അംഗലാ മെര്‍ക്കല്‍ അറുപത്തിയാറിന്റെ നിറവില്‍
Mail This Article
ബര്‍ലിന്‍∙ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്‍റെ അറുപത്തിയാറാം പിറന്നാള്‍ ആഘോഷമില്ലാതെ കടന്നുപോയി. ഒരു പതിറ്റാണ്ടിലേറെയായി ജര്‍മനിയുടെ മാത്രമല്ല യൂറോപ്യന്‍ യൂണിയന്‍റെയും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അനിതരസാധാരണ ഭരണശേഷിയും വ്യക്തിപ്രഭാവവും ഉള്ള മെര്‍ക്കലിന് പകരം വയ്ക്കാനായി മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാട്ടാനില്ല എന്നതും മെര്‍ക്കലിന്‍റെ വിശേഷണത്തിന് ഏറെ അനുയോജ്യമാണ്.
നാലാമൂഴവും ജര്‍മന്‍ ചാന്‍സലറായി തിളങ്ങുന്ന മെര്‍ക്കലും പാര്‍ട്ടി സിഡിയുവും കൊറോണപ്രതിസന്ധിയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലുള്ള പോരാട്ടത്തിലാണ്. അതുകൊണ്ടു തന്നെ കൊറോണയുടെ മുമ്പില്‍ ജര്‍മനിക്കു തലകുനിക്കേണ്ടി വന്നില്ല. അതുകൊണ്ടുതന്നെ മെര്‍ക്കലിന്‍റെ ജനസമ്മതി ഇപ്പോള്‍ വളരെ ഉയരത്തിലാണ്. അനാവശ്യ കുടിയേറ്റവും കണക്കില്ലാതെ അഭൂതപൂര്‍വമായ അഭയാർഥി പ്രവാഹവും മെര്‍ക്കലിന്‍റെ കണക്കുകൂട്ടലുകളെ ഏറെ തെറ്റിച്ചുവെങ്കിലും അതില്‍ നിന്നെല്ലാം ഇപ്പോള്‍ കരകയറുക മാത്രമല്ല ജര്‍മനിയുടെ പ്രിയപ്പെട്ട ചാന്‍സലറായി തീരുകയും ചെയ്തു. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍റെ അധ്യക്ഷസ്ഥാനവും മെര്‍ക്കലിന്‍റെ കരങ്ങളിലാണ്. കൊറോണയില്‍പ്പെട്ടു പോയ യൂറോബ്ളോക്ക് അംഗങ്ങളിലെ രാജ്യങ്ങള്‍ക്കുള്ള സഹായധനം വീതിയ്ക്കുന്നതിന്‍റെ തത്രപ്പാടിലാണ് മെര്‍ക്കല്‍.
1954 ജൂലൈ 17 ന് ഹാംബുര്‍ഗില്‍ ജനിച്ച മെര്‍ക്കല്‍ 2005 നവംബര്‍ 22 മുതല്‍ ജര്‍മനിയുടെ ചാന്‍സലറാണ്. പ്രഫ.ജോവാഹിം സൗവറാണ് ഭര്‍ത്താവ്. നാലാമൂഴത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മെര്‍ക്കല്‍ ഇനി ഒരു അങ്കത്തിനും ചാന്‍സലര്‍ സ്ഥാനത്തേയ്ക്കും ഇല്ലെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞത് അധികാര കമ്പക്കാര്‍ക്ക് ഒരു മാതൃക തന്നെയാണ്.