ADVERTISEMENT

ലണ്ടൻ• ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയത് തന്റെ ധർമ്മമായി കരുതുന്നുവെന്നു ഋഷി സുനക് പറഞ്ഞു. പ്രധാനമന്ത്രി പദവിയിൽ എത്തി 100 ദിവസങ്ങൾ പിന്നിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനക്. 2022 ഒക്ടോബർ 25 നാണ് ഏഷ്യൻ വംശജനും 42 കാരനുമായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്. കൺസർവേറ്റീവ് പാർട്ടി നേതാവ് ലിസ് ട്രസിനോട് ആദ്യഘട്ടത്തില്‍ തോറ്റെങ്കിലും പിന്നീട് ആ സ്വപ്ന പദവിയിലേക്ക് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പടെയുള്ളവരോട് മത്സരിച്ചു വിജയിക്കുകയായിരുന്നു. ഏറെ പ്രതിസന്ധികള്‍ ബ്രിട്ടൻ നേരിട്ട സമയത്താണ് ഋഷി സുനക് പ്രധാനമന്ത്രി ആകുന്നത്. ഒക്ടോബർ 20 ന് ലിസ് ട്രസ് രാജിവെച്ചു ഒഴിയുമ്പോള്‍ രാജ്യം സാമ്പത്തികവും, മറ്റ് പലതരത്തിലുള്ള പ്രയാസങ്ങളിലും ആയിരുന്നു. അധികാരമേറ്റ് 44-ാം ദിവസമായിരുന്നു ലിസ് ട്രസ് രാജി വെച്ചത്.

 

ബ്രിട്ടൻ ജനത ജീവിതച്ചെലവ് പ്രതിസന്ധികള്‍ ഉൾപ്പടെ നേരിടുമ്പോൾ മുന്‍ഗാമി ലിസ് ട്രസിന്റെ 44 ദിവസത്തെ പ്രധാനമന്ത്രി പദവിക്ക് ശേഷം ബ്രിട്ടൻ പ്രധാനമന്ത്രി പദവിയെന്ന ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായത് എന്ത് കൊണ്ടാണെന്ന് മാധ്യമ പ്രവർത്തകർ ഋഷി സുനകിനോട് ചോദിച്ചിരുന്നു. 'എന്നെ സംബന്ധിച്ച് ഇതെന്റെ ഡ്യൂട്ടിയാണ്. ഹിന്ദുത്വത്തില്‍ ധര്‍മ്മം എന്നൊരു ആശയമുണ്ട്. ഡ്യൂട്ടി എന്നര്‍ത്ഥമാണ് ധർമ്മത്തിന് ഉള്ളത്. നിങ്ങള്‍ ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ചെയ്യുക, ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക എന്നിവയാണ് ധർമ്മത്തിൽ വരുന്നത്' ഇതായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള ഋഷി സുനകിന്റെ മറുപടി. ഇത് ദുഃസ്വപ്നം പോലൊരു ജോലിയാണെങ്കിലും തനിക്ക് ഒരു വ്യത്യാസം കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നിയെന്നും മോര്‍ട്ട്ഗേജ് പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികൾ ഉൾപ്പടെ കണ്ടുകൊണ്ടാണ് വെല്ലുവിളി നേരിടാന്‍ മുന്നിട്ടിറങ്ങിയതെന്നും ഋഷി സുനക് പറഞ്ഞു. മികച്ച സേവനം നൽകാൻ കഴിയുമെന്ന് താൻ  ഇപ്പോഴും വിശ്വസിക്കുന്നുവെന്നും രാജ്യത്തിനായി മാറ്റം കൊണ്ടുവരാമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും സുനക് കൂട്ടിച്ചേർത്തു.

 

ഏതൊരു നേതാവിന്റെയും ആദ്യ 100 ദിവസങ്ങളാണു വിജയത്തെയും പരാജയത്തെയും നിര്‍വചിക്കുന്നത്. ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വേരുകൾ ഉള്ള ഏഷ്യൻ വംശജനായ പ്രധാനമന്ത്രി 100 ദിവസം തികച്ചുവെന്നത് തന്നെ അഭിമാനകരമായ നേട്ടമായി കാണാമെങ്കിലും ബ്രിട്ടനിൽ പ്രതിസന്ധികൾ മാറിയെന്ന് പറയാനാകില്ല. ഇന്നു ബ്രിട്ടനിൽ ജീവിതച്ചെലവ് പ്രതിസന്ധിയെ തുടർന്ന് ശമ്പള വർധന ആവശ്യപ്പെട്ടു സമരം ചെയ്യാത്ത തൊഴിൽ മേഖലകൾ കുറവാണ്. നഴ്സുമാർ, ആംബുലൻസ് ജീവനക്കാർ, അധ്യാപകർ തുടങ്ങി ബ്രിട്ടനിലെ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിൽ തുടരുകയാണ്. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഋഷി സുനാകിനോ മറ്റു മന്ത്രിസഭ അംഗങ്ങൾക്കോ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടയിൽ യുകെയിലെ സമ്പദ് വ്യവസ്ഥ 2023 ല്‍ മോശമായി മാറുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com