കോവിഡാനന്തര യൂറോപ്പും തൊഴില്‍ ജീവിതത്തിന്റെ ഭാവിയും ഡബ്ല്യുഎംഎഫ് വെബിനാര്‍ സംഘടിപ്പിച്ചു
Mail This Article
വിയന്ന ∙ കേരളപ്പിറവിദിനത്തില്‍ കോവിഡാനന്തര യൂറോപ്പും തൊഴില്‍ ജീവിതത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ വെബ്ബിനാര്‍ സംഘടിപ്പിച്ചു. ഡോ. മുരളി തുമ്മാരുകുടിയാണ് സെമിനാര്‍ നയിച്ചത്.
നാലാം വ്യവസായ വിപ്ലവത്തിന്റെ സാധ്യതയകളും, ഈ കാലഘട്ടത്തില്‍ ഇല്ലാതെയാകുന്ന ജോലികളും, പുതുതായി മാറിവരുന്ന ജോലി സാധ്യതകളും ഏതൊക്കെയാണ് എന്ന് അദ്ദേഹം വിവരിക്കുകയും, പുതിയ മാറ്റങ്ങള്‍ എങ്ങനെയാണ് യൂറോപ്പില്‍ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗള്‍ഫ് പോലെയുള്ള രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് യൂറോപ്പില്‍ ഏര്‍പ്പെടാവുന്ന ചില മേഖലകളെയും അദ്ദേഹം പരിചയപ്പെടുത്തി. നാലാം വ്യവസായ വിപ്ലവത്തിന്റെ അനന്തരഫലങ്ങള്‍ കോവിഡിന്റെ തരംഗത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പുതിയ മാറ്റങ്ങളെക്കുറിച്ചും ചോദ്യോത്തരപരിപാടിയില്‍ അദ്ദേഹം വിശദികരിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള അന്നബെല്‍ പ്ലാത്തോട്ടത്തില്‍ ആലപിച്ച പ്രാര്‍ത്ഥന ഗാനത്തോടുകൂടി ഓണ്‍ലൈന്‍ സെമിനാറില്‍ ഡബ്ല്യു.എം.എഫ് യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് സാബു ചക്കലക്കല്‍ സ്വാഗതം ആശംസിച്ചു. സംഘടനയുടെ ഔപചാരിക വിവരങ്ങള്‍ വിയന്നയില്‍ നിന്നും ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നീതു നടുവത്തേട്ട് ഡോ. മുരളി തുമ്മാരുകുടിയെ പരിചയപ്പെടുത്തി.
അജ്ജുന ആസാദ്, ശ്രീജ ടോമി എന്നിവര്‍ മോഡറേറ്റര്‍മാരായി. യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ തങ്കച്ചന്‍ ചെറിയമുള്ള, ഡോ. രത്നകുമാര്‍, ഗ്ലോബല്‍ സെക്രട്ടറി പൗലോസ് തേപ്പാല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യൂറോപ്പ് സെക്രട്ടറി മാത്യു ചെരിയന്‍കാലയില്‍ നന്ദി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.