ADVERTISEMENT

ഡീസലിലോടുന്ന കാറുകളുടെ ഉത്പാദനം ഏതാണ്ട് അവസാനിച്ചു. ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടേയ്, കിയ, ഹോണ്ട... ഇവരൊക്കെയാണിപ്പോൾ ഡീസൽ മോഡലുകൾ ഇറക്കുന്നത്. മാരുതിയടക്കമുള്ള വമ്പൻമാർ ഡീസൽ അവസാനിപ്പിച്ചു. ഇനി ഉണ്ടാക്കില്ല എന്നു പരസ്യപ്രസ്താവനയുമിറക്കി. ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുമ്പോൾ ഡീസൽ കാറുകൾക്ക് 2 ലക്ഷം രൂപയോളം വില വ്യത്യാസമുണ്ടാകുമെന്നതാണ് മുഖ്യകാരണം. പെട്രോളിലോടുന്ന കാറുകളാകട്ടെ ഇന്ധനക്ഷമതയിൽ ഡീസലിനൊപ്പം നിൽക്കില്ല. ഉദാഹരണം: ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കുന്ന സെഡാനായ മാരുതി ഡിസയർ. ഡീസൽ മോഡൽ 30 കിലോമീറ്ററോളം ഇന്ധനക്ഷമത നൽകുമ്പോൾ പെട്രോൾ ഒരു ലിറ്ററിന് 20 വരെ എത്തില്ല. പെട്രോൾ വേണ്ട ഇലക്ട്രിക് നോക്കിയാലോ എന്ന ആലോചന ഒരിടത്തുമെത്തില്ല. കാരണം, ഇലക്ട്രിക് കാറുകൾ അധികമാരും ഉണ്ടാക്കുന്നില്ല, ഉള്ളവയ്ക്ക് തീ വിലയും.

ഇപ്പോഴത്തെ ഇലക്ട്രിക് താരങ്ങൾ

ടാറ്റയാണ് ഇലക്ട്രിക് വിപണിയിലെ രാജാവ്. 80 ശതമാനത്തിലധികം വിപണി പങ്കാളിത്തം. എന്നാൽ മൊത്ത വിൽപനയുടെ 2 ശതമാനം പോലുമില്ല ഇലക്ട്രിക്. 2030 ആകുമ്പോൾ 25 ശതമാനം കടന്നേക്കുമെന്ന് പഠനം. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വളർച്ചയ്ക്കു വേഗം പോരാ. സാങ്കേതികത വികസിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ, ബാറ്ററിക്കും മറ്റും വില വളരെക്കൂടുതൽ, സർക്കാരുകളുടെ സഹായക്കുറവ് എന്നിങ്ങനെ അനവധി കാരണങ്ങളാണ് ഇലക്ട്രിക് ജനപ്രീതി നേടാത്തതിനു പിന്നിൽ. ടാറ്റയ്ക്കു പുറമെ എംജി, മഹീന്ദ്ര, ഹ്യുണ്ടേയ് എന്നിവരും ഇലക്ട്രിക് വാഹനങ്ങളിറക്കുന്നുണ്ട്. എന്നാൽ വിൽപന പേരിനു മാത്രം.

സ്വപ്നങ്ങൾ നെയ്തെടുക്കാം

ഇങ്ങനെയൊക്കെയിരിക്കെയാണ് ചൈനയിൽ നിന്നൊരു സ്വപ്നസാക്ഷാത്കാരം. ബി വൈ ഡി. എന്നു വച്ചാൽ ബിൽഡ് യുവർ ഡ്രീംസ്. ഇന്ത്യയിൽ പുതുമുഖമെങ്കിലും രാജ്യാന്തരതലത്തിൽ ഏറെ പരിചിത നാമം. ബസും ട്രക്കും മുതൽ ഇലക്ട്രോണിക്സ് വരെ നിർമിക്കുന്ന കമ്പനി. ജപ്പാനിലെ പേരുകേട്ട ടൊയോട്ടയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് സാങ്കേതികത നൽകുന്ന സ്ഥാപനം. മോശക്കാരല്ല, ഇന്ത്യയിലെത്തി പുതുസ്വപ്നങ്ങൾ തീർക്കാനാണ് ബി വൈ ഡിയുടെ ശ്രമം.

byd-e6-3

കാറല്ല, എം പി വി

മൾട്ടി പർപസ് വാഹനമാണ് ഇ 6. ആറു പേർക്ക് സുഖ സവാരി. ഏറ്റവും പിന്നിൽ ഒരു നിര കൂടി ആകാമായിരുന്നെങ്കിലും ഇപ്പോളത് ലഗേജ് സ്ഥലമായി വച്ചിരിക്കുന്നു. വലുപ്പത്തിൽ ഇന്നോവയ്ക്ക് അടുത്തെത്തും ഇ 6.

റേഞ്ചാണ് കാര്യം: 520 കി മി

ഇന്ത്യയിൽ ഇന്ന് ഏറ്റവുമധികം റേഞ്ച് നൽകുന്ന ഇലക്ട്രിക് വാഹനമാണ് ഇ 6. ഒറ്റ ചാർജിങ്ങിൽ 520 കി മി. ബ്ലേഡ് ബാറ്ററി സാങ്കേതികതയാണ് ഈ മികവിനു പിന്നിൽ. കൂടുതൽ സുരക്ഷിതവുമാണ് ഈ സാങ്കേതികത. ഒരു ടാക്സിയായി ഓടിച്ചാലും പ്രായോഗികമാണ് ഇ 6. സ്റ്റാഫ് കാറായും കോർപറേറ്റ് വാഹനങ്ങളായും ഇ 6 ഉത്തമം. സ്വകാര്യ ഉപയോഗങ്ങൾക്കും പറ്റും.

byd-e6-2

എന്റെ ഹൃദയം മോട്ടറാണ്

77.7 കിലോ വാട്ട് ബാറ്ററി പാക്ക് ഇലക്ട്രിക് മോട്ടറിന് ജീവനേകുന്നു. നിശബ്ദനായ മോട്ടോർ 95 ബി എച്ച് പിക്കു തുല്യം ശക്തി തരും. കാലൊന്നു കൊടുത്താൽ മിണ്ടാതെ പായുന്ന ഇ 6. മറ്റു പല ഇലക്ട്രിക് വാഹനങ്ങളിൽ നിന്നു വ്യത്യസ്തമായി ആക്സിലറേറ്റർ കൊടുക്കുമ്പോൾ നിയന്ത്രണമില്ലാത്ത മട്ടിലുള്ള കുതിപ്പില്ല. ക്രമാനുഗതമായി ശക്തിയാർജിക്കുന്നു. ലളിതവും സുഖകരവുമായ ഡ്രൈവിങ്. ഡ്രൈവ്, റിവേഴ്സ്, പാർക്ക് എന്നിങ്ങനെ മൂന്നു മോഡുകൾ മാത്രം.

ഓരോ തുള്ളി ചാർജും...

കമ്പനി അവകാശപ്പെടുന്നത്ര മൈലേജ് ഇ 6 തരുന്നുണ്ട്. നഗര ഓട്ടത്തിൽ 520 എന്ന വാഗ്ദാനം പൂർണമായും പാലിക്കപ്പെടുന്നു. ഹൈവേകളിൽ 100 കിലോമീറ്ററിലധികം വേഗമെടുത്താൽ റേഞ്ച് തെല്ലു കുറയും. ടെസ്റ്റ്ഡ്രൈവിൽ 500 നു മുകളിൽ റേഞ്ച് ലഭിച്ചു. 60 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാർജറാണെങ്കിൽ 90 മിറ്റിൽ ഫുൾ ചാർജാകും. 40 കിലോ വാട്ട് എ സി ചാർജറിന് 2 മണിക്കൂർ വേണം ഫുൾ ചാർജിങ്ങിന്. 6.6 കെ വി എ സി സ്ലോ ചാർജറിന് 12 മണിക്കൂറിൽ പൂർണമായും ചാർജാക്കാനാവും. പതിയെയുള്ള ചാർജിങ് ബാറ്ററിയുടെആരോഗ്യവും ജീവനും ഉയർത്തും. 8 വർഷം ബാറ്ററിക്ക് പൂർണ ഗ്യാരൻറിയുണ്ട്. 

Untitled-1

ലാളിത്യം ഇ 6 ന്റെ ഭംഗി

ഉള്ളിലും പുറത്തും ലാളിത്യമാണ്. കാഴ്ചയിൽ ഒഴുക്കൻ ലൈനുകളുള്ള പ്രായോഗിക വാഹനം. മുൻ ഗ്രില്ലുകൾക്ക് ഹ്യുണ്ടേയ് കൊനയുമായി രൂപസാദൃശ്യം. വലിയ ഡോറുകൾ. കയറാനും ഇറങ്ങാനും സുഖകരം. ഉള്ളിലേക്കും ലാളിത്യംവ്യാപരിക്കുന്നു. ഭംഗിയുള്ള എന്നാൽ തെല്ലും ആർഭാടമില്ലാത്ത ഉൾവശം. നല്ല സീറ്റുകൾ. ആവശ്യത്തിന് സ്റ്റോറേജ്. വാഹനത്തെപ്പറ്റിയുള്ള വിവരങ്ങളും എന്റർടെയ്ൻമെന്റും തരുന്ന വലിയ എൽ ഇ ഡി. ഇത് ആവശ്യത്തിനനുസരിച്ച് ടിൽറ്റ് ചെയ്യാം. മികച്ച സസ്പെൻഷൻ.

byd-e6-4

മുടക്കുമുതൽ അധികം, ദിനച്ചെലവ് ലളിതം

29.60 ലക്ഷം രൂപയാണ് വില. വിലക്കൂടുതലിന്റെ ന്യായീകരണം ഉപയോഗച്ചെലവ് കുറവാണ് എന്നത്. 1.50 രൂപയ്ക്ക് ഒരു കിലോമീറ്റർ ഓടുമെന്നാണ് നിർമാതാക്കളുടെ കണക്ക്. വീട്ടിലൊരു സോളാർ സംവിധാനമുണ്ടെങ്കിൽ ഉപയോഗച്ചെലവ് പൂജ്യം. 8 കൊല്ലം അല്ലെങ്കിൽ 5 ലക്ഷം കിലോമീറ്റർ ബാറ്ററി വാറന്റി പൂർത്തിയാകുമ്പോൾ ഇ 6 ഉടമയ്ക്ക് ലക്ഷങ്ങൾ ലാഭമാകുമെന്നാണ് കണക്ക്. അറ്റകുറ്റപ്പണി കാര്യമായില്ലാത്തതും സർവീസ് ചെലവ് ഏതാണ്ട് പൂജ്യമാണെന്നതും ഈ കണക്കിനെ സാധൂകരിക്കുന്നു. റോഡ് നികുതിയും സബ്സിഡിയുമുള്ളതിനാൽ 31 ലക്ഷത്തിന് വാഹനം റോഡിലിറങ്ങും. സമാന സൗകര്യങ്ങളുള്ള ഓട്ടമാറ്റിക്  എംപിവിയാണ് പകരം വാങ്ങുന്നതെങ്കിൽ 32 ലക്ഷം ഓൺറോഡ് വിലയാകും. 10 കിലോമീറ്റർ ഇന്ധനക്ഷമത വച്ചു നോക്കിയാൽ 5 ലക്ഷം കിലോമീറ്റർ താണ്ടാൻ എത്ര ഡീസൽ വേണം? ഇപ്പോഴത്തെ വിലയ്ക്ക് 46 ലക്ഷം. ഒരു സർവീസിന് 10000 രൂപ വച്ച് എത്ര 10000 കീ.മി സർവീസ് വേണം? 50 സർവീസ്, 5 ലക്ഷം രൂപ. കൂട്ടിക്കോളൂ, കണക്കുകൾ ഇ 6ന് അനുകൂലമല്ലേ?

 

ടെസ്റ്റ് ഡ്രൈവ്: ഇ വി എം 7511130303

 

English Summary: BYD E6 Test Drive Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com