നഴ്സുമാരുടെ ശമ്പള വർധന; പണിമുടക്ക് രാത്രി 12 മണിവരെ തുടരും
Mail This Article
സോമർസെറ്റ് ∙ ബ്രിട്ടനിലെ ഗവണ്മെന്റ് വാഗ്ദാനം നൽകിയ 5% ശമ്പള വർധന കരാർ നിരസിച്ച ശേഷം ആരംഭിച്ച നഴ്സുമാരുടെ പണിമുടക്ക് തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി 12 വരെ തുടരുന്നു. റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. നേരത്തെ 48 മണിക്കൂർ പണിമുടക്കിന് ആഹ്വാനം നൽകിയിരുന്ന ആർസിഎൻ, കോടതി വിധിയെ തുടർന്നു 24 മണിക്കൂറാക്കി കുറച്ചിരുന്നു. പണിമുടക്കിനുള്ള ആർസിഎൻ യൂണിയന്റെ ആറ് മാസത്തെ നോട്ടീസ് കാലാവധി ചൊവ്വാഴ്ചയോടെ അവസാനിക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടർന്നാണ് 24 മണിക്കൂർ ആക്കി കുറച്ചത്.
ഇന്ന് അർദ്ധരാത്രി വരെ പണിമുടക്കാൻ അവസരം ഉള്ളതിനാൽ 4 മണിക്കൂർ കൂടി വർധിപ്പിച്ചു 28 മണിക്കൂറാക്കിയാണ് പണിമുടക്ക് ആരംഭിച്ചിട്ടുള്ളത്. എൻഎച്ച്എസിലെ അടിയന്തിര സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിൽ നടക്കുന്ന പണിമുടക്ക് രോഗികളുടെ പരിചരണം പ്രതിസന്ധിയിൽ ആക്കിയതായി റിപ്പോർട്ടുകളുണ്ട്. ആര്‍സിഎന്‍ മുമ്പ് ചെയ്തതുപോലെ ഇളവുകള്‍ നല്‍കാന്‍ വിസമ്മതിച്ചതോടെ തീവ്രപരിചരണം ഉള്‍പ്പെടെയുള്ള സേവനങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചുവെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അത്യാവശ്യ ഘട്ടങ്ങളിൽ പണിമുടക്കിൽ ഏർപ്പെട്ട നഴ്സുമാർ അടിയന്തിര സേവനങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളിൽ സഹകരിക്കണമെന്ന് ആർസിഎൻ തങ്ങളുടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് മിക്ക ആശുപത്രികളിലും പ്രായോഗികമായിട്ടില്ലെന്ന് എൻഎച്ച്എസ് മേധാവികൾ പറയുന്നു. ബാങ്ക് ഹോളിഡേയിൽ തുടരുന്ന പണിമുടക്ക് അവസാനിപ്പിക്കാൻ കോടതിയിൽ വരെ പോകേണ്ടി വന്ന സാഹചര്യത്തിൽ ഇനിയൊരു ചർച്ചക്ക് ഇല്ലെന്ന നിലപാടിലാണ് ഗവണ്മെന്റ്. 5% ശമ്പള വർധന വാഗ്ദാനം അംഗീകരിച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ആർസിഎൻ.