സൂപ്പർ ഡിസൈനും കരുത്തുറ്റ എൻജിനുമായി ഇൻട്ര
Mail This Article
ചെറു വാണിജ്യ വാഹനങ്ങളിൽ വിപണിയിലെ രാജാവ് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് ടാറ്റ തന്നെ. എയ്സ് എന്ന ഒറ്റ മോഡലുകൊണ്ട് ടാറ്റ കൈപ്പിടിയിൽ ഒതുക്കിയത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കോംപാക്ട് ട്രക്ക് എന്ന കിരീടമാണ്. 2005 ൽ ആണ് എയ്സിനെ ടാറ്റ നിരത്തിലെത്തിച്ചത്. 2018 വരെയുള്ള കണക്കു പ്രകാരം ഇരുപതു ലക്ഷം എയ്സുകളാണ് ടാറ്റ വിറ്റത്! ഇപ്പോഴിതാ അതേ സെഗ്‌മെന്റിൽ കൂടുതൽ ആധുനികമായി സൂപ്പർ ഡിസൈനും കരുത്തുറ്റ എൻജിനുമായി പുതിയൊരു മോഡൽ– ഇൻട്ര.
സൂപ്പർലുക്ക്
ട്രക്കുകൾക്ക് സൗന്ദര്യമില്ലെന്ന പരാതി പാടേ തുടച്ചു മാറ്റുകയാണ് ഇൻട്ര. കാറിന്റെയോ എസ്‌യുവിയുടെയോ ഒക്കെ ഡിസൈനോടു കിടപിടിക്കുന്ന ക്യാബിൻ ഡിസൈൻ കിടിലൻ എന്നു പറഞ്ഞാൽ പോരാ. ക്രോം ഫിനിഷോടു കൂടിയ ഗ്രില്ലും പ്രസരിപ്പു പകരുന്ന ക്ലിയർലെൻസ് ഹെഡ്‌ലാംപും ബോൾഡ് ലുക്ക് പകരുന്ന ബംപറും മുൻഭാഗത്തിനു നല്ല എടുപ്പു നൽകുന്നു. വലിയ റിയർവ്യൂ മിററുകളാണ്. ക്രോം ഇൻസേർട്ടുള്ള ഫോഗ് ലാംപിനു പ്രീമിയം ടച്ചുണ്ട്. ഡോറിന്റെ വിൻഡോ ലൈനും എടുത്തു നിൽക്കുന്ന വീൽ ആർച്ചും വശക്കാഴ്ചയിൽ ക്യാബിനു നല്ല എടുപ്പു നൽകുന്നുണ്ട്. വീൽ കപ്പിന്റെ ഡിസൈനിൽ പോലും പുതുമ കൊണ്ടുവരാൻ ടാറ്റ ശ്രമിച്ചിട്ടുണ്ട്. പെയിന്റ് ക്വാളിറ്റിയും ഫിനിഷിങ്ങും മികച്ചത്.
പ്രിമിയം ഇന്റീരിയർ
ചൂടും പൊടിയുമടിച്ചു വിയർത്തൊലിച്ച് ട്രക്ക് ഒാടിക്കേണ്ട കാലം കഴിഞ്ഞു. തങ്ങളുടെ ഉപഭോക്താക്കൾക്കു മാക്സിമം കംഫർട്ട് നൽകണം എന്ന ഒറ്റ തീരുമാനത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ഇൻട്രയുടെ ക്യാബിൻ. അതുകൊണ്ടുതന്നെ കസ്റ്റമേഴ്സിന്റെ ആവശ്യങ്ങൾ നേരിട്ടു മനസ്സിലാക്കിയാണ് ഇൻട്രയുടെ ക്യാബിനും മറ്റു ഭാഗങ്ങളും ഡിസൈൻ ചെയ്‌തിരിക്കുന്നത്. പുറം കാഴ്ചയിലും ഉള്ളിൽ കയറുമ്പോഴും അക്കാര്യം വ്യക്തമാകുന്നു.
ഒതുക്കമുള്ള മനോഹരമായ എസി ക്യാബിൻ. ഇഷ്ടം പോലെ ഇടം. വിശ്രമവേളകളിൽ വേണമെങ്കിൽ സീറ്റിൽ സുഖമായി കിടക്കുകയുമാകാം. നല്ല കുഷനുള്ള പുറത്തിനു നല്ല സപ്പോർട്ട് നൽകുന്ന ഉഗ്രൻ സീറ്റുകൾ. സാധാരണ ട്രക്കുകളിൽ കാണുന്ന മരം പോലെയുള്ള സീറ്റല്ല. ഒതുക്കമുള്ള, വൃത്തിയായി ഡിസൈൻ ചെയ്തിരിക്കുന്ന ഡാഷ്ബോർഡ്. ഗിയർ ലിവർ ഡാഷ്ബോർഡിലാണ് ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഫ്ലോർ വിശാലമാണ്. വലിയ കുപ്പികൾ വയ്ക്കാവുന്ന ഡോർപാഡ്. ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ്. ഫ്ലാറ്റ് ബോട്ടംപോലെ തോന്നിക്കുന്ന കംഫർട്ടായ പവർ സ്റ്റിയറിങ്. മൊത്തത്തിൽ ക്യാബിനെക്കുറിച്ചു പറഞ്ഞാൽ സുപ്പേർബ്.
എൻജിൻ /ഡ്രൈവ്
8.2 അടി നീളവും 5.3 അടി വീതിയുമുള്ള വലിയ ലോഡിങ് ഡെക്കാണ്. 1100 കിലോഗ്രാമാണ് ഇൻട്രയുടെ കപ്പാസിറ്റി. ഇത്രയും ഭാരം കയറ്റിയ വാഹനമാണ് ടെസ്റ്റ് ഡ്രൈവിനായി തന്നതും. സ്റ്റാർട്ടിങ്ങിൽ തന്നെ എൻജിന്റെ റിഫൈൻമെന്റ് മനസ്സിലാകും. നൂതന ഡിെഎ എൻജിനാണ്. താഴ്ന്ന ആർപിഎമ്മിൽ തന്നെ ലഭ്യമാകുന്ന കിടിലൻ ടോർക്കാണ് എൻജിന്റെ സവിശേഷത. 4000 ആർപിഎമ്മിൽ 70 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 1800-3000 ആർപിഎമ്മിൽ 140 എൻഎം. 1.1 ടണ്ണുമായി കൂളായാണ് ഇൻട്ര റൺവേയിലൂടെ കുതിച്ചത്. കൂടിയ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ. ഉയർന്ന വേഗത്തിലും നല്ല കൺട്രോളുണ്ട്. മോശം റോഡിലും ഇടുങ്ങിയ റോഡിലും ഇൻട്രയുടെ പ്രകടനം വിലയിരുത്താൻ അത്തരത്തിലുള്ള ട്രാക്കും ക്രമീകരിച്ചിരുന്നു. മോശം റോഡിൽ ഈ ലോഡും വച്ച് കിതയ്ക്കാതെ ഇൻട്ര മുന്നേറി. വലിയ ലീഫ് സസ്പെൻഷനാണു നൽകിയിരിക്കുന്നത്. മുന്നിൽ ആറും പിന്നിൽ ഏഴും. 14 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകൾ കുണ്ടും കുഴിയും അനായാസം തരണം ചെയ്യുന്നു. വലിയ കുടുക്കമില്ലെന്നത് എടുത്തു പറയട്ടെ. എൻവിഎച്ച് (നോയിസ്, വൈബ്രേഷൻ, ഹാർഷ്നെസ്) നിലവാരത്തിൽ ക്യാബിൻ മികച്ചു നിൽക്കുന്നു. കാറോടിക്കുന്ന ലാഘവത്തോടെ ഡ്രൈവ് ചെയ്യാം എന്നത് എടുത്തു പറയട്ടെ. അഞ്ചു സ്പീഡ് കേബിൾ ഷിഫ്റ്റ് ടൈപ്പ് ഗിയർബോക്സാണ്. മാറ്റങ്ങൾ സ്മൂത്ത്. സെഗ്‌മെന്റിൽ ആദ്യമായി ഗിയർഷിഫ്റ്റ് അസിസ്റ്റ് സംവിധാനവുമായാണ് ഇൻട്ര എത്തിയിരിക്കുന്നത്. ഗിയർ ഡൗൺ ചെയ്യേണ്ടപ്പോഴും അപ് ചെയ്യേണ്ടപ്പോഴും കൺസോളിൽ വാണിങ് ലൈറ്റ് തെളിയുന്ന സംവിധാനമാണിത്. മികച്ച ഇന്ധനക്ഷമത ഇതിലൂടെ കമ്പനി ഉറപ്പുനൽകുന്നു. കോംപാക്ട് ഡിസൈൻ ആയതിനാൽ ചെറു വഴിയിലൂടെ കൂളായി കൊണ്ടുപോകാം. 4.75 മീറ്ററേയുള്ളൂ ടേണിങ് റേഡിയസ്. ഈസിയായി വട്ടംതിരിക്കാം.
ടെസ്റ്റേഴ്സ് നോട്ട്
ഏതു മലമുകളിലും കിതയ്ക്കാതെ കുതിച്ചുകയറാൻ ശേഷിയുള്ള കരുത്തൻ എൻജിൻ. സുഖസൗകര്യത്തിൽ ഒരു പടി മുകളിൽ നിൽക്കുന്ന കിടിലൻ ക്യാബിൻ. വൃത്തിയുള്ള, കാഴ്ചയിൽ സുന്ദരം എന്നു പറയിക്കുന്ന എക്സ്റ്റീരിയർ ഡിസൈൻ. മികച്ച ഡ്രൈവബിലിറ്റി എന്നിങ്ങനെ ഇൻട്രയുടെ മികവുകൾ ഒട്ടേറെയുണ്ട് പറയാൻ. രണ്ടു വർഷമോ 72,000 കിലോമീറ്ററോ ആണ് ടാറ്റ നൽകുന്ന വാറന്റി.