ADVERTISEMENT

ലണ്ടൻ ∙ ലണ്ടനിലെ സൗത്താളിൽ മലയാളിയായ അറുപത്തിരണ്ടുകാരൻ തദ്ദേശീയരായ യുവാക്കളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയും വർഷങ്ങളായി ലണ്ടൻ സൗത്താളിൽ കുടുംബമായി താമസിക്കുകയും ചെയ്യുന്ന ജെറാള്‍ഡ് നെറ്റോയാണ് ശനിയാഴ്ച രാത്രി സൗത്താളിന് സമീപം ഹാന്‍വെല്ലിൽ വെച്ച് നടന്ന അക്രമത്തിനെ തുടർന്ന് മരിച്ചത്. റോഡരികില്‍ മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

Read Also: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമണത്തിൽ പ്രതിഷേധം ശക്തം; ഒരാൾ പിടിയിൽ, അന്വേഷണം ഊർജിതം

ജെറാള്‍ഡിനെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു. ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. ഹാന്‍വെല്ലിലെ ഉക്‌സ്ബ്രിഡ്ജ് റോഡില്‍ നിന്നാണ് പൊലീസ് ഞായറാഴ്ച വെളുപ്പിനെ ജെറാള്‍ഡിനെ കണ്ടെത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഈ മേഖലയിൽ അക്രമ സംഭവങ്ങള്‍ പതിവായതിനാല്‍ പട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിലാണ് അവശനിലയിലായ ജെറാള്‍ഡിനെ കണ്ടെത്തിയത്. തുടര്‍ന്ന് റോഡുകള്‍ അടച്ചു പട്രോളിംഗ് നടത്തിയ പൊലീസ് ടീം അതിവേഗം സംഭവത്തില്‍ കുറ്റക്കാരെന്നു കരുതുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം നടന്ന് അൽപ്പസമയത്തിനകമാണ് 16 വയസ്സുള്ള രണ്ട് പേരും 20 വയസുള്ള ഒരാളും അറസ്റ്റിലായത്. ഇവരിൽ കൊലപാതകക്കുറ്റം ചുമത്തിയ 16 വാസുകാരനായ ഒരാളെ ഈലിംഗ് കോടതിയിൽ ഹാജരാക്കി. അറസ്റ്റിലയവരിൽ 20 വയസുകാരനെ കൂടുതൽ അന്വേഷണങ്ങൾക്കായി ജാമ്യത്തിൽ വിട്ടു. 16 വയസ്സുള്ള മറ്റൊരാളെ തുടർനടപടികൾ കൂടാതെ വിട്ടയച്ചതായും മെറ്റ് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനാല്‍ ഞായറാഴ്ച വൈകുന്നേരം വരെയും പ്രദേശത്തെ റോഡില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. സ്പെഷ്യലിസ്റ്റ് ക്രൈം ഡിസിഐ ബ്രയാൻ ഹോവിയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

hanwell-murder
സംഭവ സ്ഥലത്തു നിന്നുള്ള ചിത്രം.

ഏകദേശം അമ്പതു വര്‍ഷം മുൻപാണ് ജെറാള്‍ഡിന്റെ മാതാപിതാക്കൾ ഉൾപ്പടെയുള്ള കുടുംബം ലണ്ടനിൽ എത്തിയത്. ഭാര്യ: ലിജിൻ ജെറാൾഡ് നെറ്റോ (ലത). മക്കൾ: ജെനിഫർ ജെറാൾഡ് നെറ്റോ, സ്റ്റെഫാൻ ജെറാൾഡ് നെറ്റോ. മാതാവ്: മേരി നെറ്റോ ഉൾപ്പടെയുള്ളവർ ജെറാൾഡിനൊപ്പം താമസിച്ചു വരികയായിരുന്നു. സംസ്കാരം ലണ്ടനിൽ വച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം ഉൾപ്പടെയുള്ള ക്രമീകരണങ്ങൾക്കും തുടർ നടപടികൾക്കുമായി സൗത്താളിലെ ബ്രിട്ടിഷ് കേരളൈറ്റ്സ് അസോസിയേഷൻ പ്രവർത്തകർ കുടുംബാംഗങ്ങൾക്ക് ഒപ്പമുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നവർ 101 എന്ന നമ്പരിൽ പൊലീസിനെ വിളിച്ച് '327/19Mar' എന്ന റഫറൻസിൽ ബന്ധപ്പെടുവാനും മെറ്റ് പൊലീസ് ആവശ്യപ്പെട്ടു. വിളിക്കുന്ന ആളുടെ സ്വകാര്യത നില നിർത്തി ക്രൈംസ്റ്റോപ്പേഴ്സിന്റെ 0800 555 111 എന്ന നമ്പരിൽ ബന്ധപ്പെടുവാനും മെറ്റ് പൊലീസ് അഭ്യർഥിച്ചു.

English Summary: Malayali killed in attack by youths in London, 3 people are in police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com