അടുത്ത ജർമൻ ചാൻസലറാകാൻ രണ്ടു മുഖ്യമന്ത്രിമാർ പടയോട്ടം ആരംഭിച്ചു
Mail This Article
ബർലിൻ ∙ അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന ജർമൻ പൊതുതിരഞ്ഞെടുപ്പിൽ ചാൻസലർ അംഗല മെർക്കലിന്റെ പിൻഗാമിയാകാൻ രണ്ട് പ്രമുഖ മുഖ്യമന്ത്രിമാർ അങ്കം കുറിച്ചതായി റിപ്പോർട്ട്. നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാന മുഖ്യമന്ത്രി അർമിൻ ലാഷ്റ്റും (59) ബയേൺ മുഖ്യമന്ത്രി മാർക്കസ് സോഡറും (53) മാണ് രംഗത്ത്.
മുഖ്യമന്ത്രിമാർ എന്ന് നിലയിൽ ഇരുവരും നടത്തുന്ന പ്രകടനങ്ങളാണ് ജനം ഇപ്പോൾ വിലയിരുത്തുന്നത്. അഭിപ്രായ സർവേകളിൽ സോഡർക്കാണ് മുൻ തൂക്കമെന്ന് സൂചന. കോവിഡ് നിയന്ത്രണങ്ങളിൽ സോഡർ നടത്തിയ പ്രവർത്തനങ്ങൾക്കാണു മുൻതൂക്കം. ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയന്റെ (സിഎസ്‌യു) അധ്യക്ഷൻ കൂടിയാണ് സോഡർ. മെർക്കലിന്റെ സിഡിയു പാർട്ടിയുടെ സഹോദര പാർട്ടിയാണ് സിഎസ്‌യു. അടുത്ത ഡിസംബർ നാലിന് സ്റ്റ്യൂട്ട്ഗാർട്ടിൽ നടക്കുന്ന സിഡിയുവിന്റെ ദേശീയ സമ്മേളനത്തിൽ പാർട്ടിയുടെ പുതിയ അധ്യക്ഷനെ കണ്ടെത്തും.
പുതിയ പാർട്ടി അധ്യക്ഷനായി ലാഷ്റ്റിന് കുറിവീഴും എന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന. കഴിഞ്ഞ ദിവസം നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ലാഷ്റ്റിന്റെ പാർട്ടി അധികം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ നേട്ടം ചാൻസലർ പദവിയിലേക്കുള്ള പടിയാണെന്നും കരുതുന്നവരുണ്ട്.