സഫാരി വീണ്ടും സഫാരിയായി
Mail This Article
പഴയ സഫാരിയും പുതിയ സഫാരിയുമായുള്ള സാദൃശ്യം പേരിൽ ഒതുങ്ങും. രൂപവും ഭാവവും സാങ്കേതികതയുമൊക്കെ കടലും കടലാടിയും പോലെയത്രേ.
പഴയ സഫാരി
കാൽ നൂറ്റാണ്ടോളം ടാറ്റ വാഹനനിരയിൽ തലയുയർത്തി നിന്ന ഓഫ് റോഡർ. സിനിമാതാരങ്ങൾ മുതൽ പട്ടാള ജനറൽമാർ വരെ അഭിമാനത്തോടെ സ്വന്തമാക്കുകയും സഞ്ചരിക്കുകയും ചെയ്ത വാഹനം. 1998 ൽ ജനനം. ടാറ്റ മൊബീലിൽ തുടങ്ങി എസ്റ്റേറ്റ് വഴി പുരോഗമിച്ച ടാറ്റയുടെ കാർ മോഹങ്ങൾ പൂർത്തീകരിച്ച രണ്ടു വാഹനങ്ങളില്‍ ഒന്ന്. രണ്ടാമൻ ഇൻഡിക്ക.
പുലിയായിരുന്നു
ഇറങ്ങിയ കാലത്ത് പുലിയായിരുന്നു സഫാരി. ഇത്ര ആഡംബരമുള്ള, ഇത്ര ഓഫ് റോഡിങ് കരുത്തുള്ള മറ്റൊരു വാഹനം അന്നില്ല. ഇന്ത്യയിലെ ആദ്യത്തെ ലക്ഷണമൊത്ത എസ്‌യുവി എന്നു വിശേഷിപ്പിച്ചാൽ തെറ്റല്ല. പിൻ വീൽഡ്രൈവും ഓൾ വീൽ ഡ്രൈവും മോഡലുകൾ. എല്ലാ മോഡലിനും ഷാസിയിൽ ഉറപ്പിച്ച ബോഡി.
യൂറോപ്പിലും തിളങ്ങി
ഇന്ത്യയിൽ മാത്രമല്ല യൂറോപ്പിലും സഫാരി തരംഗമായിരുന്നു, പ്രത്യേകിച്ച് ബ്രിട്ടനിൽ. ഫ്രഞ്ച് സാങ്കേതികതയിൽ പെഷൊ എക്സ് ഡി 88 ഡീസൽ ടർബോ എൻജിനും മാനുവൽ ഗിയർബോക്സും അമേരിക്കൻ ബോർഗ് വാർണർ നാലു വീൽഡ്രൈവും കരുത്തുള്ള ഷാസിയും സസ്പെൻഷൻ സംവിധാനവും സഫാരിയെ ലോകമൊട്ടാകെ ഇൻസ്റ്റന്റ് ഹിറ്റാക്കി.
ജീപ്പ് പോലെ പട്ടാളത്തിൽ
നല്ല കരുത്തന്മാരെയേ പട്ടാളത്തിൽ എടുക്കൂ. കരുത്തും മികവും തന്നെയാണ് സഫാരിയെ പട്ടാളത്തിലെ പ്രിയ വാഹനമാക്കിയത്. മുതിർന്ന ഓഫിസർമാരുടെ ഫീൽഡ് വാഹനമായും മുന്നണിപ്പോരാളികളുടെ ബുള്ളറ്റ് പ്രൂഫ് പ്രതിരോധമായും സഫാരി വിളങ്ങി. അർധസൈനിക വിഭാഗങ്ങൾക്കും സഫാരി കരുത്തായി.
കൊടുങ്കാറ്റ് അടങ്ങുന്നില്ല
സഫാരി ഉത്പാദനം അവസാനിപ്പിക്കുമ്പോൾ സഫാരി സ്ട്രോം എന്നാണറിയപ്പെട്ടിരുന്നത്. കൂടുതൽ ആധുനികമായ ഓസ്ട്രിയൻ എവിഎൽ 2.2 ലീറ്റർ ഡൈകോർ എൻജിനും പരിഷ്കരിച്ച സസ്പെൻഷനും ഗിയർബോക്സുകളും കൂട്ടിനായി ഒരു പെട്രോൾ മോഡലും ഒക്കെ വന്നു. കുറച്ചു നാൾ കൂടി ഇറക്കാമായിരുന്നുവെങ്കിലും ഈ സ്ട്രോം ഇവിടെ അവസാനിപ്പിച്ച് പുത്തൻ കൊടുങ്കാറ്റായി പുതിയ സഫാരിയെ അവതരിപ്പിക്കാനായിരുന്നു ടാറ്റയുടെ നിയോഗം.
വീണ്ടും കൊടുങ്കാറ്റ്
പഴയതിലും വീര്യമേറിയ കൊടുങ്കാറ്റാണ് പുതിയ സഫാരി. ആധുനികൻ. വിശ്വവിഖ്യാതമായ ലാൻഡ് റോവർ പ്ലാറ്റ്ഫോം പങ്കിടുന്നവൻ. സുഖത്തിലും സൗകര്യത്തിലും ലാൻഡ് റോവറിനു സമൻ. എല്ലാത്തിലും പുറമേ ഞൊടിയിടയിൽ ജനപ്രീതി നേടിയ ഹാരിയറിന്റെ പ്ലാറ്റ്ഫോം പങ്കിടുന്നവൻ.
സാമ്യമകന്നോരു സഫാരി
മാറ്റങ്ങൾ ധാരാളം. പഴയതുപോലെ ഷാസിയിൽ ഉറപ്പിച്ച ബോഡിയല്ല. ഷാസിയും ബോഡിയും വേർതിരിച്ചെടുക്കാനാവാത്ത ആധുനിക മോണോ കോക് ബോഡി. പിൻ വീൽ ഡ്രൈവ് മുൻവീൽ ഡ്രൈവായി മാറി. നാലു വീൽ ഡ്രൈവ് ഇതുവരെയില്ല, വന്നേക്കാം. എൻജിൻ ഫിയറ്റ്, ഓട്ടമാറ്റിക് ഗിയർ ബോക്സ് ഹ്യുണ്ടേയ്. സസ്പെൻഷൻ ട്യൂൺ ചെയ്തത് ബ്രിട്ടനിലെ പ്രശസ്തരായ ലോട്ടസ്. ഹാർമൻ കാർഡൻ മ്യൂസിക് സിസ്റ്റം അടക്കമുള്ള ആഡംബരം.
ഹാരിയറല്ല, സഫാരി
ഹാരിയറിൽ നിന്നു ജനിച്ച സഫാരിക്ക് മറ്റൊരു നാമമായിരുന്നു ടാറ്റ വച്ചിരുന്നത്. ഗ്രാവിറ്റാസ്. പിന്നീടത് സഫാരി എന്നാക്കി. ഗ്രാവിറ്റാസ് നാവിനു വഴങ്ങാത്ത പേരാണെന്നതല്ല കാരണം. സഫാരി അന്യം നിന്നുപോകേണ്ട പേരല്ല എന്ന ചിന്തയാണ്. സഫാരിയുടെ ജനപ്രീതിക്കു തുടർച്ചയുമാകും. ഹാരിയറിനെക്കാൾ 63 മി.മി. നീളവും 80 മി.മി. ഉയരവുമുണ്ട്. ഒരു നിര സീറ്റ് കൂടിയെങ്കിലും വീൽബേസ് പഴയതു തന്നെ. 18 ഇഞ്ച് അലോയ്‌കളാണ് അധിക ഉയരത്തിനു മുഖ്യകാരണം. പുറം കാഴ്ചയിൽ ഒരു ഏച്ചു കെട്ടലാണ് സഫാരി എന്നു തോന്നില്ല. മനോഹരം. കുറച്ച് ക്രോമിയം കൂടുതൽ അവിടെയും ഇവിടെയും കാണാനാവും എന്നതൊഴിച്ചാൽ കാര്യമായ പുറം മാറ്റങ്ങളില്ല. പിന്നിലേക്ക് തെല്ല് ഉയരം കൂടുന്നുണ്ട്. ക്വാർട്ടർ ഗ്ലാസ് ആണ് മറ്റൊരു മാറ്റം.
മൂന്നാം നിര വന്നപ്പോൾ
വലിയ നീളക്കൂടുതലില്ലാതെ എങ്ങനെ ഒരു നിര സീറ്റിട്ടു എന്ന സംശയം ഉള്ളിൽക്കയറിപ്പോൾ തീർന്നു. രണ്ടു പേർക്ക് സുഖമായിരിക്കാവുന്ന പിൻനിര. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള മോഡലാണ് ഡ്രൈവ് ചെയ്തത്. എല്ലാ നിരയിലും ധാരാളം സ്ഥലം. ഏതു നിരയിലേക്കും അനായാസം കയറാം, ഇറങ്ങാം.
എല്ലാം ഹാരിയറിലുമുണ്ട്
ഹാരിയറിൽ അനുഭവിച്ചറിഞ്ഞ എല്ലാ സുഖസൗകര്യങ്ങളും സഫാരിയിലുമുണ്ട്. വലിയ ഡിസ്പ്ളേയുള്ള ഇൻഫോടെയ്ൻമെന്റ് സംവിധാനമടക്കം എല്ലാം ഇവിടെയും. സീറ്റുകൾ കൂടുതൽ സുഖപ്രദമെന്നു തോന്നി. രണ്ടാം നിര ക്യാപ്റ്റൻസീറ്റുകൾ അതീവ സുഖകരം. യാത്രാസുഖവും ഉയർന്നിട്ടുണ്ട്. ഏറ്റവും പിൻ നിരയിലും യുഎസ്‌ബി ചാർജറും എ സി വെന്റും അടക്കം എല്ലാ സൗകര്യങ്ങളും. 60–40 സ്പ്ലിറ്റ് സീറ്റുകൾ സ്റ്റോറേജ് സൗകര്യം കൂട്ടാൻ ഉപകരിക്കുന്നു.
ഡ്രൈവിങ് സുപരിചിതം
ഹാരിയറിൽ പരിചിതമായ അതേ ഡ്രൈവിങ് സുഖം. ഉയർന്ന സീറ്റിങ്, നല്ല കൺട്രോളുകൾ, കരുത്തൻ എൻജിൻ, മികച്ച നിയന്ത്രണം. 2 ലീറ്റർ എൻജിന് 170 എച്ച് പി. ആറു സ്പീഡ് മാനുവൽ, ഓട്ടോ ഗിയർ ബോക്സുകൾ. 75 കിലോ തൂക്കം കൂടിയിട്ടുണ്ടെങ്കിലും എൻജിന്‍ കരുത്തിൽ അതൊന്നും അനുഭവവേദ്യമാകുന്നതേയില്ല. പുത്തൻ സഫാരി കൊള്ളാം. നാലു വീൽ ഡ്രൈവ് കൂടി വരട്ടെ, പൊളിക്കാം.
വില– 14.73 ലക്ഷം മുതല്‍ 21.52 ലക്ഷം വരെ (എക്സ്ഷോറൂം കോട്ടയം)
ടെസ്റ്റ് ഡ്രൈവ്– എം കെ മോട്ടോഴ്സ് 8281151111