ബ്രിട്ടനിൽ ഇനി ഡ്രൈവറില്ലാത്ത ബസും, ആദ്യ സർവീസ് എഡിൻബോറോയിൽ
Mail This Article
ലണ്ടൻ ∙ ഡ്രൈവറില്ലാത്ത ട്രെയിനും കാറുമെല്ലാം വിജയകരമായി പരീക്ഷിച്ച ബ്രിട്ടനിൽ ഇനി ഡ്രൈവറില്ലാത്ത ബസുകളും. സ്കോട്ട്ലൻഡിലെ എഡിൻബോറോയിലാണ് ഈ ഡ്രൈവറില്ലാ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രൈവറ്റ് ബസ് ഓപ്പറേറ്റിംങ് കമ്പനിയായ സ്റ്റേജ് കോച്ചാണ് ഫുൾസൈസ് ബസുകൾ ഡ്രൈവറില്ലാതെ സർവീസ് ആരംഭിച്ചിരിക്കുന്നത്.
എഡിൻബറോയിലെ ഫെറിടോൾ പാർക്കിൽനിന്നും പാർക്ക് സ്റ്റേഷൻ വരെയാണ് ഈ ബസ് സർവീസ് നടത്തുന്നത്. ഡ്രൈവറില്ലെങ്കിലും സർവീസ് നിയന്ത്രിക്കാൻ രണ്ടു ജീവനക്കാർ ബസിനുള്ളിലുണ്ട്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം നിരീക്ഷിക്കുകയാണ് ഒരാളുടെ ജോലി. ഇയാൾ ഡ്രൈവറുടെ സീറ്റിലിരുന്നാണ് ഇതു ചെയ്യുന്നത്. യാത്രക്കാരെ സഹായിക്കാനും ടിക്കറ്റ് നൽകാനുമായി ബസ് ക്യാപ്റ്റനുമുണ്ട്. പരീക്ഷണം വിജയമായാൽ ഈ തസ്തികകൾ ഒഴിവാക്കിയാകും ഭാവിയിലെ സർവീസുകൾ.
അഞ്ച് ഒറ്റനില ബസുകളാണ് ആദ്യകഘട്ടത്തിൽ സർവീസിന് ഇറക്കിയിട്ടുള്ളത്. ആഴ്ചതോറും 10,000 പേർ ഈ ബസുകളിൽ യാത്രചെയ്യുമെന്നാണ് സ്റ്റേജ് കോച്ചിന്റെ പ്രതീക്ഷ. 14 മൈൽ ദൂരമുള്ള റൂട്ടിലൂടെ സെൻസറുകളുടെ സഹായത്തോടെയാണ് മണിക്കൂറിൽ 50 മൈൽ വരെ സ്പീഡിലുള്ള ഈ ബസുകളുടെ ഓട്ടം. റൗണ്ട് എബൌട്ടുകൾ, ട്രാഫിക് ലൈറ്റുകൾ, മോട്ടോർവേകളിലെ ലൈൻ മാറ്റം എന്നിവയെല്ലാം ഡ്രൈവറില്ലാതെ സാധ്യമാകുന്ന സാങ്കേതിക വിദ്യയാണ് ബസിൽ ഉപയോഗിച്ചിരിക്കുന്നത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സ്റ്റേജ് കോച്ചിന്റെ ഈ പുതിയ സംരംഭം വഴിതുറക്കുന്നത്.
ലണ്ടനിലെ ട്യൂബ് ഗതാഗതസംവിധാനത്തിന്റെ ഭാഗമായ ഡിഎൽആർ ട്രെയിനുകൾ (ഡോക്ക്ലാൻഡ് ലൈറ്റ് റെയിൽവേ) ഡ്രൈവറില്ലാതെയാണ് സർവീസ് നടത്തുന്നത്. 1987ൽ തുടങ്ങിയ ഈ ഓട്ടോമേറ്റഡ് ലൈറ്റ് മെട്രോ സിസ്റ്റം ഇന്ന് ഏഴ് വ്യത്യസ്ത റൂട്ടുകളിലായി 24 കിലോമീറ്റർ ദൂരമാണ് ലണ്ടൻ നഗരത്തിൽ ദിവസേന ഇടതടവില്ലാതെ സർവീസ് നടത്തുന്നത്. ഡ്രൈവറില്ലാത്ത ഈ ട്രെയിനിൽ പ്രതിദിനം 340,000 യാത്രക്കാരാണ് നഗരയാത്ര ചെയ്യുന്നത്.
English Summary: UK's first driverless bus begins passenger service in Edinburgh