ADVERTISEMENT

മഹീന്ദ്രയുടെ പുതിയ താർ. താർ മരൂഭൂമി പോലെ വിശാലമായി, ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വിധത്തിൽ, വിശാലമായങ്ങനെ കിടക്കുന്നു. എന്താണിത്? അമേരിക്കൻ ജീപ്പിന്റെ കോപ്പിയടിയല്ലേ? ജീപ്പ് സഹാറയ്ക്കു പകരം മഹീന്ദ്ര താർ? അങ്ങനെ പറഞ്ഞു തള്ളുന്നവരുണ്ട്. അവർക്കുള്ളതാണ് ഈ കുറിപ്പ്.

willys-jeep
Willys MB

കെ എസ് ഇ ബി, പൊലീസ്, പട്ടാളം...

ജീപ്പ് കേരളത്തിൽ ആദ്യം കെണ്ടുവന്നത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡല്ലെങ്കിലും ആദ്യമായി പൊതുജനത്തെ പരിചയപ്പെടുത്തിയത് അവരാണ്. ഇടതു കയ്യൻ ജീപ്പ്. ബേബി ഗ്രീൻ നിറം. കടുംനീല പൊലീസിനും കടും പച്ച പട്ടാളത്തിനും മാത്രമുള്ള കാലം. ഇളം നീലയും ക്രീമും മറ്റു സിവിലിയൻ നിറങ്ങൾ. ഹരികെയ്ൻ പെട്രോൾ എൻജിൻ. യഥാർത്ഥ നാലുവീൽ ഡ്രൈവ്... കാളവണ്ടിയുടെ കാലത്ത് ചിന്തിക്കാനാവാത്ത സാങ്കേതികമികവ്. കാനഡയുമായി ചേർന്നു നടപ്പിലാക്കിയ അണക്കെട്ടു നിർമാണ പദ്ധതികൾക്കായി എത്തിയ ജീപ്പുകൾ പിന്നീട് കെഎസ്ഇബി കോംപൗണ്ടു വിട്ടു പുറത്തിറങ്ങി. നാട്ടു വാഹനങ്ങളുമായി ഇട കലർന്നു രമിച്ചു. പല രൂപത്തിൽ ഇറങ്ങി. പല എൻജിനുകളിൽ ചലിച്ചു. എങ്കിലും ഏതു മലയാളിക്കും ജീപ്പ് കണ്ടാൽ ഇന്നും തിരിച്ചറിയാം. കുന്നും മലയും നിറഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതി മടിയില്ലാതെ ഏറ്റെടുത്ത വാഹനം...

mahindra-thar-7
Mahindra Thar

നമ്മുടേതല്ലേ ജീപ്പ്

കൃത്യം കണക്കൊന്നുമല്ല. എങ്കിലും 10 താർ ബുക്ക് ചെയ്തതിൽ മൂന്നും കേരളത്തിൽ നിന്നാണ്. അത്രയും ചങ്കിലേറിയ വാഹനം. ഇന്നു താറുമായി ചെറിയൊരു യാത്ര പുറപ്പെട്ടപ്പോൾ മനസ്സിലായി ജീപ്പ് നമ്മുടേതു തന്നെ. കാറിലും ൈബക്കിലും ഒാവർടേക്ക് ചെയ്ത് തംസ് അപ് അടിച്ചവർ അസംഖ്യം. വൈകിയെങ്കിലും എല്ലാവർക്കും തിരിച്ചൊരു തംസ് അപ്...

mahindra-thar-1
Mahindra Thar

എന്താണ് ജീപ്പ് 

അറിയാത്തവർക്കായി. ജനറൽ പർപസ് വെഹിക്കിൾ അഥവ ജിപി. അമേരിക്കയിൽ രൂപകൽപന ചെയ്ത് ഉണ്ടാക്കിയപ്പോൾ ഒരിക്കലും നടക്കരുതേ എന്നു കരുതിയിരുന്ന ഒരു ആവശ്യമായിരുന്നു കാരണം. പക്ഷേ അതു സംഭവിച്ചു; യുദ്ധം. രണ്ടാം ലോകയുദ്ധത്തിന്റെ അനന്തരഫലമാണ് ജീപ്പ്. ടാങ്കിനും മറ്റു കവചിത വാഹനങ്ങൾക്കും പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിൽ ചെറുതെങ്കിലും വലിയ കാര്യങ്ങൾ ചെയ്യാൻ പറ്റിയ ഒരു വാഹനം വേണ്ടി വന്നു. മൂന്നു കമ്പനികൾക്കു കരാർ നൽകി, വില്ലീസ്, ഫോഡ്, ബാൻറം. എന്നാൽ ഇതിലൊരു കമ്പനിക്കും സ്വന്തമായി ജീപ്പിന്റെ രൂപകൽപന അവകാശപ്പെടാനാവില്ല. എല്ലാവരുടേയും പങ്കുണ്ട്. വില്ലീസ് ഒാവർ ലാൻഡിന്റെ എം ബി ജീപ്പും ഫോഡിന്റെ ജി പി ഡബ്ള്യുവും ബാൻറം ജീപ്പും സംയുക്തമായി ഏഴു ലക്ഷത്തോളം ജീപ്പുകളുണ്ടാക്കി.

mahindra-thar-2
Mahindra Thar

വില്ലീസിന്റെ പ്രസക്തി

1910 മുതൽ കുറെക്കാലം വില്ലീസ് ഒാവർലാൻഡ് ഫോഡിനു തൊട്ടു പിന്നിൽ അമേരിക്കയിലെ രണ്ടാമത് വാഹന നിർമാതാക്കളായിരുന്നു. 1938 വരെ പല മോഡലുകളിലൂടെ ജയപരാജയങ്ങളുമായി വില്ലീസ് നീങ്ങവെയാണ് രക്ഷകനായി ജീപ്പ് എത്തിയത്. അമേരിക്കയിലെ വാർ ഡിപാർട്മെൻറ് ജീപ്പ് നിർമിക്കാനുള്ള കരാർ ഫോഡ്, അമേരിക്കൻ ബാൻറം എന്നീ സ്ഥാപനങ്ങൾക്കൊപ്പം വില്ലീസും നേടി. 1941 ൽ വില്ലീസ് ജീപ്പുകൾ നിർമിച്ചു തുടങ്ങി. 1943 മുതൽ ജീപ്പ് ബ്രാൻഡിനായി വില്ലീസ് ശ്രമിച്ചെങ്കിലും ബാൻറമാണത് സ്വന്തമാക്കിയത്. 1950 ൽ ബാൻറം പ്രവർത്തനമവസാനിപ്പിച്ചതോടെ ജീപ്പ് ബ്രാൻഡ് വില്ലീസിനു സ്വന്തമായി. എം ബി മിലിറ്ററി ജീപ്പുകള്‍ സി ജെ എന്ന പേരിൽ സിവിലിയൻ വിപണിയിലെത്തി.

Mahindra Thar
Mahindra Thar

വീണ്ടും വില്ലീസ്

യുദ്ധശേഷം സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ട വില്ലീസിനെ ൈകസർ, അമേരിക്കൻ മോട്ടോർ കോർപറേഷൻ, റെനോ തുടങ്ങിയ ഉടമകൾക്കു ശേഷം 1987 ൽ ൈക്രസ്‍ലർ വാങ്ങി. അങ്ങനെ സാങ്കേതികമായി ജീപ്പ് ക്രൈസ്‌ലിനു സ്വന്തമായി. എന്നാൽ അതിനും ദശകങ്ങൾ മുൻപേ 1940 കളിൽ മഹീന്ദ്ര ഇന്ത്യയിൽ വില്ലീസ് ജീപ്പു വിൽക്കാനും പിന്നീട് നിർമിക്കാനും തുടങ്ങിയിരുന്നു. ൈക്രസ‌്‌ലർ റാങ്‌ഗ്ലറും ചെറോക്കിയുമൊക്കെയായി വളർന്നപ്പോൾ ഇവിടെ അർമാഡയും മാർഷലും ബൊലേറോയുമെക്കെയായി മഹീന്ദ്ര ജീപ്പുകളും പന്തലിച്ചു. ജീപ്പ് എന്ന ൈപതൃകം അമേരിക്കയില്‍ മാത്രമല്ല ഇന്ത്യയിലും ലോകത്തിന്റെ മറ്റു പലഭാഗങ്ങളെക്കാൾ ശക്തമായി, സമാന്തരമായി വളർന്നു എന്നു സാരം.

mahindra-thar-8
Mahindra Thar

അനുകരണമല്ല, തുടർച്ച

ജീപ്പ് റാങ്‌ഗ്ലറിന്റെ അനുകരണമാണ് പുതിയ താർ എന്നുള്ള ആരോപണത്തിനു മറുപടി ഇതു തന്നെ. ലോക പ്രശസ്തമായ ഒരു വാഹനത്തിന് അമേരിക്കയിൽ ഉണ്ടായതു പോലെ ഇന്ത്യയിലുണ്ടായ പരിണാമമാണ് താർ. ജീപ് സി ജെയുടെ സ്വാഭാവിക വളർച്ചയായി ഇതിനെ കണ്ടാൽ മതി. പുതിയ താറിനെ കാഴ്ചയിൽ റാങ്‌ഗ്ലറിൽ നിന്നു മാറ്റി നിർത്തുന്നത് ഗ്രിൽ രൂപകൽപന മാത്രം. പഴയ താർ അമേരിക്കയിൽ റോക്സറ്ററായി ഇറക്കിയപ്പോൾ നേരിട്ട തിരിച്ചടിയാവണം ഈ രൂപ മാറ്റത്തിനു കാരണം. കോപ്പിയാണെന്നു പറഞ്ഞ് ക്രൈസ്‌ലർ കൊടുത്ത കേസിൽ ഗ്രിൽ മാറ്റണമെന്നു വിധി വന്നിരുന്നു. ഇന്ത്യയിലിതു ബാധകമല്ലെങ്കിലും മഹീന്ദ്ര ജീപ്പ് ഗ്രിൽ ഒഴിവാക്കി.

വലുപ്പം, ഗാംഭീര്യം, സുഖലോലുപത

വലുപ്പമാണ് പുതിയ താറിന്റെ മുഖമുദ്ര. 18 ഇഞ്ച് വീലുകളിൽ ഉയർന്നു നിൽക്കുന്നു. ബോണറ്റും അതുറപ്പിക്കുന്ന ഹിഞ്ചുകളും ലോക്കുകളും ആന്റിനയുമൊക്കെ റാങ്‌ഗ്ലറിനു സമാനം. സോഫ്റ്റ് ടോപ്, കൺവേർട്ടബിൾ സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് ഒാപ്ഷനുകൾ. ഫുട്ബോർഡിൽ കയറിയേ ഉള്ളിലേക്കു കടക്കാനാവൂ. മുന്‍ സീറ്റ് മറിച്ചിട്ടേ പിന്നിലേക്ക് കടക്കാനാവൂ. പിന്നിലെ ഡോർ വശത്തേക്കും ഗ്ലാസ് മുകളിലേക്കും ഉയർത്തിയാലേ ഡിക്കി പൂർണമായി തുറക്കൂ. പിന്നിൽ പരസ്പരം നോക്കുന്ന ബെഞ്ച് സീറ്റുകളും രണ്ടു പേർക്ക് സുഖമായി ഇരിക്കാവുന്ന സീറ്റുകളുമുണ്ട്. പ്രതീക്ഷയ്ക്കു വിപരീതമായി പിന്നിലെ യാത്ര സുഖകരം. ലെഗ് റൂം ധാരാളം. കയറിപ്പറ്റാനുള്ള ബുദ്ധിമുട്ടേയുള്ളൂ. ബോഡി ഹഗിങ് മുൻ സീറ്റുകളും സ്റ്റീയറിങ് പൊസിഷനും ഏത് എസ്‌യുവിയോടും കിട പിടിക്കും. ആധുനികമെങ്കിലും മിനിമലിസ്റ്റ് ഡാഷ് ബോർഡ്. സീരിയൽ നമ്പർ പ്ലേറ്റ് ഡാഷിൽ ഉറപ്പിച്ചിരിക്കുന്നത് പാരമ്പര്യം നിലനിർത്തുന്നു. പുഷ് ബട്ടൻ സ്റ്റാർട്ടില്ല. പെട്രോള്‍ നിറയ്ക്കാൻ കീ ഊരിയെത്ത് ടാങ്ക് ലിഡ് തുറക്കണം. പിന്നെയും പാരമ്പര്യത്തിന്റെ തുടർച്ച.

ഡ്രൈവിങ് സുഖം, ഒാഫ് റോഡിങ് കരുത്ത്

എല്ലാ മോഡലും നാലു വീൽ ഡ്രൈവാണ്. ഡീസൽ മാനുവൽ മോഡലാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത്. ഒാഫ് റോഡിങ് നടത്തിയില്ല. വിശദമായ ഒാഫ് റോഡിങ് റിപ്പോർട്ട് പിന്നീട്. കമാൻഡിങ് പൊസിഷനിലുള്ള സീറ്റിങ്. സുഖകരമായ ഗിയർ ഷിഫ്റ്റ്. ശബ്ദവും വിറയലും ഇല്ലേയില്ല. കാറുകളെ വെല്ലുന്ന കുതിപ്പ്. തെല്ലും ടർബോ ലാഗില്ലാത്ത സുഖകരമായ പിക്കപ്പ്. സ്വന്തമാക്കാൻ കൊതിച്ചു പോകും. സാങ്കേതിക വിവരണം ഇതാ: 2.2 ലീറ്റർ എംഹോക്ക് 130 ഡീസൽ. 130 ബിഎച്ച്പി, 300 എൻഎം ടോർക്ക്. 6 സ്പീഡ് മാനുവൽ ഗിയർബോക്സ്. 2 ലീറ്റർ എം സ്റ്റാലിയോൺ 150 ടിജിഡിഐ പെട്രോൾ. 150 പിഎസ്,  300 എൻഎം ടോർക്ക്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനുകളുണ്ട്. 3985 എംഎം നീളം 1820, 1855 എംഎം വീതി 1844, 1920 എംഎം ഉയരം. 2450 എംഎം വീൽബെയ്സ്. ഗ്രൗണ്ട് ക്ലിയറൻസ് 219 എംഎം,  226 എം എം. 41.2 ഡിഗ്രി, 41.8 ഡിഗ്രി അപ്രോച്ച് ആംഗിളും, 36 ഡിഗ്രി, 36.8 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും 26.2 ഡിഗ്രി, 27 ഡിഗ്രി റാപ്ഓവർ ആംഗിളുമുണ്ട്. 650 എംഎം വരെ വെള്ളത്തിലൂടെ സഞ്ചരിക്കാനും സാധിക്കും. സ്റ്റോക് കാറിൽത്തന്നെ അത്യാവശ്യം ഒാഫ് റോഡിങ് ആകാം എന്നർത്ഥം.

താർ വാങ്ങാൻ 10 കാരണങ്ങൾ

ഒന്ന്: കൂടുതൽ ഒാഫ് റോഡിങ് ശേഷിയുള്ള മൂന്നാം തലമുറ ഷാസി. ലോകയുദ്ധകാലത്തെ ജനറൽ പർപസ് വാഹനമായ ജീപ്പിൽ നിന്നു പൂർണമായി കരകയറൽ. രണ്ട്: കാലികമായ ഇൻഡിപെൻ‍ഡൻറ് സസ്പെൻഷൻ. ലീഫ് സ്പ്രിങ് വിടവാങ്ങി. മൂന്ന്: മികച്ച പെട്രോൾ, ഡീസൽ എന്‍ജിനുകൾ. പെട്രോൾ എം സ്റ്റാലിയൻ 150 പ്രത്യേക പരാമർശമർഹിക്കുന്നു. നാല്: കാറിനു സമാനമായ ഉൾവശം. പിൻസീറ്റുകൾ പോരെന്നു പറയാമെങ്കിലും യാത്രാസുഖം പിന്നിൽ തെല്ലും കുറവില്ല. റെട്രോ രൂപം നിലനിർത്തിക്കൊണ്ട് ടച്സ്ക്രീനും കണക്ടിവിറ്റിയുമടക്കം കാലികമായ മാറ്റങ്ങൾ വന്നു. അഞ്ച്: സുരക്ഷ. പഴയ വാഹനം അമേരിക്കയടക്കമുള്ള വിദേശവിപണികളിൽ റോഡ് കാറായി ഇറക്കാനായിരുന്നില്ല. പുതിയ താറിന് െെധര്യമായി റോഡിലിറങ്ങാം. ബിൽറ്റ് ഇൻ റോൾ കേജ്, എ ബി എസ് , എയർബാഗ് അടക്കം ആക്ടീവ്, പാസീവ് സുരക്ഷകൾ. ഇനി യൂറോപ്പിലും മറ്റുമുള്ള നിബന്ധനകൾ ടെസ്റ്റു ചെയ്യേണ്ടിവരുമെങ്കിലും പഴയ മോഡലിനെക്കാൾ കാതങ്ങൾ മുന്നിലാണ്. ആറ്: ഒാട്ടമാറ്റിക് ഗീയർബോക്സ്. ഏഴ്: ആധുനിക ഒാഫ് റോഡിങ് സൗകര്യങ്ങൾ. എട്ട്: മികച്ച യാത്രാസുഖം. മുൻ നിര സീറ്റുകളിലെ യാത്ര കാറുകളുടേതിനു സമം. ഒൻപത്: കടം കൊണ്ടതാണെങ്കിലും രൂപഭംഗി. സ്വന്തമാക്കാൻ മോഹിപ്പിക്കുന്ന രൂപം. പത്ത്: വില 10 ലക്ഷത്തിലും താഴെ തുടങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com