പ്രീമിയമാണ് മാരുതിയുടെ എംപിവി എക്സ്എൽ6, ടെസ്റ്റ് ഡ്രൈവ് വിഡിയോ
Mail This Article
മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ ആരംഭിക്കുന്നത് 2015ലാണ്. പ്രീമിയം വാഹനങ്ങൾക്കു വേണ്ടിയുള്ള ഷോറൂമിലൂടെ എസ് ക്രോസ്, ബലേനൊ, ബലേനൊ ആർഎസ്, ഇഗ്നിസ്, സിയാസ് തുടങ്ങിയ വാഹനങ്ങളാണ് വിൽപനയിലുള്ളത്. പ്രീമിയം സൗകര്യങ്ങളും മികച്ച സേവനങ്ങളുമായി മുന്നേറുന്ന നെക്സ ഡീലർഷിപ്പുകൾ വഴി വിൽപനയ്ക്കെത്തുന്ന ഏറ്റവും പുതിയ വാഹനമാണ് എക്സ്എൽ 6. പ്രീമിയം എംപിവി എക്സ്എൽ 6ന്റെ വിശേഷങ്ങള്‍.
∙എസ്‌യുവി രൂപഭംഗി: എക്സ്ക്ലൂസിവ് 6 എന്നതിന്റെ ചുരുക്കപ്പേരാണ് എക്സ്എൽ6. ആറുപേർക്ക് സഞ്ചരിക്കാൻ പറ്റുന്ന ഈ എംപിവിക്ക് പ്രീമിയം ലുക്കാണ് മാരുതി നൽകിയിരിക്കുന്നത്. പൂർണമായും പുതിയൊരു വാഹനത്തിന്റെ രൂപം. എർട്ടിഗയെ അടിസ്ഥാനപ്പെടുത്തിയാണ് നിർമിച്ചതെങ്കിലും മുൻഭാഗത്തിന് സാമ്യം തീരെയില്ല. സ്പോർട്ടിയായ ഗ്രില്ലാണ്. ഡേടൈം റണ്ണിങ് ലാംപുകളെ ബന്ധിപ്പിക്കുന്നതുപോലുള്ള ക്രോം സ്ട്രിപ്പും ഗ്രില്ലിൽ നൽകിയിട്ടുണ്ട്. കറുത്ത കൺസോളിലാണ് ഫോഗ് ലാംപുകൾ, സ്പോർട്ടി ഫീൽ നൽകാൻ ബംബറുകളിൽ സിൽവർ ഫിനിഷുമുണ്ട്. എസ്‌യുവി ലുക്ക് നൽകാൻ വാഹനത്തിൽ ബ്ലാക്ക് ബോഡി ക്ലാഡിങ്ങുകളുമുണ്ട്. കറുത്ത നിറത്തിലാണ് അലോയ് വീലുകൾ. എർട്ടിഗയെക്കാൾ 50 എംഎം നീളവും 40 എംഎം വീതിയും 10 എംഎം ഉയരവും എക്സ്എൽ6ന് കൂടുതലുണ്ട്. വീൽബെയ്സ് എർട്ടിഗയുടേതു തന്നെ. വാഹനത്തിലുടനീളമുള്ള ബ്ലാക് തീം പിന്നിലുമുണ്ട്. ടെയിൽ ലാംപുകളെ ബന്ധിപ്പിച്ചുകൊണ്ട് പിയാനോ ബ്ലാക് ഫിനിഷും ക്രോം സ്ട്രിപ്പുമുണ്ട്.
∙കറുപ്പിന്റെ ഏഴഴക്: ബ്ലാക്ക് തീമിൽ തന്നെയാണ് ഇന്റീരിയർ. ഡാഷ്ബോർഡിൽ വുഡൻ ഫിനിഷും സിൽവർ ഇൻസേർട്ടുകളുമുണ്ട്. പ്രീമിയം ഫിനിഷുള്ള ഇന്റീരിയർ. വെന്റിലേറ്റഡ് കപ്പ് ഹോഡ്ഡറുകളാണ് മുന്നിൽ. എസി വെന്റുകൾ എർട്ടിഗയുടേതിനോട് സാമ്യം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയുള്ള സുസുക്കി സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഇൻഫോടൈൻമെന്റ് സിസ്റ്റം. എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് 7 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റമാണിത്. ഗിയർഷിഫ്റ്റ് ഇന്റിക്കേറ്റർ തുടങ്ങി വാഹനത്തിന്റെ വിവിധ കാര്യങ്ങൾ അറിയാൻ സാധിക്കുന്ന എംഐഡി ഡിസ്പ്ലെയാണ് മീറ്റർ കൺസോളിൽ. അടിസ്ഥാന വകഭേദങ്ങൾ തുടങ്ങി ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, ഡേറ്റം റണ്ണിങ് ലാംപ് എന്നിവയുമുണ്ട്.
∙ എക്സ്ക്ലൂസീവ് സീറ്റ്: യാത്ര സുഖം വർദ്ധിപ്പിക്കുന്നതിനായി ഒന്നാം, രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകള്‍ നൽകിയിരിക്കുന്നു. മികച്ച യാത്ര സുഖം നൽകുന്ന സീറ്റുകളാണ്. സെഗ്‌മെന്റിലെ എതിരാളികളെ സീറ്റ് കംഫർട്ടിന്റെ കാര്യത്തിൽ എക്സ്‌എൽ 6 ഞെട്ടിക്കും. മികച്ച ഹെഡ്റൂമും ലെഗ്‍റൂമുമുണ്ട്. രണ്ടാം നിര സീറ്റുകളും സ്ലൈഡ് ചെയ്യാം കൂടാതെ ആം റെസ്റ്റുകളും നൽകിയിട്ടുണ്ട്. മികച്ച യാത്ര സുഖം നൽകുന്ന പിൻ നിര സീറ്റുകളാണ്. പിൻനിരയിലെ യാത്രക്കാർക്കു വേണ്ടി റൂഫിൽ ബ്ലോവർ കൺട്രോളോടു കൂടിയ എസി വെന്റുകളുണ്ട്.
∙ ധാരാളം സ്ഥലം: ഉള്ളിലെ സ്ഥല സൗകര്യം ആരെയും ആകർഷിക്കും. മൂന്നാം നിരയിൽ വരെ സുഖമായി ഇരിക്കാം. മൂന്ന് നിരകൾ ഉപയോഗിച്ചാലും 209 ലീറ്റർ ബൂട്ട് സ്പെയ്സുണ്ട്. മൂന്നാം നിര മടക്കി വെച്ചാൽ 550 ലീറ്ററും.
∙ സ്മാർട്ട് ഹൈബ്രിഡ്: ബിഎസ് 6 നിലവാരത്തിലുള്ള കെ15ബി സ്മാർട് ഹൈബ്രിഡ് എൻജിനാണ് എക്സ്എൽ6ൽ. 77 കിലോവാട്ട് കരുത്തും 138 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, ഓട്ടമാറ്റിക്ക് വകഭേദങ്ങളിൽ വാഹനം ലഭിക്കും. 1.5 ലീറ്റർ എൻജിൻ മികച്ച ഡ്രൈവ് നൽകുന്നുണ്ട്. മികച്ച റിഫൈൻഡായ എൻജിൻ. ഹൈവേ ക്രൂസിങ്ങിനും സിറ്റി ഡ്രൈവിനും ഒരുപോലെ അനുയോജം. വേഗം മൂന്നക്കം കടന്നാലും ആത്മവിശ്വാസം നഷ്ടപ്പെടില്ല. മികച്ച സസ്പെൻഷൻ യാത്ര സുഖവും വർദ്ധിപ്പിക്കുന്നുണ്ട്.
∙ പ്രീമിയം എംപിവി: മാരുതിയുടെ ലൈനപ്പിലില്ലായിരുന്ന പ്രീമിയം എംപിവിയാണ് നെക്സവഴി വിൽപനയ്ക്കെത്തുന്ന എക്സ്എൽ6. മികച്ച യാത്ര സുഖവും സസ്പെൻഷനും മികച്ച എൻജിനുമെല്ലാം അടങ്ങിയ കംപ്ലീറ്റ് പാക്കേജ്. പ്രീമിയം എംപിവി വിപണിയിൽ എക്സ്എൽ6 പുതിയ ചരിത്രം സൃഷ്ടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
∙വില: നാലു മോഡലുകളിലാണ് എക്സ്എൽ6 വിപണിയിലുള്ളത്. അടിസ്ഥാന വകഭേദമായി സീറ്റയ്ക്ക് 9.86 ലക്ഷം രൂപയും സീറ്റ ഓട്ടമാറ്റിക്കിന് 10.97 ലക്ഷവും ആൽഫയ്ക്ക് 10.43 ലക്ഷവും ആൽഫ ഓട്ടമാറ്റിക്കിന് 11.54 ലക്ഷം രൂപയുമാണ് കൊച്ചി എക്സ്ഷോറൂം വില.