ADVERTISEMENT

സെൽ‍റ്റോസ്, ക്രേറ്റ, ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ, കുഷാക്, ടൈഗൂൺ, ഉടൻ വിപണിയിലെത്തുന്ന ഹോണ്ട എലിവേറ്റ്... മിഡ് സൈസ് എസ്‍യുവി വിപണിയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ നിരവധി മോഡലുകളുണ്ട്. കനത്ത മത്സരം നടക്കുന്ന വിഭാഗത്തിലേക്ക് എത്തിയ ഏറ്റവും പുതിയ മോഡലാണ് സെൽറ്റോസ് ഫെയ്സ്‌ലിഫ്റ്റ്. കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനം ഏറെ മാറ്റങ്ങളുമായി എത്തിയിരിക്കുന്നു.

കിയയുടെ മേൽവിലാസം

ഇന്ത്യക്കാർ അധികം കേൾക്കാത്തിരുന്ന കിയ എന്ന കൊറിയൻ വാഹന നിർമാതാവിന് മേൽവിലാസമുണ്ടാക്കി കൊടുത്ത എസ്‍‍യുവിയാണ് സെൽറ്റോസ്. വിപണിയിലെത്തി നാൽപത്തിയാറ് മാസങ്ങൾകൊണ്ട് 5 ലക്ഷത്തിൽ അധികം സെൽറ്റോസാണ് വിറ്റത്, ഇതേ കാലയളവിൽ കിയ ഇന്ത്യയിൽ നിർമിച്ചത് 10 ലക്ഷം കാറുകളാണ്, അതിൽ പകുതിയും സെല്‍റ്റോസായിരുന്നു എന്നത് ഈ വാഹത്തിന്റെ ‘വലുപ്പം’ കൂട്ടുന്നു.

kia-seltos-3

എസ്പി കൺസെപ്റ്റ്

കിയയുടെ ഇന്ത്യൻ സബ്സിഡറി കിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്നത് 2017 മെയ്‌യിൽ. തൊട്ടടുത്ത വർഷം നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ 16 മോഡലുകള്‍ കിയ പ്രദർശിപ്പിച്ചു. അതിൽ പ്രധാനി എസ്‍പി കണ്‍സെപ്റ്റ്. ഇന്ത്യയ്ക്ക് വേണ്ടി വികസിപ്പിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ തൊട്ടടുത്ത വർഷം പുറത്തിറങ്ങി, സെൽറ്റോസ്.

kia-seltos-4

സെൽറ്റോസിന്റെ പരിണാമം

പരിപൂർണമായ മാറ്റം സംഭവിച്ച കാറല്ല പുതിയ സെൽറ്റോസ്, പരിണാമങ്ങൾ സംഭവിച്ചിട്ടുണ്ട്. സെൽറ്റോസിന്റെ വിഖ്യാത ടൈഗർ നോസ് ഗ്രിൽ വലുതായി. ബംബറിലും ബോഡിയിലും അടക്കം മാറ്റങ്ങൾ കാണാം. നീളം 50 എംഎം വർധിച്ച് 4365 എംഎമ്മായി. ഉയരം 1645 എംഎം, വീതി 1800 എംഎം, വീൽബെയ്സ് 2610 എംഎം.

kia-seltos-8

ടെക്‌ ലൈൻ, ജിടി ലൈൻ, എക്സ്‌ ലൈൻ എന്നീ മൂന്ന് വ്യത്യസ്ത നിര, ഇതിൽ ടെക്‌ലൈനിനും വ്യത്യസ്ത ഗ്രില്ലാണ്. സ്റ്റാർ മാപ് എൽഇഡി ഡിആർഎലോടു കൂടി ക്രൗൺ ജുവൽ എൽഇഡി ഹെഡ്‌ലാംപാണ് മുന്നിൽ. ഉയർന്ന മോഡലിൽ 18 ഇ‍ഞ്ച് ക്രിസ്റ്റൽ കട്ട് ഗ്ളോസി ഫിനിഷുള്ള അലോയ് വീല്‍. മറ്റ് മോഡലുകളുകൾ 17 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലും 17 ഇഞ്ച് മാറ്റ് ഗ്രേ അലോയ് വീലും 16 ഇഞ്ച് ഹൈപ്പർ മെറ്റാലിക്ക് അലോയ് വീലുകളും 16 ഇഞ്ച് സ്റ്റീൽ വീലും. ഇൻവെർട് എൽ ആകൃതിയുള്ള ടെയിൽ ലാംപാണ്. നമ്പർ പ്ലേറ്റിനു മുകളിൽ ടെയിൽ ലാംപുകളെ കണക്റ്റ് ചെയ്ത് എൽഇഡി ലൈറ്റ് ബാറും. ഡ്യുവൽ എക്സ്ഹോസ്റ്റാണ് ജിടി ലൈനിന്. മറ്റുമോഡലുകളിൽ സിംഗിൾ എക്സ്ഹോസ്റ്റ്.

kia-seltos-6

ടെക്കി ഇന്റീരിയർ

ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം 10.25 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണുള്ളത്. അതിലൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മറ്റൊന്ന് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോള്‍, മുന്നിലെ രണ്ടു യാത്രക്കാരുടെ താൽപര്യത്തിന് അനുസരിച്ച് എസി ക്രമീകരിക്കാൻ സഹായിക്കും.

kia-seltos-7

വ്യത്യസ്ത തീമിലുള്ള ഇന്റീരിയർ തിരഞ്ഞെടുക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എക്സ്‍ലൈന് സേജ് ഗ്രീൻ ലതറേറ്റ് സീറ്റുകളുള്ള ഓൾ ബ്ലാക് ഇന്റീരിയറാണ്. ജിടി ലൈന് വൈറ്റ് ഇൻസേർട്ടുകളുള്ള ഓൾ ബ്ലാക്ക് ഇന്റീരിയർ (സീറ്റുകളിൽ ടൂബിലാർ പാറ്റേണിലുള്ള വൈറ്റ് ഇൻസേർട്ടുകൾ). ഓൾ ബ്ലാക്ക് വിത്ത് ബ്രൗൺ ഇൻസേർട്ട് (ബ്രൗൺ സീറ്റ്), ബ്ലാക്ക് ആൻഡ് ബീജ്( ബ്ലാക്ക് ആൻഡ് ബീജ് സീറ്റ്), ബ്ലാക്ക് ആൻഡ് ബീജ് (ബീജ് സീറ്റ്), പ്രീമിയം ഫാബ്രിക് വിത്ത് ഓൾ ബ്ലാക്ക് ഇന്റീരിയർ എന്നിങ്ങനെ ടെക്‌ലൈനിൽ നാലു തരത്തിലുള്ള ഇന്റീരിയർ കളർ തീമുകളുണ്ട്.

kia-seltos-12

പനോരമിക് സൺറൂഫ്, 8 ഇഞ്ച് ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, പാർക്കിങ് ബ്രേക്ക്, ബോസ് ട്യൂൺ ചെയ്ത 8-സ്പീക്കർ സിസ്റ്റം എന്നിവ ലഭിക്കുന്നു. മികച്ച യാത്രാസുഖം നൽകുന്ന സീറ്റുകളാണ്. ഡ്രൈവർ സീറ്റിന്റെ പൊസിഷൻ ഡ്രൈവിങ് സുഖകരമാക്കുന്നു. പിൻയാത്രക്കാർക്കും എസി വെന്റുകൾ നൽകിയിട്ടുണ്ട്. പിൻ സീറ്റിലെ ദൂര യാത്രയും മടുപ്പിക്കില്ല.

kia-seltos-9

എഡിഎഎസ്, ലെവൽ 2

ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റമാണ് പുതിയ സെൽറ്റോസിലെ പ്രധാന സവിശേഷത. ഡ്രൈവിങ് കൂടുതൽ സുഖകരും ടെൻഷൻ ഫ്രീയുമാക്കും പുതിയ ഫീച്ചറുകൾ. മുന്നിലൂടെ പോകുന്ന വാഹനങ്ങളുമായി കൃത്യമായ ദൂരം എപ്പോഴും പാലിക്കാൻ പറ്റുന്ന സ്മാർട്ട് ക്രൂസ് കൺട്രോൾ വിത് സ്റ്റോപ് ആൻഡ് ഗോ. ഫ്രണ്ട് കൊളീഷൻ വാണിങ് സിസ്റ്റം ആൻഡ് അവോയിഡൻസ് അസിസ്റ്റ്, ലൈൻ കീപ്പ് അസ്സിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളീഷൻ വാണിങ്, എമർജെൻസി ബ്രേക് എന്നിവ അടങ്ങിയതാണ് എഡിഎഎസ്.

kia-seltos-2

പുതിയ എൻജിൻ

പെട്രോൾ, ഡീസൽ എൻജിനുകൾ നിലനിർത്തിയിട്ടുണ്ടെങ്കിലും 1.4 ലീറ്റർ ടർബൊ പെട്രോൾ എൻജിന് പകരും 1.5 ലീറ്റർ ടർബൊ പെട്രോൾ ഇടം പിടിച്ചു. 1.5 ലീറ്റർ പെട്രോൾ എൻജിന് 115 ബിഎച്ച്പി കരുത്തും 144 എൻഎം ടോർക്കുമുണ്ട്. ആറു സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സുകൾ. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിന്റെ കരുത്ത് 160 ബിഎച്ച്പിയും ടോർക്ക് 253 എൻഎമ്മുമാണ്. ആറു സ്പീഡ് ഐഎംടി, ഡിസിറ്റി ഗിയർബോക്സുകളുണ്ട്. 1.5 ലീറ്റർ ഡീസൽ പതിപ്പിന് 116 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഐഎംടി, ആറു സ്പീഡ് ‍ഡീസൽ ഓട്ടമാറ്റിക് ഓപ്ഷനുകൾ.

Kia Seltos
Kia Seltos

സ്പോർട്ടി ഡ്രൈവ്

സ്പോർട്ടി ഡ്രൈവാണ് പുതിയ മോഡലും കാഴ്ച്ച വയ്ക്കുന്നത്. ടർബോ പെട്രോളും ഡീസൽ ഐഎംടിയും മികച്ച ഡ്രൈവ് നൽകുന്നുണ്ട്. ഉയർന്ന വേഗത്തിലും നല്ല സ്റ്റബിലിറ്റി. ചെറിയ മാറ്റങ്ങൾ വരുത്തിയ സസ്പെൻഷൻ യാത്രാസുഖവും ഹാൻഡിലിങ്ങും മികച്ചതാക്കുന്നു. സ്റ്റിയറിങ്ങിന്റെ റെസ്പോൺസും മികച്ചതു തന്നെ. ഉയർന്ന വേഗത്തെ പിടിച്ചു നിർത്താൻ പോന്ന ഡിസിക് ബ്രേക്കുകൾ വാഹനത്തിനു മുതൽക്കൂട്ടാണ്. പോക്കറ്റ് റോക്കറ്റാണ് 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ. വേഗം രണ്ടക്കം കടന്നു മൂന്നിൽ കയറുന്നത് അറിയുകയേയില്ല.

kia-seltos-1

സെൽറ്റോസിലെ ഹൈവേ ക്രൂസിങ്ങും ടൗൺ യാത്രകളും ഒരുപോലെ മികച്ചതാണ്. എന്നാൽ ഓപ്പൺ റോഡുകളിലെ ഡ്രൈവിങ് കുറച്ചുകൂടി ആസ്വദിക്കാൻ സാധിക്കും. കോർണറിങ്ങും മികച്ചു തന്നെ നിൽക്കുന്നു. ഡീസൽ പതിപ്പിന് ഐഎംടിയും ഓട്ടമാറ്റിക് ഗിയർ ബോക്സുകൾ മാത്രമേയുള്ളു. ഐഎംടി ക്ലച്ചില്ലാത്ത മാനുവലാണെങ്കിലും ചില സമയങ്ങളിൽ ഗിയർ മാറണോ എന്ന ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. ഐഎംടിയെ നിലനിർത്തി ഒരു ഡീസൽ എൻജിൻ മോഡൽ കൂടി അവതരിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു. വരും കാലങ്ങളിൽ ആ മോഡലും കിയ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

kia-seltos-3 - 1

സുരക്ഷ

മുന്നിലെ ഡ്യുവൽ എയർബാഗ്, സൈഡ് കർട്ടൻ എയർബാഗ്, മുൻസീറ്റ് സൈഡ് എയർബാഗ് എന്നിവ അടക്കം ആറ് എയർബാഗുകൾ. എബിഎസ്, ബ്രേക് അസിസ്റ്റ്, ഓൾ വീൽ ഡിസ്ക് ബ്രേക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റബിലിറ്റി മാനേജ്മെന്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എമർജെൻസി സ്റ്റോപ് സിഗ്നൽ, ടയർ പ്രെഷർ മോണിറ്റർ, റിയർ പാർക്കിങ് സെൻസർ, സ്പീഡ് സെൻസിങ് ഓട്ടോ ഡോർ ലോക്ക്, ഇംപാക്റ്റ് സെൻസറിങ് ഓട്ടോ ഡോർ ലോക്ക്, 3 പോയിന്റ് സീറ്റ് ബെൽറ്റ് വിത്ത് റിമൈൻഡർ എന്നിവ അടക്കം 32 സുരക്ഷാഫീച്ചറുകളുണ്ട്.

Kia Seltos
Kia Seltos

വില

തിരഞ്ഞെടുക്കാൻ വകഭേദങ്ങൾ ഏറെ. 10.89 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് പുതിയ സെൽറ്റോസിന്റെ വില. 1.5 ലീറ്റർ പെട്രോൾ പതിപ്പിന് 10.89 ലക്ഷം രൂപ മുതൽ 16.59 ലക്ഷം രൂപ വരെയും 1.5 ലീറ്റർ ടർബോ പെട്രോൾ പതിപ്പിന് 14.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയും 1.5 ലീറ്റർ ഡീസൽ പതിപ്പിന് 11.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയും.

English Summary: Kia Seltos Test Drive Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com