പെസഹ വ്യാഴം; യുകെയിലെ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും കാൽ കഴുകലും നടന്നു
Mail This Article
ലണ്ടൻ ∙ ക്രിസ്തു ദേവന്റെ അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കി യുകെയിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും കാൽ കഴുകലും അപ്പം മുറിക്കലും നടന്നു. ദേവാലയങ്ങളിലെ ശുശ്രൂഷകൾക്ക് ശേഷം വീടുകളിലും പെസഹ അപ്പം മുറിക്കൽ ചടങ്ങുകൾ നടന്നു. യുകെയിലെ സിറോ മലബാർ, ഓർത്തഡോക്സ്, യാക്കോബായ, മലങ്കര കത്തോലിക്ക എന്നിവ ഉൾപ്പടെയുള്ള വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും ഇംഗ്ലിഷ് ദേവാലയങ്ങളിലും പെസഹ ശുശ്രൂഷകൾ നടന്നു. യുകെ മലയാളികൾ ഉൾപ്പടെയുള്ള നൂറുകണക്കിന് മലയാളികൾ വിവിധ സമയങ്ങളിലായി നടന്ന ശുശ്രൂഷകളിൽ പങ്കെടുത്തു.
ലെസ്റ്ററിലെ സെന്റ് ജെയിംസ് ദി ഗ്രേറ്റർ ദേവാലയത്തിൽ നടന്ന പെസഹ ദിവ്യബലിയിൽ മലയാളിയായ ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ ബിഷപ്പ് വർഗീസ് മലയിൽ ലൂക്കോസ് സാജു, ബിഷപ്പ് മാർട്ടിൻ ജെയിംസ് സ്നോഎന്നിവർ നേതൃത്വം നൽകി. സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൺ സെന്റ് അൽഫോൻസ കത്തീഡ്രലിൽ പെസഹ, കാൽ കഴുകൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
സിറോ മലങ്കര കത്തോലിക്ക സഭയുടെ ലൂട്ടൻ സെന്റ് ജോർജ് മിഷനിൽ ബിഷപ്പ് റൈറ്റ്. റവ. ഡോ. ആന്റണി മാർ സിൽവാനോസ് പെസഹ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. യാക്കോബായ സുറിയാനി സഭയുടെ ഒക്സ്ഫോർഡ് സെന്റ് പീറ്റേർസ് ആന്റ് സെന്റ് പോൾസ് പള്ളിയിൽ മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത പെസഹ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ഒക്സ്ഫോർഡ് സെന്റ് മേരീസ് പള്ളിയിൽ ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ പെസഹ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ടോണ്ടൻ സെന്റ് ജെയിംസ് സിറോ മലബാർ പ്രൊപ്പോസ്ഡ് മിഷനിൽ നടന്ന പെസഹ ദിവ്യബലിക്കും കാൽ കഴുകലിനും ഇടവക വികാരി ഫാ. രാജേഷ് എബ്രഹാം ആനത്തിൽ നേതൃത്വം നൽകി. ബ്രിസ്റ്റോൾ സെന്റ് സ്റ്റീഫൻസ് ക്നാനയ സുറിയാനി പള്ളിയിൽ ഫാ. സജി എബ്രഹാം നേതൃത്വം നൽകി.