച്ചത് ദുർബലമായ രീതിയിലാണ്. ഒന്നു തൊട്ടാൽ ആ ബലഹീനത അറിയും. നെഗറ്റീവ് ആയി പറയാൻ ഉള്ള കാര്യം ഇതാണ്. പരിഹരിക്കുമെന്നു കരുതാം. സുഖകരമായ റബർ കുഷനിങ് ഉണ്ട് ഫുട്ട്റെസ്റ്റുകൾക്ക് .
യാത്രാസുഖം എങ്ങനെ?
രണ്ടു ബൈക്കുകൾ റൈഡിനു കൂട്ടുണ്ടായിരുന്നു. ഒന്ന് ഇന്റർസെപ്റ്റർ,പിന്നെ ക്ലാസിക്. ഇവ മൂന്നും താരതമ്യം ചെയ്യുമ്പോൾ നിവർന്നിരുന്ന്, ആയാസമില്ലാതെ യാത്ര ചെയ്യുന്ന റൈഡിങ് പൊസിഷൻ ആണ് മിറ്റിയോറിന്. പിന്നിലും അത്ര കുടുക്കമില്ലെന്നു പറയാം. ബാക്ക് സപ്പോർട്ട് നടുവിന് നല്ല പിന്തുണയാണു പിന്നിലെ യാത്രക്കാരനു നൽകുന്നത്. വീൽബേസ് കൂടിയതും യാത്രാസുഖത്തിൽ പ്രതിഫലിക്കുന്നുണ്ട്. 765 മി മി ആണ് സീറ്റിന്റെ ഉയരം. ക്ലാസിക്– 800 എംഎം. ജാവ 42 765 എംഎം. ഉയരം കുറഞ്ഞവർക്കും അനായാസം നിയന്ത്രിക്കാം.
എൻജിൻ
പുതിയ ജെ സീരീസ് എൻജിൻ. രൂപഘടനയിൽ ഇന്റർസെപ്റ്ററിന്റേതിനോടു സാമ്യമുണ്ട്. ശബ്ദം അത്ര ഗാംഭീര്യമുള്ളതല്ലെങ്കിലും രസകരമാണ്. കരുത്ത് മുൻ എൻജിനുകളെക്കാൾ കൂടുതൽ. എന്നാൽ, ടോർക്ക് തണ്ടർബേഡിനെക്കാൾ കുറച്ചു കുറവാണ്. ക്രൂസർ ബൈക്ക് ആണല്ലോ മിറ്റിയോർ. അതുകൊണ്ടുതന്നെ ഞൊടിയിടയിലെ കുതിപ്പിനല്ല പ്രാധാന്യം, മറിച്ച് ഏതുവേഗത്തിലും സ്മൂത്ത് ആയി റൈഡ് ചെയ്യുന്നതിനാണ്. മൂന്നക്കവേഗത്തിലെത്തുമ്പോൾ ചെറിയൊരു മടുപ്പുണ്ട് പിന്നെ കുതിക്കാൻ.
ലോങ് സ്ട്രോക്ക് എൻജിന്റെ ലോ എൻഡ് ടോർക്ക് ചെറുവേഗത്തിൽ ഇടിപ്പില്ലാതെ യാത്ര ചെയ്യുന്നതിനു സഹായകരമാണ്. ക്ലച്ച് താങ്ങാതെ തന്നെ നഗരത്തിൽ മെല്ലെ ഓടിക്കാം. 5 സ്പീഡ് ഗിയർബോക്സ് സ്മൂത്ത്. പതിനായിരം കിലോമീറ്ററിൽ ഓയിൽ മാറ്റിയാൽ മതി. 15 ലീറ്റർ ആണ് ഫ്യൂവൽ ടാങ്ക് ശേഷി. 5 ലീറ്റർ എത്തിയാൽ ലോ ഫ്യൂവൽ വാണിങ് ലൈറ്റ് തെളിയും. പിന്നീട് സഞ്ചരിച്ച ദൂരം ട്രിപ് എഫിൽ കാണാം. സൈഡ് സ്റ്റാൻഡ് തട്ടിയില്ലെങ്കിൽ മിറ്റിയോർ സ്റ്റാർട്ട് ആകില്ല
ഫൈനൽ ലാപ്
ഏത് ഉയരക്കാർക്കും അനായാസം ഓടിക്കാവുന്ന, പുഷ്പം പോലെ കോർണറിങ് ചെയ്യാവുന്ന, എൻജിൻ വൈബ്രേഷൻ ഹാൻഡിൽ ബാറിൽ അനുഭവപ്പെടാത്ത, ദീർഘദൂരയാത്രയ്ക്കും ചെറുയാത്രകൾക്കും ഒരുപോലെയിണങ്ങുന്ന, നല്ല സ്ഥിരതയുള്ള സൂപ്പർ ക്രൂസർ. സീറ്റും സൈലൻസറും അടക്കം ചെറുകാര്യങ്ങളിൽ വരെ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം റോയൽ എൻഫീൽഡ് നൽകുന്നുണ്ട്. ധൈര്യമായി എടുക്കാം മിറ്റോയോറിനെ.
English Summary: Royal Enfield Meteor 350 Test Dirve Review