ADVERTISEMENT

ഗ്ലോസ്റ്റർ വെറുമൊരു എസ്‌യുവിയല്ല, ചരിത്രമാണ്. രൂപഭംഗിയും വലുപ്പവും സൗകര്യങ്ങളും കണക്ടിവിറ്റിയുമല്ല കാര്യം. ഇന്ത്യയിലെ ആദ്യ ലെവൽ വൺ ഓട്ടൊണമസ് എസ്‌യുവിയാണ് ഗ്ലോസ്റ്റർ. ഓട്ടോപാർക്കിങ്ങും ലൈൻ ചേഞ്ചിങ് സൗകര്യങ്ങളുമല്ല ഗ്ലോസ്റ്ററിനെ വ്യത്യസ്തമാക്കുന്നത്. ഇതൊക്കെ ഇന്നിറങ്ങുന്ന പല വാഹനങ്ങളിലുമുണ്ട്. മുന്നിലുള്ള വാഹനത്തെ ഇടിക്കാതെ കാക്കാനും വേണമെങ്കിൽ അടിയന്തര ബ്രേക്കിങ് പ്രയോഗിക്കാനും ഗ്ലോസ്റ്ററിനാകും. അതാണ് ലെവൽ വൺ. സത്യത്തിൽ ഈ വാഹനം പൂർണ ഓട്ടൊണമസായി ഡ്രൈവറില്ലാതെ ഓടിക്കാനാവും. ഇന്ത്യയിൽ ഇപ്പോൾ കൊണ്ടുവരുന്നില്ല എന്നേയുള്ളൂ.

mg-gloster-11
MG Gloster

ചൈനയല്ല, ആഗോളം

എംജി മോട്ടർ ചൈനീസ് കമ്പനിയാണെന്ന് ആരോപിക്കുന്നവരോട്.... അങ്ങനെയെങ്കിൽ ആപ്പിളും ഫോക്സ്‌വാഗനും ബിഎംഡബ്ല്യുവും മെഴ്സിഡീസ് ബെന്‍സും മറ്റു പ്രസിദ്ധമായ ആഗോള ബ്രാന്‍ഡുകളും ചൈനീസാണെന്നു പറയേണ്ടിവരും. കാരണം ഈ ബ്രാൻഡുകള്‍ പലതും നിർമിക്കുന്നതു ചൈനയിലാണ്, ചൈനീസ് മുതൽ മുടക്കും ഇവയിൽ പലതിലുമുണ്ട്. അതുകൊണ്ട് ചൈനീസ് ആരോപണം ഇപ്പോഴത്തെ ചൈനീസ് വിരുദ്ധ നിലപാടുകളിൽനിന്നു പ്രയോജനം നേടാനുള്ള പ്രതിപക്ഷ തന്ത്രം മാത്രമാണ്.

mg-gloster-3
MG Gloster

ചൈനയെ സഹകരിച്ചു തോൽപിക്കാവുന്നതേയുള്ളൂ

ഒരു തവണയെങ്കിലും ചൈന സന്ദർശിച്ചാൽ ആ രാജ്യത്തോടു നമുക്കുള്ള കാഴ്ചപ്പാടുകൾ തിരുത്തപ്പെടും. വികസിത രാജ്യങ്ങളെ വെല്ലുന്ന സാമ്പത്തിക ശക്തി. നിർമാണ മേഖലയിൽ അവർക്കൊപ്പം എത്തണമെങ്കിൽ ഇന്ത്യയല്ല, അമേരിക്ക പോലും കാതങ്ങൾ ഇനിയും ഓടണം. ചൈനയോട് വഴക്കടിച്ചു ജയിക്കുന്നതാണോ സഹകരിച്ചു തോൽപ്പിക്കുന്നതാണോ യുക്തി എന്നു വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിൽ യുദ്ധം ചെയ്തു കഷ്ടപ്പെടുന്നതിനു പകരം വികസന മുന്നേറ്റത്തിൽ പിണിയാളായി ചൈനയെ കൂട്ടത്തിൽ നിർത്താം.

mg-gloster-2
MG Gloster

എംജി മോട്ടർ

ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രിട്ടിഷ് കമ്പനിയാണ്. 1920 മുതൽ മോറിസ് ഗാരീജസ് എന്ന പേരിൽ ബ്രിട്ടിഷ് റേസിങ് പാരമ്പര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. 1930 തൊട്ട് റേസിങ്ങിലെ ബ്രിട്ടിഷ് സാന്നിധ്യം. ഉടമസ്ഥാവകാശം പലതവണ മാറി വന്നു. ഓസ്റ്റിൻ, ബിഎംസി, ബ്രിട്ടിഷ് ലെയ്‌ലൻഡ്, റോവർ ഗ്രൂപ്പ് തുടങ്ങി പലരും ഉടമകളായെങ്കിലും റേസിങ് ശക്തി ചോരാതെ നിലനിർത്തി. 2005 ൽ സാമ്പത്തികമായി തകർന്ന എംജി റോവർ ചൈനയിലെ നാൻജിങ് മോട്ടഴ്സിന്റെ ഉടമസ്ഥതയിലായി. പിന്നീട് ചൈനയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ സായ്ക് മോട്ടർ കോർപറേഷന്റെ ഭാഗം.

mg-gloster
MG Gloster

എംജി വീണ്ടും ചലിക്കുന്നു

16 കൊല്ലത്തെ ഇടവേളയ്ക്കു ശേഷം 2011ൽ ബ്രിട്ടിഷ് നിരത്തുകളിൽ വീണ്ടും എംജി ചലിച്ചു തുടങ്ങി. എംജി 6 എന്ന ചെറു സെഡാൻ. രൂപകൽപനയടക്കമുള്ള കാര്യങ്ങൾ ബ്രിട്ടനിലും നിർമാണം ചൈനയിലും. എംജി ബ്രിട്ടിഷ് കമ്പനിയായിത്തന്നെ തുടർന്നു. ജാഗ്വാർ ലാൻഡ് റോവർ ടാറ്റയുടെ ഉടമസ്ഥതയിൽ ബ്രിട്ടിഷ് കമ്പനിയായി നിലനിൽക്കുന്നതു പോലെ. വ്യത്യാസം ടാറ്റ ഇന്ത്യയെ നിർമാണ കേന്ദ്രമാക്കിയില്ല, എംജി ചൈനയിൽ മാത്രം ഉത്പാദനം ഒതുക്കി. കാരണം എല്ലാവർക്കുമറിയാവുന്നതു തന്നെ. വില താഴ്ത്തിപ്പിടിക്കുക. എല്ലാ ആഗോള നിർമാതാക്കളും പിന്തുടരുന്ന വിജയഫോർമുല എംജിയും തുടരുന്നു.

mg-gloster-12
MG Gloster

എംജി ഇന്ത്യയിലും ചലിക്കാൻ തുടങ്ങി

എംജി ഹെക്ടർ. ഹെക്ടർ പ്ലസ്, സിഎസ് ഇലക്ട്രിക് എന്നിവയ്ക്കു പിൻമുറയായി ഗ്ലോസ്റ്റർ വരുമ്പോൾ ഈ നിരയിലെ ഏറ്റവും വലിയ എസ്‌യു‌വിയാണിത്. വലുപ്പവും മികച്ച ഡ്രൈവബിലിറ്റിയും സുഖസൗകര്യങ്ങളും മാത്രമല്ല ഗ്ലോസ്റ്റർ. റോഡിൽ ലൈൻ മാറിയാലും ഡ്രൈവർ കാണാത്ത കാഴ്ചത്തടസ്സങ്ങൾ മാറ്റിക്കൊടുക്കുന്നതിലും മുന്നിലും പിന്നിലും ഉള്ള വാഹനങ്ങൾക്കു മേൽ ഒരു കണ്ണു വച്ച് അറിയിക്കുന്നതിലും സംഭവം പിടിവിട്ടു പോകുമെന്ന് ഉറപ്പാകുമ്പോൾ ബ്രേക്ക് ചെയ്യുന്നതിലും എത്ര ദുഷ്കരമായ പാർക്കിങ് സ്ലോട്ടിലും അനായാസം പാർക്കു ചെയ്യിക്കുന്നതിലും എന്നു വേണ്ട എല്ലാക്കാര്യത്തിലും ഒപ്പം നിൽക്കുന്ന വണ്ടി. നമുക്കൊപ്പം ഗ്ലോസ്റ്ററും ഡ്രൈവ് ചെയ്യുകയാണ്.

MG Gloster Exterior

ഇന്റർനെറ്റ് ഇൻസൈഡ്

വെണ്ടയ്ക്ക വലുപ്പത്തിൽ പുറത്ത് എഴുതി വച്ചതു കണ്ടാൽ പണ്ട് അംബാസഡറിനു പിറകിൽ എസി, നോ ഹാൻഡ് സിഗ്നൽ, പവർ ബ്രേക്ക്, പവർ സ്റ്റീയറിങ് എന്നൊക്കെ എഴുതിയിരുന്നതുപോലെ ഒരു തറവേലയാണെന്നു തോന്നും. എന്നാൽ ഗ്ലോസ്റ്ററിന് ഉള്ളിൽക്കയറി സൗകര്യങ്ങൾ ഒരിക്കൽ രുചിച്ചാൽ ഇതൊക്കെ മറക്കും. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പോകാനുള്ള മാർഗം മാത്രമല്ല മൊബൈൽഫോണും കംപ്യൂട്ടറുമൊക്കെക്കൂടിയാണ് ഗ്ലോസ്റ്റർ. ആപ്പിളും ആൻഡ്രോയിഡും വിൻഡോസും നൽകുന്ന എല്ലാ സൗകര്യവും ഈ വാഹനത്തിലുമുണ്ട്. സാധാരണ കാറുകളിലുള്ള മാപ്പും മ്യൂസിക്കും മാത്രമല്ല, എല്ലാം. ചുരുക്കിയെഴുതിയാൽ, ഇന്റർനെറ്റ് ശരിക്കും ഉള്ളിലുണ്ട്, പൂർണമായും അനുഭവിക്കാം.

14MG-GLOSTER-pic-8
MG Gloster

വലുപ്പമായി ഉള്ളിലെ സുഖസൗകര്യം

ഗ്ലോസ്റ്ററിൽ വലുപ്പം സൗന്ദര്യമായി പരിണമിക്കുന്നു. എവിടെ കിടന്നാലും ആരും ഒന്നു നോക്കിപ്പോകുന്ന വന്യസൗന്ദര്യം. എതിരാളികളായ എൻഡവറും ഫോർച്യൂണറും തെല്ലു പതറിപ്പോകും. അസാധാരണമായ വലുപ്പം ഉള്ളിൽ മൂന്നു നിര സീറ്റുകളിലും ആവശ്യത്തിലധികം സ്ഥലസൗകര്യമായി മാറിയിട്ടുണ്ട്. 12 രീതിയിൽ വരെ ക്രമീകരിക്കാവുന്ന സീറ്റുകളിൽ തുടങ്ങി ഒരോത്തർക്കും എസി വെന്റുകൾ മുതൽ എല്ലാ വിധത്തിലും ബിസിനസ് ക്ലാസ് വിമാനയാത്രയെ പിന്നിലാക്കുന്ന സൗകര്യങ്ങൾ. ഡ്രൈവറുടെയും യാത്രക്കാരുടെയും സുഖസൗകര്യത്തിന് എംജി ഒരു വീഴ്ചയും വരുത്തുന്നില്ല.

MG Gloster Interior

ഡ്രൈവിങ്ങിൽ എംജി സ്പോർട്ടിങ് പാരമ്പര്യം 

പൊതുവേ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വലുപ്പവും രൂപവും ഡ്രൈവർ സീറ്റിൽകയറിയിരുന്ന് എൻജിനു ജീവൻ കൊടുക്കുമ്പോൾ ഇല്ലാതാകുന്നു. ചെറിയൊരു കാർ കൈകാര്യം ചെയ്യുന്ന അനായാസത. എട്ടു സ്പീഡ് ഓട്ടമാറ്റിക്കിന്റെ സൗകര്യം. നാലു വീൽ ഡ്രൈവിന്റെ ആത്മവിശ്വാസം. നാലു ഡിസ്ക് ബ്രേക്കുകളും അനന്തമായ സുരക്ഷാസൗകര്യങ്ങളും നൽകുന്ന ധൈര്യം. ഡ്യുവൽ ടർബോ എൻജിന്റെ 218 പി എസ് കരുത്ത് 40 ടൺ ഭാരം വഹിക്കുന്ന ലോറികളെപ്പോലും പിന്നിലാക്കാൻ പോന്നത്. 480 എൻഎം എന്ന ഉയർന്ന ടോർക്ക്. കാലൊന്നു കൊടുത്താൽ പായാൻ തയാറായി നിൽക്കുന്ന എംജി മോട്ടർ സ്പോർട്ടിങ് പാരമ്പര്യം. ഡീസൽ 1996 സിസി എൻജിൻ നിശബ്ദനായ കർമയോഗി.

MG Gloster Walkaround

വില

നാലു വകഭേദങ്ങളിലായി ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനിൽ ലഭിക്കുന്ന കാറിന് 28.98 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. അടിസ്ഥാന വകഭേദമായ സൂപ്പർ (7 സീറ്റിന്) 28.98 ലക്ഷം രൂപയും സ്മാർട്ട് (6 സീറ്റിന്) 30.98 ലക്ഷം രൂപയും ഷാർക്ക് (7 സീറ്റിന്) 33.68 ലക്ഷം രൂപയും ഷാർപ്പ് (6 സീറ്റിന്) 33.98 ലക്ഷം രൂപയും സേവി (6 സീറ്റിന്) 35.38 ലക്ഷം രൂപയുമാണ് വില. 

mg-gloster-6
MG Gloster

സാങ്കേതിക വിവരങ്ങൾ

ഡ്യുവൽ പാനൽ സൺറൂഫ്, ഓട്ടണമസ് പാർക്കിങ് അസിസ്റ്റ്,  ഇലക്ട്രോണിക് ഗിയർഷിഫ്റ്റ് വിത്ത് ഓട്ടോ പാർക്ക്, ഏഴു മോഡുകളുള്ള ഫോർ വീൽ ഡ്രൈവ് സിസ്റ്റം, വിവിധ തരത്തിലുള്ള ഡ്രൈവ് മോ‍ഡുകൾ, 4 തരത്തിലുള്ള ലംബാർ അഡ്ജെസ്റ്റുമെന്റോടു കൂടിയ 12 വേ പവർ അ‍ഡ്ജെസ്റ്റ് ഡ്രൈവർ സീറ്റ്, മസാജ്, വെന്റിലേഷൻ, ഹീറ്റിങ് സൗകര്യമുള്ള ഡ്രൈവർ സീറ്റ്, ഓട്ടമാറ്റിക് ബൂട്ട് ഡോർ, ഇന്റലിജെന്റ് സ്റ്റാർട്ട്, സ്റ്റോപ് സ്വിച്ചുകൾ എന്നിവയുണ്ട്.

mg-gloster-7
MG Gloster

കൂടാതെ ടയർ പ്രെഷർ മോണിറ്ററിങ് സിസ്റ്റം, ഓട്ടോഹോഡ് ലാംപുകൾ, ഫോളോ മീ ഹെഡ്‌ലാംപ്, റെയിൽ സെൻസറിങ് വൈപ്പറുകൾ, വയർലെസ് ചാർജിങ് തുടങ്ങിയ ഫീച്ചറുകളും.

12MG-GLOSTER-pic-8
MG Gloster

സുരക്ഷാ സംവിധാനങ്ങള്‍

സുരക്ഷയ്ക്കായി ബ്ലൈൻഡ് സ്പോട്ട് മോനിറ്റർ, ട്രാക്‌ഷൻ കൺട്രോൾ, മൂന്നു റോ സീറ്റുകൾക്കുമുള്ള കർട്ടൻ എയർബാഗുകൾ, ഫോർവേഡ് കൊളിഷൻ ഡിറ്റക്‌ഷൻ സിസ്റ്റം, ഓട്ടമാറ്റിക് എമർജെൻസ് ബ്രേക്കിങ് സിസ്റ്റം, ലൈൻ ഡിപ്പാർച്ചർ വാണിങ്, 360 ഡിഗ്രി എറൗണ്ട് ക്യാമറ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് വിത്ത് ഓട്ടോഹോൾഡ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ സിസ്റ്റം, ഓട്ടോ പാർക്കിങ്, ഹിൽഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട് ഗ്ലോസ്റ്ററിൽ.

English Summary: MG Gloster Test Drive Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com