അവൽ വാറ്റി പോളണ്ടിൽ ബിയറുണ്ടാക്കി, പേര് ‘മലയാളി’; പിന്നിൽ മലയാളി സംരംഭകൻ
Mail This Article
ലണ്ടൻ ∙ പോളണ്ടിലെ ഏതെങ്കിലും ബാറിലോ പബ്ബിലോ ഹോട്ടലിലോ ചെന്ന് ‘മലയാളി’ എന്നു പറഞ്ഞാൽ ഉടൻ മേശപ്പുറത്ത് ബിയറെത്തും. പോളണ്ടിന്റെ പുതിയ ലഹരിയാണ് ‘മലയാളി’. അവൽ വാറ്റി ബിയറുണ്ടാക്കുക. എന്നിട്ട് അതിന് ‘മലയാളി’ എന്നു പേരിടുക. പാലക്കാട്ടുകാരൻ ചന്ദ്രമോഹൻ നല്ലൂരാണ് പോളണ്ടിൽ ഈ ബിയർ വിപ്ലവം നയിക്കുന്നത്. പോളണ്ടിലെ ഇൻഡോ –പോളിഷ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ കൂടിയാണ് ചന്ദ്രമോഹൻ. യുക്രെയ്ൻ -റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ രണ്ടു ബിസിനസ് സംരംഭകരെ സഹായിക്കാനായി തുടങ്ങിയ സംരംഭമാണ് ഇത്തരമൊരു വിജയത്തിലേക്ക് ഇപ്പോൾ കുതിക്കുന്നത്.
Read Also: യുഎഇ– കേരളം വിമാന നിരക്ക് കുറഞ്ഞു; തിരികെയുള്ള നിരക്ക് കൂടി
സുഹൃത്തായ ആഫ്രിക്കൻ ബിസിനസുകാരൻ, യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം വിദേശത്തുനിന്നും പോളണ്ടിലെത്തിച്ച അഞ്ചു കണ്ടെയ്നർ അവൽ വിറ്റഴിക്കാനും സൂക്ഷിക്കാനും ബുദ്ധിമുട്ടിയപ്പോൾ അവരെ സഹായിക്കാനായാണ് അതിൽനിന്നും ബിയറുണ്ടാക്കിയാലോ എന്ന ആലോചന ഉടലെടുത്തത്. ഈ ആലോചനയ്ക്ക് ഹോട്ടൽ മേഖലയിലെ സുഹൃത്തായ സർഗീവ് സുകുമാരന്റെ പിന്തുണകൂടി ലഭിച്ചതോടെ ലോക്കൽ ബ്രൂവറിയുടെ സഹായത്താൽ സംരംഭത്തിന് തുടക്കം കുറിച്ചു.
രണ്ടു മാസത്തിനുള്ളിൽ പോളണ്ടിൽ വിറ്റത് 50,000 ബോട്ടിൽ ‘മലയാളി’യാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ 5,000 ലീറ്റർ ‘മലയാളി’ കൂടി വിപണനത്തിന് തയാറാകും. ഈ പുതിയ ബിവറേജിന്റെ നിർമാണഘട്ടത്തിലൊന്നും ‘മലയാളി’ എന്ന പേര് നിശ്ചയിച്ചിരുന്നില്ല. നിർമാണം വിജയകരമായശേഷം വേറിട്ട ഒരു ഇന്ത്യൻ പേരിനെക്കുറിച്ചുള്ള ആലോചനയാണ് ഇവരെ ‘മലയാളി’യിലെത്തിച്ചത്. അത് ഫിറ്റാകുന്നപോലെ വളരെ വേഗം ഹിറ്റായി. ‘മലയാളി’യെ കഴിയുമെങ്കിൽ ഇനി കേരളത്തിൽ വിൽക്കണമെന്നതാണ് ചന്ദ്രമോഹന്റെ ആഗ്രഹം.
പോളണ്ടിൽ ഒരു മലയാളി സംരംഭകൻ തുടങ്ങുന്ന രണ്ടാമത്തെ ബിയർ ബ്രാൻഡാണ് ‘മലയാളി’. ഏതാനും വർഷം മുമ്പ് എറണാകുളം സ്വദേശിയായ ലിജോ ഫിലിപ്പ് ‘കാലിക്കട്ട് 1498’ എന്നപേരിൽ പോളണ്ടിൽ ബിയർ നിർമിച്ച് വിപണിയിലിറക്കിയിരുന്നു. കൊച്ചി സ്വദേശിയായ വിവേക് പിള്ള എന്ന വ്യവസായി ‘കൊമ്പൻ’ എന്ന പേരിൽ ബിയറുണ്ടാക്കി ബ്രിട്ടിഷ് വിപണിയിലും വിജയം നേടിയ ചരിത്രമുണ്ട്. ഇതെല്ലാം ചന്ദ്രമോഹന് ബിയർ സംരംഭത്തിൽ പ്രചോദനമായി.
‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടരുത്’ എന്നത് മലയാളിയുടെ മനസിൽ തറച്ച ഹിറ്റ് ഡയലോഗാണ്. എന്നാൽ, ‘മലയാളി’യെക്കുറിച്ചാണ് ഇപ്പോൾ ബിയർ ഇഷ്ടപ്പെടുന്ന പോളീഷുകാരുടെ സംസാരം.
English Summary: Kerala native’s craft beer ‘Malayali’ creates wave across Poland