ADVERTISEMENT

ലണ്ടൻ ∙ രണ്ടു തലമുറയ്ക്കു ശേഷം ബ്രിട്ടൻ പുതിയ രാജാവിനെ വാഴിക്കാൻ ഒരുങ്ങുകയാണ്. എഴുപതു വർഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന കീരീടധാരണ ചടങ്ങിനായി ലണ്ടൻ നഗരം ഒരുങ്ങി. പഴുതില്ലാത്ത സുരക്ഷയും പിഴവില്ലാത്ത ഒരുക്കങ്ങളും ഉറപ്പാക്കാൻ രണ്ടുദിവസമായി രാത്രിയിൽ റിഹേഴ്സലുകൾ പുരോഗമിക്കുന്നു. 

ശനിയാഴ്ച രാവിലെ 11നാണ് ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ രാജാവിനെ കിരീടവും ചെങ്കോലും നൽകി വാഴിക്കുന്നത്. ചരിത്രമുറങ്ങുന്ന വെസ്റ്റ്മിനിസ്റ്റർ ആബിയിലെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ക്ഷണിക്കപ്പെട്ട രണ്ടായിരം പേർക്കാണ് അവസരം. എണ്ണായിരം അതിഥികളായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ഉണ്ടായിരുന്നത്.  കാന്റർബറി ആർച്ച്ബിഷപ് ഡോ. ജസ്റ്റിൻ വെൽബിയുടെ മുഖ്യ കാർമികത്വത്തിലാകും കീരീടധാരണ ചടങ്ങുകൾ. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വനിതാ ബിഷപ്പായ റൈറ്റ് റവ.ഗുലി ഫ്രാൻസിസ് ദെഹ്ക്വാനി സഹകാർമികത്വം വഹിക്കും. പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രി ഋഷി സുനകിനാണ് ചടങ്ങിൽ ബൈബിൾ വായിക്കാനുള്ള അവസരം.

charles-coronation4

1953 ജൂൺ രണ്ടിന് കേവലം 25 വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു  എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. ചാൾസ് രാജാവ് കിരീടമണിയുന്നത് 74-ാം വയസ്സിലും. കിരീടധാരണത്തോടെയാണ് രാജാവ് ഒദ്യോഗിക ചുമതലകൾ ഏറ്റെടുക്കുന്നതും രാജ്യത്തിന്റെയും രാജകുടുംബത്തിന്റെ അളവറ്റ സ്വത്തുവകകളുടെയും അധിപനായി മാറുന്നതും. രാജപത്നി എന്ന പദവിയിൽനിന്നും ചാൾസിന്റെ ഭാര്യയായ കാമില രാജ്ഞിയായും മാറും.  കിരീടധാരണ ചടങ്ങിനായുള്ള പരമ്പരാഗത വസ്ത്രങ്ങളും രാജകീയ ചിഹ്നങ്ങളുമെല്ലാം വെസ്റ്റ്മിനിസ്റ്റർ ആബിയിൽ എത്തിച്ചുകഴിഞ്ഞു. 

charles-coronation2

അധികാരത്തിന്റെ അടയാളങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട  ഇംപീരിയൽ സ്റ്റേറ്റ് ക്രൌൺ രാജാവിനെ അണിയിക്കുന്നതും രാജസിംഹാസനത്തിൽ അവരോധിക്കുന്നതുമാണ് കിരീടധാരണത്തിലെ പ്രധാന ചടങ്ങുകൾ. ഓക്ക് തടിയിൽ തീർത്ത 700 വർഷം പഴക്കമുള്ള സിംഹാസനത്തിന്റെ നവീകരണം പൂർത്തിയായിക്കഴിഞ്ഞു. അധികാരത്തിന്റെ അടയാളങ്ങളായ കുരിശു പതിപ്പിച്ച്, രത്നങ്ങളാൽ അലങ്കരിച്ച  അംശവടിയും  വജ്രമോതിരവും  ആർച്ച്ബിഷപ് ചടങ്ങിൽ രാജാവിന് കൈമാറും. സോവറിൻസ് ഓർബ് എന്നറിയപ്പെടുന്ന കുരിശുപതിപ്പിച്ച ഗോളമാണ് മറ്റൊരു സ്ഥാനചിഹ്നം. രാജാവിന്റെ അധികാരങ്ങളെല്ലാം ദൈവത്തിൽനിന്നുള്ളതാകുന്നു എന്ന് ഓർമിപ്പിക്കാനുള്ളതാണിത്.  ഇതിലും നിറയെ അമൂല്യരത്നങ്ങളാണ്.  

charles-coronation3

വിവിധ രാജ്യങ്ങളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളിൽ രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ, സാംസ്കാരിക, കായിക രംഗങ്ങളിലെ പ്രമുഖരും ഉൾപ്പെടുന്നു. പതിവിനു വിപരീതമായി മറ്റു മതമേലധ്യക്ഷന്മാരെയും ഇക്കുറി ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള സൈനികരുടെ പരേഡോടെയാകും ശനിയാഴ്ച രാവിലെ ബക്കിങ്ങാം പാലസിലെ ചടങ്ങുകളുടെ തുടക്കം.  ആറായിരം പേർ പങ്കെടുക്കുന്ന ഈ പരേഡിനൊപ്പം സ്വർണരഥത്തിലാകും കിരീടമണിയാനായി രാജാവ് വെസ്റ്റ്മിനിസ്റ്റർ ആബിയിലേക്ക് എത്തുക. 

കിരീടധാരണത്തിനു മുന്നോടിയായി ചൊവ്വാഴ്ച ചാൾസ് രാജാവും ഭാര്യ കാമിലയും പാർലമെന്റിൽ സന്ദർശനം നടത്തി. കിരീടധാരണ ചടങ്ങിന് ക്ഷണം കിട്ടാതെപോയ എംപിമാർക്കൊപ്പം ഇരുവരും  വിരുന്നുസൽക്കാരത്തിൽ പങ്കെടുത്തു.  

charles-coronation2

പരേഡുകളുടെ റിഹേഴ്സലുകൾക്കും മറ്റുമായി ലണ്ടൻ ട്യൂബ് സ്റ്റേഷനുകളിൽ ഉൾപ്പെടെ പലസ്ഥലങ്ങളിലും നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു. വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജ്, തേംസ് സ്ട്രീറ്റ്, വാർട്ടർലൂ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നത്.

ചാരിംങ് ക്രോസ്, എംബാർക്ക്മെന്റ് ഗ്രീൻപാർക്ക്, പിക്കാഡലി സർക്കസ്, ടെംബിൾ, മാർബിൾ ആർക്ക് സെന്റ് ജെയിംസ് പാർക്ക്, വെസ്റ്റ്മിനിസ്റ്റർ, വാർട്ടർലൂ, ട്യൂബ് സ്റ്റേഷനുകളിൽ വരുംദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും  നിയന്ത്രണം ഇല്ലാത്ത രീതിയിലാകും ക്രമീകരണങ്ങൾ. നഗരയാത്രികർ യാത്രകൾക്കായി അധികസമയം കരുതണമെന്ന് മുന്നറിയിപ്പുണ്ട്. 

English Summary: City of London preparing for parades, crowds and street parties to mark King Charles coronation 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com