ദാവോസിനെയും തൃക്കാക്കരയേയും പറ്റി ഒരക്ഷരം മിണ്ടരുത്!
Mail This Article
സൂറിക് ∙ ദാവോസിൽ ലോക ഇക്കണോമിക് ഫോറവും തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പും ഒരേ സമയത്തായിപ്പോയത് ആരുടേയും നോട്ടക്കുറവല്ല. ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് എത്രയോ മുന്നേ, ലോക ഇക്കണോമിക് ഫോറത്തിന്റെ തീയതികൾ നിശ്ചയിക്കപ്പെട്ടിരുന്നു. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് സമ്മേളനത്തിന് ആർക്കും കയറിച്ചെല്ലാമെന്നതു പോലെ, ദാവോസിലെ സമ്മേളനത്തിൽ ഓടിച്ചെന്നു കേറാൻ പറ്റില്ലെന്ന് അറിയാല്ലോ.
തമിഴ്‌നാട്, കർണാടക, തെലുങ്കാന, ആന്ധ്ര, മഹാരാഷ്ട എന്നീ സംസ്ഥാനങ്ങൾ, തൃക്കാക്കര ഇലക്ഷൻ പ്രഖ്യാനത്തിനു മുന്നേ ദാവോസിൽ പങ്കെടുക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരുന്നു. സംസ്ഥാനങ്ങളുടെ കാര്യം അവിടെ നിക്കട്ടെ, വീഹൈവ്, മൈൻഡ് ആൻഡ് മോം തുടങ്ങിയ ഒട്ടനവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വരെ ദാവോസിൽ ലാസ്റ്റ് ബസിന് ഓടിപ്പോയി കയറിയവരുമല്ല.
ലോക സാമ്പത്തിക ഫോറത്തിൽ ഇത്തവണ ഇന്ത്യയിൽ നിന്നു റെക്കോർഡ് പ്രതിനിധ്യമായിരുന്നു. 100ൽ അധികം പേർ. അതുകൊണ്ടല്ലേ ഇത്തവണത്തെ ലോക ഇക്കണോമിക് ഫോറത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രാതിനിധ്യത്തെയും, പവലിയനുകളെയും വെല്ലാൻ വേറൊരു രാജ്യത്തിനും ആയില്ലെന്നു മാധ്യമങ്ങൾ തലക്കെട്ടുകൾ നിരത്തിയത്.
പ്രാഥമിക വിവരങ്ങൾപ്രകാരം ദാവോസിൽ പോയവർക്കൊക്കെ കോളടിച്ചെന്നാണു കേൾവി. ബില്യൺ ഡോളർ കണക്കിൽ ആന്ധ്ര 16, മഹാരാഷ്ട്രയും, കർണാടകവും 6.45 വീതം, തെലുങ്കാനയും ഏതാണ്ട് ഇത്രയും തന്നെ, തമിഴ്‌നാട് ഏഴു ബില്യണോ അതിലധികമോ നിക്ഷേപങ്ങൾ ലഭിച്ചുവെന്നാണ് കേൾക്കുന്നത്. ഇൻഫോസിസ്, വിപ്രോ, ടെക് മഹിന്ദ്ര തുടങ്ങിയ വൻകിട കമ്പനികൾക്കു പുറമെ സ്റ്റാർട്ടപ്പുകൾ വരെ നേടിയ ഡീലുകളുടെ അന്തിമ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
കൊറോണക്കു ശേഷം വന്ന യുദ്ധകാലം ചൈനയോടും റഷ്യയോടുമുള്ള അപ്രിയാന്തരീക്ഷം എന്നിവ മുൻകൂട്ടി കണ്ട്, ലോക വിപണിയിൽ ഇന്ത്യയെ മാർക്കറ്റ് ചെയ്യാനുള്ള സുവർണ്ണാവസരം കണ്ടറിഞ്ഞായിരുന്നു ഇത്തവണ ഇന്ത്യയുടെ കളി. കൊറോണ കാരണം പലതവണ മാറ്റിവയ്ക്കപ്പെട്ട ഇത്തവണത്തെ വിഇഎഫിന് പകിട്ട് കുറവായിരുന്നുവെന്നതു വാസ്‌തവം. രാജ്യങ്ങളുടെയും, വ്യവസായ, വാണിജ്യ സ്ഥാപനങ്ങളുടെയും പ്രാതിനിധ്യവും മുൻ സമ്മേളനങ്ങളെക്കാൾ കുറവായിരുന്നുവെന്നത് യാഥാർഥ്യവും.
ചൈന, കൊറിയ, ജപ്പാൻ തുടങ്ങിയ വമ്പൻമാർ കളം പിടിക്കുന്ന പതിവ് ദാവോസ് സമ്മേളനങ്ങളിലെ ഡീലുകളിൽ ഇന്ത്യ ഒരിക്കലും മുൻനിരയിൽ എത്താറില്ല. എന്നാൽ ഇത്തവണ മൂക്കില്ലാത്തവർക്കിടയിൽ മുറിമൂക്കൻ രാജാവാകാനുള്ള അവസരമാണു ദാവോസ് സമ്മേളനം ഒരുക്കിയത്. ഇതു നേരത്തെ കണ്ടറിഞ്ഞ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നും തൃക്കാക്കരയിലേത് പോലെ ഉപതെരഞ്ഞെടുപ്പുകൾ നടന്നിട്ടില്ലെന്നതും ട്രോളുന്നവർ തിരിച്ചറിയേണ്ടതുണ്ട്.
രണ്ട് ഇന്ത്യൻ കേന്ദ്ര മന്ത്രിമാർ പങ്കെടുത്ത ലോക സാമ്പത്തിക ഫോറത്തിൽ ഗൗതം അദാനി, സുനിൽ ഭാരതി മിത്തൽ, ശോഭന കമിനേനി, കുമാർ എം ബിർല തുടങ്ങിയ മുൻനിര ബിസിനസുകാരോടൊപ്പം പതിവുപോലെ നമ്മുടെ എം. എ. യൂസഫലിയും പങ്കെടുത്തിരുന്നു. ദാവോസ് സമ്മേളനത്തിൽ ഒരു സാദാ അഡ്‌മിഷൻ പാസ്സിനു പോലും ലക്ഷം രൂപയ്ക്കു മുകളിലാണ് മുടക്കേണ്ടത്. ഇതിനു പുറമെ അനവധി ലക്ഷങ്ങൾ മുടക്കി മുറികൾ വാടകയ്ക്ക് എടുത്തു പവലിയനുകൾ ഇട്ടവരിൽ ഇന്ത്യൻ സംസ്ഥാനങ്ങളും വൻകിട കമ്പനികളും മാത്രമല്ല സ്റ്റാർട്ടപ്പ് കമ്പനികളുടെ കൂട്ടായ്‌മകൾ വരെയുണ്ടായിരുന്നു.
നിക്ഷേപകരെ ആകർഷിക്കാൻ ഇത്തരത്തിൽ കാശ് ഇറക്കിയവർക്കൊക്കെ കോളടിച്ചെങ്കിൽ അതിന് ആദ്യം കയ്യടിക്കേണ്ടത് ഇൻവെസ്റ്റ് ഇന്ത്യ ടീമിനാണ്. സിഇഒ ദീപക് ബാഗ്ലയുടെ നേതൃത്വത്തിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വേദികളിലും, പിന്നാമ്പുറങ്ങളിലും ഇന്ത്യയിലേക്കു നിക്ഷേപം കൊണ്ടുവരാൻ സന്ദേഹം വേണ്ടെന്നു സർക്കാർ പ്രതിനിധികൾ ഉറപ്പുകൾ കൈമാറി.
ഇന്ത്യയിൽ നിന്നു കൊണ്ടുവന്ന 450 കിലോഗ്രാം പച്ചക്കറികൾ, പുറമെ മസാലകൾ, സുഗന്ധവ്യഞ്ജനങ്ങൾ ,15 ൽ അധികം പാചകക്കാർ അങ്ങനെ എല്ലാ സെറ്റപ്പും ആയിട്ടായിരുന്നു ടീം ഇന്ത്യയുടെ ദാവോസിലെ പ്രവർത്തനം. നിക്ഷേപ സൗഹൃദം എന്ന ഇമേജ് സൃഷ്ടിച്ചെടുക്കാൻ പറ്റുന്നതൊക്കെ അവർ ചെയ്‌തു. ചൈനയ്ക്ക് പകരം ആരെന്ന ചോദ്യത്തിന് ഉത്തരം ആവാനും സാധിച്ചെന്ന് കണക്കുകളും സാക്ഷ്യം പറയുന്നു.
ലോക സാമ്പത്തിക ഫോറത്തിൽ കേരളത്തിന് എന്തു കാര്യമെന്ന് ചോദിക്കരുത്. ഒരൊറ്റ കേരള മുഖ്യമന്ത്രിയേ ദാവോസിന് പോയിട്ടുള്ളു. 2006 ജനുവരിയിൽ നടന്ന ഫോറത്തിൽ പങ്കെടുക്കാൻ പോയ ഉമ്മൻ ചാണ്ടി അവിടുത്തെ മഞ്ഞിൽ തെന്നിവീണു കാലൊടിഞ്ഞു കിടപ്പിലായി.
ഇനി നിങ്ങൾ പറ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്തു കേരളത്തിൽ നിന്നാരും ദാവോസിന് പോവാതിരുന്നത് നന്നായോ ഇല്ലയോ എന്ന്.
(ലോക സാമ്പത്തിക ഫോറം നടന്ന ദാവോസ് സ്ഥിതി ചെയ്യുന്ന സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന ആളാണു മലയാളിയായ ലേഖകൻ)