5 ലക്ഷം രൂപയ്ക്ക് എസ്‌യുവി; ചരിത്രം സൃഷ്ടിക്കാൻ മാഗ്‌നൈറ്റ്
Mail This Article
ഇന്ത്യയിലേക്കു കണ്ണു നട്ട് ഒരു നിസ്സാൻ. മാഗ്‌നൈറ്റ് അതാണ്. യൂറോപ്പും ഏഷ്യയും അമേരിക്കയുമടക്കം ലോകത്തിന്റെ പല ഭാഗത്തും മാഗ്‌നൈറ്റ് ഇറങ്ങുമെങ്കിലും ആദ്യം ഈ കോംപാക്ട് എസ്‌യുവി ഓടിക്കാനുള്ള ഭാഗ്യം നമുക്കാണ്.
എന്തിന് ആദ്യം ഇന്ത്യ
നിസ്സാൻ ആഗോള ലൈനപ്പിലെ ഏറ്റവും ചെറിയ എസ്‌യുവി ആദ്യം ഇന്ത്യയ്ക്കു തരാനുള്ള മുഖ്യ കാരണം ഇവിടുത്തെ വിപണി തന്നെ. കുറഞ്ഞ വിലയ്ക്ക് പരമാവധി മൂല്യം എന്ന വിപണന തന്ത്രം പയറ്റിത്തെളിയാൻ ഇന്ത്യപോലെ വേറൊരു വിപണിയില്ല. കുറ്റവും കുറവും പെട്ടെന്നു കണ്ടെത്താനും ദുഷ്ടലാക്കോടെ ഉത്പന്നങ്ങളെ നാറ്റിച്ച് പുറത്താക്കാനും ഇന്ത്യക്കാരെക്കഴിഞ്ഞേ ലോകത്ത് മറ്റാരെങ്കിലുമുള്ളു. അതു കൊണ്ട് തീയിൽത്തന്നെ കുരുക്കാൻ മാഗ്‌നൈറ്റിന് നിസ്സാൻ അവസരമൊരുക്കി. ലോകത്ത് ഈ എസ്‌യുവി ഇപ്പോൾ നിർമിക്കുന്നത് ചെന്നൈയിൽ മാത്രം. ഉറപ്പായും മറ്റു രാജ്യങ്ങളിലും മാഗ്‌നൈറ്റ് ഉടനെത്തുമെന്ന് ഇന്ത്യയിലെ കനത്ത ബുക്കിങ് സൂചിപ്പിക്കുന്നു.
കാത്തിരുന്നു കാത്തിരുന്ന്...
ഇന്ത്യക്കാർ അടുത്തയിടെ ഇത്രയധികം കാത്തിരുന്ന ഒരു വാഹനമില്ല. അതു ബുക്കിങ്ങിലും പ്രകടമായി. ആദ്യ മാരും 38000 ബുക്കിങ്. അടുത്ത കാലത്തെങ്ങും മറ്റൊരു വണ്ടിക്കും കിട്ടാതിരുന്ന ജനപ്രീതി. അടുത്ത രണ്ടു കൊല്ലം പത്തിലധികം പുതിയ വാഹനങ്ങൾ കൊണ്ടു വരാനാഗ്രഹിക്കുന്ന നിസ്സാന് ഇത് നല്ല തുടക്കമാണ്.
സുന്ദരൻ
ഡാറ്റ്സനായാണ് മാഗ്‌നൈറ്റ് ഇറങ്ങാനിരുന്നതെന്ന് രൂപകൽപനയിൽ പ്രകടം. ഗ്രില്ലിന് നിസ്സാൻ രൂപകൽപനയേയല്ല. എന്നാൽ ഒട്ടും മോശവുമല്ല. നല്ല വലുപ്പം തോന്നിക്കും. എൽഇഡി ലാംപുകളും ശക്തമായ ബമ്പറുകളും ആധുനിക അലോയ് വീലുകളും മനോഹരമായ പിൻവശവും മാഗ്‌നൈറ്റിന് തലയെടുപ്പുള്ള സൗന്ദര്യമേകുന്നു. ഏറ്റവും പുതിയ നിസ്സാൻ ലോഗോ രൂപകൽപന ഇന്ത്യയിൽ ആദ്യമായി എടുത്തണിയുന്നത് മാഗ്‌നൈറ്റാണ് എന്നൊരു പുതുമയുമുണ്ട്.
ഈടും കരുത്തും
റെനോ നിസ്സാൻ സഖ്യത്തിലെ സിഎംഎഫ് എ പ്ലസ് പ്ലാറ്റ്ഫോമിലാണ് നിർമാണം. റെനോ ട്രൈബർ ഇതേ പ്ലാറ്റ്ഫോം തന്നെ. ക്വിഡ്, റെഡിഗോ എന്നിവയെക്കാൾ ആധുനികവും കരുത്തേറിയതും പുതിയതുമാണ് ഈ പ്ലാറ്റ്ഫോം. വൈകാതെ റെനോ കൈഗർ ഇതേ പ്ലാറ്റ്ഫോമിൽ ഓടിത്തുടങ്ങും. 2500 മി മി എന്ന ഉയർന്ന വീൽ ബേസാണ് മറ്റു കോംപാക്ട് എസ്‌യുവികളിൽ നിന്ന് മാഗ്‌നൈറ്റിനെ വ്യത്യസ്തമാക്കുന്നത്. ഇതു യാത്രാസുഖമായും ഉള്ളിലെ സ്ഥലസൗകര്യമായും പരിണമിക്കുന്നു. പുറമെ നോക്കുമ്പോഴുള്ള ഒതുക്കം ഉളളിലില്ലാത്തും ഈ പ്ലാറ്റ്ഫോമിന്റെ കളി തന്നെ. 205 മി മി ഗ്രൗണ്ട് ക്ലിയറൻസും കരുത്തുള്ള സസ്പെൻഷൻ സംവിധാനവും പുതിയ ആന്റി റോൾ സിസ്റ്റവുമൊക്കെച്ചേർന്ന് ഈടും കരുത്തും സുഖസൗകര്യവും നൽകുകയാണ്.
കിടിലൻ ടർബോ, ഉഗ്രൻ സി വി ടി
100 കുതിരശക്തിയുള്ള 1000 സി സി എൻജിൻ ഒരു പ്രതിഭാസമാണെന്ന് വണ്ടി എടുക്കുമ്പോഴേ പിടികിട്ടും. തീരെ പ്രതീക്ഷിക്കാത്ത വന്യമായ കുതിപ്പ്. അസാമാന്യമായ സൗമ്യത കൈവിടുന്നുമില്ല. സ്പോർട് മോഡിലേക്കുകടക്കാതെ തന്നെ എത്ര കഷ്ടപ്പെട്ട ഓവർടേക്കിങ്ങും സാധിക്കും. കൂട്ടിനെത്തിയ എക്സ് ട്രോണിക് ഗീയർബോക്സ് അതീവ സുഖകരം. ഈ ഗിയർബോക്സിനെപ്പറ്റി ഒരു കാര്യം കൂടി. സാധാരണ സിവിടി ഗിയർബോക്സല്ല ഇത്. സിവിടിക്ക് ഒപ്പം മെക്കാനിക്കൽ ടോർക്ക് കൺവർട്ടറും ചേരുന്നതിനാൽ അത്യാധുനിക ഡ്യുവൽ ക്ലച്ച് ഗിയർബോക്സിനൊപ്പം പെർഫോമൻസ് തരും. എൻജിനിയറിങ് മികവിന്റെ അന്തിമവാക്കായ നിസ്സാൻ ഒരു പൊടിക്കു പോലും വിട്ടു കൊടുക്കാനില്ലെന്നർത്ഥം.
അയത്നസുന്ദരം, അതീവ ലളിതം
ഡ്രൈവിങ് അനുഭൂതിയാക്കാൻ ആഗ്രഹിക്കുന്നവർ രണ്ടാമതൊന്ന് ആലോചിക്കാതെ ബുക്ക് ചെയ്തുകൊള്ളൂ. അടുത്ത കാലത്ത് ഓടിച്ച വാഹനങ്ങളിൽ ഏറ്റവും മികച്ച ഡ്രൈവബിലിറ്റി. തീരെ പ്രതീക്ഷിക്കാതെ ലഭിച്ച അനുഭൂതി. ഈ കുഞ്ഞൻ മൂന്നു സിലണ്ടർ എൻജിൻ എന്തു തരാനാണ് എന്ന അവജ്ഞ പെട്ടെന്നു തന്നെ ആരാധനയായി മാറി. ഏതു വലിയ എസ്‌യുവിക്കും തരാനാവുന്ന സുഖം. പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ 12.8 സെക്കൻഡ് എന്നത് ഡി സി ടി ഹ്യുണ്ടേയ് വെന്യുവിനോടും കിയ സോണറ്റിനോടും കിടപിടിക്കാവുന്നത്. അഞ്ചു സ്പീഡ് മാനുവൽ ഗിയർ ബോക്സുമുണ്ട്. 20 കി മി വരെ മൈലേജ്. ഇക്കാര്യത്തിൽ എതിരാളികൾ സുല്ലിടും.
വിട്ടുവീഴ്ചകളില്ല
യാത്രാസുഖത്തിന്റെയും ഹാൻഡിലിങ്ങിന്റെയും കാര്യത്തിൽ തെല്ലും വിട്ടു വീഴ്ചകളില്ല. സ്റ്റീയറിങ് കൃത്യതയും ബ്രേക്കിങ് ശേഷിയും ഡ്രൈവർക്ക് ആത്മവിശ്വാസമേകും. ഉയർന്ന ഇരിപ്പും സുഖകരമായ സീറ്റുകളും. നാലു പേർക്ക് അതീവ സുഖയാത്ര. 336 ലീറ്റർ ഡിക്കി ഇടം.
ഫീച്ചർ റിച്ച്
ഉന്നത നിലവാരമുള്ള പ്ലാസ്റ്റിക്കും ഘടകങ്ങളും നിസ്സാൻ ഉറപ്പാക്കുന്നു. വിപണിയിൽ പിടിച്ചു നിൽക്കാൻ എല്ലാം ഒരു പൊടിക്കു മുകളിൽ നിന്നിട്ടേ കാര്യമുള്ളൂ. എ സി വെൻറ് രൂപകൽപന കോൺകോർഡ് എൻജിനുകളെ അനുസ്മരിപ്പിക്കും. വലിയ 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ജെ ബി എൽ സ്പീക്കറുകൾ. മനോഹരവും ലളിതവുമായ ഇൻട്രമെന്റ് ക്ലസ്റ്റർ. പിൻ എസി വെന്റ്, ആം റെസ്റ്റ്. യുവത്വം തുളുമ്പുന്ന ഡബിൾ സ്റ്റിച്ച് ഡെനിം സീറ്റും ട്രിമ്മുകളും. വലിയ സെന്റർ കൺസോൾ. എയർ പ്യൂരിഫയർ. വയർലെസ് മൊബൈൽ ചാർജർ. 360 ഡിഗ്രി വ്യൂ, പാർക്കിങ് ഇനി തമാശയാക്കാം.
സുരക്ഷിതം
എബിഎസ്, ഇബിഡി, വെഹിക്കിൾ ഡൈനാമിക് കണ്‍ട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിങ്ങനെ സകലമാന സുരക്ഷാസൗകര്യങ്ങളും. ഏഷ്യൻ എൻ സി എ പി സുരക്ഷാ പരിശോധനയിൽ നാലു സ്റ്റാർ.
വില കേട്ടാൽ ഞെട്ടും
വെറും 4.99 ലക്ഷം മുതൽ 9.5 ലക്ഷം വരെ. 50000 രൂപ വില വരുന്ന ആക്സസറി പാക്കുകൾ കൂടി വാങ്ങിയാലും എതിരാളികളെ തോൽപ്പിക്കും. വെന്യു, സോണറ്റ്, നെക്സോൺ, ബ്രെസ, അർബൻ ക്രൂസർ... ഇവയൊക്കെ വാങ്ങാൻ തീരുമാനിച്ചവർ നിസ്സാൻ ഷോറൂമിൽ പോയി മാഗ്‌നൈറ്റ് തീർച്ചയായും കണ്ടിരിക്കണം.
ടെസ്റ്റ്ഡ്രൈവ്: ഇ വി എം നിസ്സാൻ– 9567046666
English Summary: Nissan Magnite Test Drive Report