എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്; നേതാക്കളെത്തി, കണ്ണിമയ്ക്കാതെ ലണ്ടനിലേക്ക് നോക്കി ലോകം
Mail This Article
ലണ്ടൻ∙ ചരിത്രത്തിലെ ഏറ്റവും വലിയ സംസ്കാര ചടങ്ങിന് ഇന്നു ലണ്ടൻ സാക്ഷിയാകും. കഴിഞ്ഞയാഴ്ച അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ ഇന്നു വെസ്റ്റ്മിനിസ്റ്റർ ആബിയിലും വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലുമായി പൂർത്തിയാകും രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാനും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനുമായി ലോകനേതാക്കൾ എല്ലാംതന്നെ ലണ്ടനിൽ എത്തിക്കഴിഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരുൾപ്പെടെ അഞ്ഞൂറോളം ലോക നേതാക്കളാണ് ഇന്നു വെസ്റ്റ് മിനിസ്റ്റർ ആബിയിൽ പ്രത്യേക ക്ഷണിതാക്കളായി എത്തുന്നത്.
ഇന്നലെ തന്നെ ലണ്ടനിലെത്തിയ ലോകനേതാക്കൾ പലകരും രാജ്ഞിയുടെ മൃതദേഹപേടകം പൊതുദർശനത്തിനു വച്ചിരിക്കുന്ന വെസ്റ്റ്മിനിസ്റ്റർ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. വിദേശകാര്യ സെക്രട്ടറിക്കൊപ്പം എത്തിയിട്ടുള്ള രാഷ്ട്രപതി ദ്രൗപദി മുർമു ലങ്കാസ്റ്റർ ഹൌസിലെ കൺഡോളൻസ് ബുക്കിൽ ഇന്ത്യയുടെ അനുശോചന സന്ദേശനവും കുറിച്ചു. ഇന്നലെ ലണ്ടനിലെത്തിയ ലോകനേതാക്കൾ ബക്കിങ്ഹാം പാലസിൽ ചാൾസ് മൂന്നാമൻ രാജാവ് സംഘടിപ്പിച്ച സ്വീകരണയോഗത്തിലും സംബന്ധിച്ചു.
സംസ്കാരത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രണ്ടുവട്ടം റിഹേഴ്സലും കഴിഞ്ഞ രാത്രികളിൽ നടത്തി. രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറിൽ വിലാപഗാനം ആലപിച്ചുകൊണ്ടാകും ചടങ്ങുകൾ ആരംഭിക്കുക. ബ്രിട്ടൻ കണ്ടിട്ടുള്ള ഏറ്റവും ബൃഹത്തായ പരിപാടികളിലൊന്നാകും ഇന്നത്തെ സംസ്കാര ചടങ്ങുകൾ. രാജ്യത്തെ മുഴുവൻ ജനങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളും ടെലിവിഷനിൽ തൽസമയം സംസ്കാരചടങ്ങുകൾ വീക്ഷിക്കും.
സംസ്കാരത്തിനു മുൻപു രാജ്യം രണ്ടുമിനിറ്റ് മൗനമാചരിക്കും. ബ്രിട്ടീഷ് സമയം രാവിലെ 11നാണു സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായിആരംഭിക്കുക. മൃതദേഹപേടകം വെസ്റ്റ്മിനിസ്റ്റർ ആബിയിലേക്കു കൊണ്ടുപോകുന്ന വിലാപയാത്രയോടെയാകും ശുശ്രൂഷകൾ ആരംഭിക്കുക. രാജകീയ രഥത്തിലാകും ഭൌതിക ശരീരം കൊണ്ടുപോകുക. 142 റോയൽ നേവി അംഗങ്ങൾ ചേർന്നാകും ഈ യാത്ര നിയന്ത്രിക്കുന്നത്. ചടങ്ങുകൾക്കൊടുവിൽ ലാസ്റ്റ് പോസ്റ്റ് പ്ലേ ചെയ്യും. തുടന്നാണ് രണ്ടു മിനിറ്റ് മൗനാചരണം.
വെസ്റ്റ്മിനിസ്റ്റർ ആബിയിലെ ചടങ്ങുകൾക്കുശേഷം മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വെല്ലിംങ്ടൺ ആർച്ചിലേക്ക് നീങ്ങും. അവിടെനിന്നും അവിടെനിന്നുമാണ് വിൻസർ കൊട്ടാരത്തിലേക്ക് മൃതദേഹം എത്തിക്കുക. വിൻസർ ഡീനിന്റെയും രാജകുടുംബാംഗങ്ങുടെയും പേഴ്സണൽ സ്റ്റാഫിന്റെയുമെല്ലാം സാന്നിധ്യത്തിൽ രണ്ടാംഭാഗമായുള്ള ചടങ്ങുകൾ സെന്റ് ജോർജ് ചാപ്പലിൽ വൈകിട്ട് നാലിന് നടക്കും.
മൃതദേഹപേടകം രാജകീയ നിലവറയിലേക്ക് മാറ്റുമ്പോഴുള്ള പ്രാർഥനകൾക്കും സമാപന ആശീർവാദത്തിനും കാന്റർബറി ആർച്ച്ബിഷപ് ഡോ. ജസ്റ്റിൻ വെൽബി മുഖ്യകാർമികത്വം വഹിക്കും. തൊട്ടടുത്ത കുടുംബാംഗങ്ങൾക്കായുള്ള അന്തിമ സ്വകാര്യ ശുശ്രൂഷകൾ രാത്രി 7.30ന് നടക്കും.
കഴിഞ്ഞവർഷം അന്തരിച്ച ഭർത്താവ് പ്രിൻസ് ഫിലിപ്പിനൊപ്പം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലായിരിക്കും രാജ്ഞിയുടെ അന്ത്യവിശ്രമം. സംസ്കാരചടങ്ങുകളുടെ ഭാഗമായി ഇന്ന് രാവിലെ 11.30 മുതൽ അരമണിക്കൂർ നേരം ഹീത്രൂ വിമാനത്താവളത്തിൽനിന്നുള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കും. രാജ്ഞിയുടെ വിയോഗത്തിൽ അങ്ങനെ ലണ്ടന്റെ ആകാശംപോലും ഒരുനിമിഷം മൗനമാകും.
English Summary: Queen Elizabeth's funeral today