പാക്ക് വംശജൻ ഹംസ യൂസഫ് സ്കോട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്ററായി ചുമതലയേറ്റു
Mail This Article
എഡിൻബറോ ∙ യുകെയുടെ അംഗ രാജ്യമായ സ്കോട്‌ലൻഡ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്ന സൂചന നൽകി പാകിസ്ഥാൻ വംശജനായ ഹംസ യൂസഫ് ഫസ്റ്റ് മിനിസ്റ്ററായി ചുമതലയേറ്റു. സാധാരണ രാജ്യങ്ങളുടെ പ്രധാനമന്ത്രി പദത്തിന് തുല്യമായ പദവിയാണ് സ്കോട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ. ഫസ്റ്റ് മിനിസ്റ്ററായി ചുമതലയേറ്റ ഹംസ യൂസഫ് പുതിയ മന്ത്രിസഭയും പ്രഖ്യാപിച്ചു. ഇതിൽ പതിവ് ഇല്ലാത്ത വിധം ഒരാളെ മിനിസ്റ്റർ ഓഫ് ഇൻഡിപെൻഡൻസ് ആയി നിയമിച്ചിട്ടുണ്ട്. സ്കോട്‍ലൻഡ് ഫസ്റ്റ് മിനിസ്റ്ററായിരുന്ന നിക്കോളാ സ്റ്റർജൻ രാജി വെച്ചതിനെ തുടർന്നാണ് ഹംസ യൂസഫ് ഫസ്റ്റ് മിനിസ്റ്റർ പദവിയിലേക്ക് മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും.
Read also : 'യൂറോപ്പില്‍ യുദ്ധത്തിന്റെ വിപത്ത് തിരിച്ചെത്തി'; ജർമൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് ചാൾസ് മൂന്നാമൻ
ജാമി ഹെപ്ബേർണാണ് മിനിസ്റ്റർ ഓഫ് ഇൻഡിപെൻഡൻസായി ചുമതയേറ്റത്. യുകെയിൽ നിന്നും സ്കോട്‍ലൻഡിന് സ്വതന്ത്ര പദവി നേടിയെടുക്കാനാണ് പുതിയ നീക്കാമെന്നാണ് സൂചന. എന്നാൽ ഇതിനെതിരെ ഹംസ യൂസഫിന്റെ പാർട്ടിയായ എസ്എൻപി യിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നിട്ടുണ്ട്. പതിവില്ലാത്ത വിധം കൂടുതൽ വനിതകളെ ചുമതലകൾ നൽകിയാണ് പുതിയ മന്ത്രി സഭ പ്രഖ്യാപിച്ചിട്ടുള്ളത്. ഫസ്റ്റ് മിനിസ്റ്റർ ഉൾപ്പടെയുള്ള പത്തംഗ മന്ത്രി സഭയിൽ ആറു പേർ വനിതകളാണ്. മന്ത്രി സഭാ അംഗങ്ങളുടെ പേരും പൂർണ്ണ ചുമതലകളും സ്കോട്ടിഷ് ഗവൺമെന്റിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എസ്എൻപി ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഹംസ യൂസഫ് ഫസ്റ്റ് മിനിസ്റ്റർ ചുമതയേൽക്കാൻ നിയോഗിക്കപ്പെട്ടത്. പാർട്ടിയിലെ തന്നെ പ്രമുഖരായ കേറ്റ് ഫോബ്സ്, ആഷ് റീഗൻ എന്നിവരെ പരാജയപ്പെടുത്തിയാണ് 37കാരനായ ഹംസ യൂസഫ് വിജയിച്ചത്. ഹംസ യൂസഫിന് 48.2 ശതമാനം വോട്ട് ലഭിച്ചപ്പോൾ കേറ്റ് ഫോബ്സിന് 40.7 ശതമാനവും ആഷ് റീഗന് 11.11 ശതമാനവും വോട്ടാണ് നേടാനായത്. ഇതോടെ ഒരു പാർട്ടിയെ നയിക്കുന്ന പടിഞ്ഞാറൻ യൂറോപ്പിലെ ആദ്യ മുസ്‍ലിം നേതാവായി മാറിയിരിക്കുകയാണ് ഹംസ യൂസഫ്.
'1960കളിൽ സ്കോട്ട്‍ലൻഡിലേക്ക് കുടിയേറിയ തന്റെ പിതാമഹരുടെ വിദൂര സ്വപ്നത്തിൽ പോലും അവരുടെ ചെറുമകൻ ഇങ്ങനെയൊരു പദവിയിൽ എത്തുമെന്ന് കരുതിയിട്ടുണ്ടാകില്ല. നമ്മൾ വീട് എന്ന് വിളിക്കുന്ന രാജ്യത്തെ നയിക്കാൻ തൊലിയുടെ നിറമോ വിശ്വാസമോ ഒരു തടസ്സമല്ലെന്ന വ്യക്തമായ സന്ദേശം നൽകാനായതിൽ നാമെല്ലാവരും അഭിമാനിക്കണം. സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളുടെയും സംരക്ഷണത്തിനായി പോരാടും'. പാർട്ടി ലീഡറായി വിജയിച്ചതിന് ശേഷമുള്ള പ്രസംഗത്തിൽ ഹംസ യൂസഫ് പറഞ്ഞു. നിലവിൽ യുകെയുടെ ഭാഗമായ സ്കോട്‍ലാൻഡിന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുമെന്നും ഹംസ യൂസഫ് കൂട്ടിച്ചേർത്തു.
സ്കോട്‍ലാൻഡിലേക്ക് കുടിയേറിയ പാകിസ്താൻ പിതാവിന്റെയും കെനിയൻ മാതാവിന്റെയും മകനായി പിറന്ന ഹംസ യൂസഫ് ഗ്ലാസ്ഗൊ സർവകലാശാലയിൽനിന്നാണ് പഠനം പൂർത്തിയാക്കിയത്. സ്കോട്‍ലാൻഡിലെ മുൻ ഫസ്റ്റ് മിനിസ്റ്റർ അലക്സ് സാൽമണ്ടിന്റെ സഹായിയാകുന്നതിന് മുമ്പ് ഒരു കോൾ സെന്ററിൽ ജോലിക്കാരനായിരുന്നു. 2011ൽ ഗ്ലാസ്‌ഗോ റീജിയണിലേക്കുള്ള അധിക അംഗമായി സ്കോട്ടിഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം സ്കോട്ടിഷ് മന്ത്രിസഭാംഗമായി. അവസാനം രാജ്യത്തിന്റെ ആരോഗ്യ സെക്രട്ടറിയായിരുന്നു. 2010ൽ ഗെയ്‌ൽ ലിത്‌ഗോയെ വിവാഹം കഴിച്ചെങ്കിലും ഏഴു വർഷത്തിനുശേഷം വിവാഹമോചനം നേടിയ ഹംസ യൂസഫ് 2019ൽ നാദിയ എൽനക്ലയെ വിവാഹം കഴിച്ചു.
English Summary : Pakistan-born Hamza Yusuf to become first minister in Scotland