യുകെയിലെ സമ്പദ് വ്യവസ്ഥ 2023 ല്‍ മോശമായി മാറുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ്
Mail This Article
ലണ്ടന്‍∙ യുകെയിലെ സമ്പദ് വ്യവസ്ഥ 2023 ല്‍ മോശമായി മാറുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ കുടുംബങ്ങളെ സാരമായി ബാധിക്കുന്നതിനിടെയാണു യുകെയുടെ സമ്പദ് ഘടന ചുരുങ്ങുമെന്നും മോശമായി മാറുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നത്.
Also read: ഫയർഫോഴ്സ് ജീവനക്കാരും സമരത്തിന്; ബ്രിട്ടനിൽ സമരത്തിന് ഇറങ്ങാത്തവർ ആരുമില്ലെന്ന സ്ഥിതി
മുന്‍ പ്രവചനങ്ങള്‍ അനുസരിച്ച് ചെറിയ തോതില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നതിന് പകരം 2023 ല്‍ സമ്പദ് വ്യവസ്ഥ 0.6% ചുരുങ്ങുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്. യുകെയിലെ ഉയര്‍ന്ന എനര്‍ജി നിരക്കുകളും, ഉയര്‍ന്ന പണപ്പെരുപ്പം പോലുള്ള സാമ്പത്തിക അവസ്ഥകളുടെയും പ്രതിഫലനമാണ് പ്രവചനങ്ങളെന്ന് ഐഎംഎഫ് പറയുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത്തരം നിരവധി പ്രവചനങ്ങളെ യുകെ മറികടന്നതായി ചാൻസലർ ജെറമി ഹണ്ട് പ്രതികരിച്ചു. ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് അപ്ഡേറ്റ് പ്രകാരം യുകെയുടെ ജിഡിപി ഈ വര്‍ഷം 0.3% ചുരുങ്ങും. ലോകത്തിലെ വികസിത രാജ്യങ്ങളില്‍ വെച്ച് ജിഡിപി ഇടിയുന്ന ഏക പ്രധാന സമ്പദ് വ്യവസ്ഥ യുകെയുടേത് മാത്രമാകുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.
അതേസമയം 2024 ല്‍ യുകെയുടെ വളര്‍ച്ച 0.9 ശതമാനത്തിലേക്ക് കുതിച്ചുയരുമെന്നും ഐഎംഎഫ് പറയുന്നു. സ്പ്രിംഗ് ബജറ്റില്‍ നികുതികള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യത കുറവാണെന്ന് ജെറമി ഹണ്ട് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഐഎംഎഫിന്റെ പ്രവചനങ്ങള്‍.
നികുതി കുറച്ചു വിപണിയെ ഉത്തേജിപ്പിക്കാന്‍ പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും നിലവില്‍ പണപ്പെരുപ്പം പകുതിയാക്കി കുറയ്ക്കുന്നതാണ് ഏറ്റവും മികച്ച നികുതി കുറവ് എന്നാണ് ചാന്‍സലറുടെ നിലപാട്. യുകെ സമപ്രായക്കാരേക്കാൾ പിന്നിലാണ് എന്നാണ് കണക്കുകൾ കാണിക്കുന്നതെന്ന് ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ഉപരോധം നേരിടുന്ന റഷ്യ പോലും ഈ വർഷം വളരുമെന്നാണ് പ്രവചനം.
English Summary : Britain to be worst performing major economy this year, warns IMF