എമരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറമൻ സഹോദരനെ കാണാൻ ജർമനിയിൽ
Mail This Article
ബർലിൻ ∙മരണാസന്നനായ ജേഷ്ട സഹോദരൻ മോൺ. ജോർജ് റാറ്റ് സിംഗറെ (96) കാണാൻ അപ്രതീക്ഷിതമായി മുൻ മാർപാപ്പ ബെനഡിക്ട് പതിനാറമൻ (93) മാതൃരാജ്യമായ ജർമനിയിലെത്തി. മുൻ മാർപാപ്പയെ ജർമൻ ബിഷപ്പ്സ് കോൺഫറൻസ് അധ്യക്ഷൻ മാർ ജോർജ് ബാറ്റ്സിംഗ് മ്യൂണിക്ക് വിമാനത്താവളത്തിൽ സ്വീകരിച്ചു. സഹോദരൻ മോൺ. ജോർജ് റാറ്റ് സിംഗർ താമസിക്കുന്ന റേഗൻസ് ബുർഗ് രൂപതയുടെ സെമിനാരിയിലേക്ക് പ്രത്യേക വാഹനത്തിലാണ് മുൻ മാർപാപ്പയെ എത്തിച്ചത്.
മുൻ മാർപാപ്പ ഇപ്പോൾ വീൽ ചെയറിലാണ് സഞ്ചരിക്കുന്നത്. സഹോദരൻ ജോർജ് മുൻ മാർപാപ്പയെ തിരിച്ചറിഞ്ഞതായിട്ടാണ് സൂചന. അവരുടെ കൂടികാഴ്ച വികാര ഭരിതമായിരുന്നുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ജർമൻ യാത്രയ്ക്ക് മുമ്പ് മുൻ മാർപാപ്പാ, ഫ്രാൻസീസ് മാർപാപ്പയുമായി ചർച്ച ചെയ്ത ശേഷമാണ് യാത്ര തിരിച്ചത്. മുൻ മാർപാപ്പയുടെ റോമിലേക്കുള്ള മടക്ക യാത്ര തീയതി തീരുമാനിച്ചിട്ടില്ല.
2011 ലാണ് അവസാനമായി മുൻ മാർപാപ്പ ജർമനിയിലെത്തിയത്. 1951 ലാണ് സഹോദരന്മാരായ ജോർജ് റാറ്റ് സിംഗറും, ജോസഫ് റാറ്റ് സിംഗറും (മുൻ മാർപാപ്പ) കത്തോലിക്ക സഭയിൽ പൗരോഹിത്യം സ്വീകരിച്ച് വൈദീകരായത്.