ADVERTISEMENT

കേംബ്രിഡ്ജ്∙ യുകെയുടെ രാഷ്ട്രീയ ചരിത്രത്തിൽ കഠിനാധ്വാനത്തിലൂടെ സ്ഥാനം പിടിച്ച ബൈജു വർക്കി തിട്ടാല യുകെയിലെ ഇന്ത്യൻ സമൂഹത്തിന് മാതൃകയാകുന്നു. കേംബ്രിജിന്റെ ആദ്യ ഏഷ്യൻ ഡപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം ആർപ്പൂക്കര കരിപ്പുത്തിട്ട സ്വദേശിയായ ബൈജു തിട്ടാല ഇപ്പോൾ സോളിസിറ്ററും ക്രിമിനൽ ഡിഫൻസ് ലോയിൽ അഭിഭാഷകനുമാണ്. കേരളത്തിലെ ‌സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് സാമ്പത്തിക പരാധീനതകളാൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോയ ബൈജു പത്താം ക്ലാസ് പരീക്ഷയിൽ നേടിയത് 210 മാർക്ക്‌ മാത്രമാണ്. തുടർന്ന് പിഡിസി പാരലൽ കോളജിൽ നിന്നും പൂർത്തിയാക്കിയ ബൈജു പഠനം തുടർന്നില്ല. പഠന ശേഷം നിരവധി സാധാരണ ജോലികൾ ചെയ്തിരുന്നു.

baiju-thaitala-4

കരിപ്പുത്തിട്ട ഗവ. ഹൈസ്കൂളിൽ സംഘടിപ്പിക്കപ്പെട്ട വിദ്യാർത്ഥി സമരത്തിലൂടെയാണ് ചെറുപ്പ കാലത്ത് പൊതുരംഗത്തിൽ എത്തുന്നത്. സഹപാഠികളായ മനു തോമസ് മാത്യു, ജയ്മോൻ ജോസഫ്, പി.എസ് വർഗീസ് എന്നിവർക്ക് ഒപ്പമാണ് സമരങ്ങളിൽ പങ്കെടുത്തത്. സമരം വിജയിച്ചതോടെ പൊതു രംഗത്ത് സജീവമായി. സ്കൂൾ പഠന കാലയളവിലെ ഭാവിയിൽ ഒരു അഭിഭാഷകൻ ആകണമെന്ന് ആഗ്രഹിച്ചിരുന്ന ബൈജു പിന്നീട് ജീവിത പ്രയാസങ്ങളെ തുടർന്നു പഠനം തുടരാനാകാതെ വിവിധ ചെറു ജോലികളിൽ പ്രവേശിക്കുകയായിരുന്നു. 1999 ൽ ജോലി തേടി ഡൽഹിയിൽ എത്തിയ ബൈജു അവിടെ വച്ച് പരിചയപ്പെട്ട മുട്ടുചിറ സ്വദേശിനിയായ ആൻസിയെ 2002ൽ വിവാഹം കഴിച്ചു. ഡൽഹിയിൽ നഴ്സായിരുന്ന ആൻസി 2003 ലാണ് യുകെയിൽ എത്തിയത്. തുടർന്നു ആറു മാസത്തിനു ശേഷം ബൈജുവും യുകെയിൽ എത്തി. യുകെയിൽ ചെറുതും വലുതുമായ വിവിധ ജോലികൾ ചെയ്തിരുന്ന ബൈജു 2008 ൽ കേംബ്രിജ് റീജിയണൽ കോളജിൽ ഫൗണ്ടേഷൻ കോഴ്സിന് ചേർന്നതാണ് ജീവിതത്തിൽ വഴിത്തിരിവ് ആയത്.

പുതു തലമുറയിൽ ഉൾപ്പെട്ട കുടിയേറ്റക്കാരിൽ ഭൂരിപക്ഷവും തങ്ങളുടെ മക്കളുടെ പഠനം ഉൾപ്പടെയുള്ള ഭാവി സുരക്ഷിതമാക്കാം എന്ന് കരുതി എത്തുന്നവരാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി തങ്ങൾക്കു കൂടി മികച്ച അവസരങ്ങൾ ലഭിക്കുന്ന ഇടമാണ് യുകെയെന്ന് മനസിലാക്കാൻ പുതു തലമുറയിൽപ്പെട്ടവർക്ക് കഴിയണം. ഇതിനുള്ള മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് തന്റെ ജീവിതാനുഭവം

ഫൗണ്ടേഷൻ കോഴ്സ് ഫസ്റ്റ് ക്ലാസിൽ പാസായ ബൈജു നിയമ പഠനത്തിനായി കേംബ്രിജ് ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ എൽഎൽബി പഠനത്തിനു ചേർന്നു. പഠനത്തിനോട് ഒപ്പം പാർട്ട് ടൈം ജോലി ചെയ്യാൻ കഴിയും വിധമാണ് ഫസ്റ്റ് ക്ലാസോടെ എൽൽഎൽബി പൂർത്തിയാക്കിയത്. പഠന കാലയളവിൽ വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങൾക്കായി മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. തുടർന്ന് എൽഎൽഎമ്മിൽ ഉന്നത വിജയം നേടി പഠനം പൂർത്തിയാക്കിയ ബൈജു ഗവേഷണ വിദ്യാർത്ഥിയായി കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ ചേർന്നിരുന്നു. എന്നാൽ യുകെയിലെ കുടുംബമായുള്ള ജീവിതത്തിന് ജോലി മുഖ്യമായതിനാൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിൽ ഡപ്യൂട്ടി മേയർ എന്ന നിലയിൽ മുൻകൈ എടുക്കും. കേംബ്രിഡ്ജിൽ എല്ലാവർക്കും താങ്ങാനാവുന്ന ഭവന പദ്ധതികൾ, സുസ്ഥിര വികസന പ്രോത്സാഹനം, വിദ്യാഭ്യാസത്തിന് കൂടുതൽ നിക്ഷേപം വകയിരുത്തൽ തുടങ്ങിയ പദ്ധതികൾക്കായി ഡപ്യൂട്ടി മേയർ എന്ന നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.

ഇക്കാലയളവിൽ തന്നെ യുകെയിലുടനീളം സഞ്ചരിച്ച് ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ബോധവത്കരണം നടത്തിയിട്ടുണ്ട്. തൊഴിൽ രംഗത്ത് നീതി നിഷേധിക്കപ്പെട്ട പലർക്കും ബൈജുവിന്റെ സേവനങ്ങൾ ഇക്കാലത്ത് തുണയായി മാറിയിരുന്നു. ലേബർ പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ യുകെയിലെ സിപിഎം അനുകൂല സംഘടനയായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്(എഐസി) എന്ന സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നു എഐസിയിൽ നിന്നും രാജി വെച്ചു. ഇതേ തുടർന്നു ലേബർ പാർട്ടിയിൽ വീണ്ടും സജീവമായ ബൈജു 2018 ൽ കേംബ്രിജിന്റെ  ഈസ്റ്റ് ചെസ്റ്റർട്ടൻ മണ്ഡലത്തിൽ  ഉപതിരഞ്ഞെടുപ്പിലൂടെ കൗൺസിലറായി വിജയിച്ചു. തുടർന്നു നടന്ന പൊതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെങ്കിലും മണ്ഡലം കേന്ദ്രീകരിച്ചുള്ള ബൈജു തിട്ടാലയുടെ പ്രവർത്തനം 2022 ൽ വീണ്ടും കൗൺസിലറായി വിജയിക്കാൻ സഹായിച്ചു.

baiju-thaitala-7

കൗൺസിലർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനങ്ങൾ 2023 മെയ് 25 ന് കേംബ്രിജിന്റെ  ഡപ്യൂട്ടി മേയർ പദവിയിലേക്ക് എത്താൻ വഴിയൊരുക്കി. സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിൽ ഡെപ്യൂട്ടി മേയർ എന്ന നിലയിൽ മുൻകൈ എടുക്കുമെന്ന് ബൈജു വർക്കി തിട്ടാല മനോരമ ഓൺലൈനോട് പറഞ്ഞു. കേംബ്രിജിൽ എല്ലാവർക്കും താങ്ങാനാവുന്ന ഭവന പദ്ധതികൾ, സുസ്ഥിര വികസന പ്രോത്സാഹനം, വിദ്യാഭ്യാസത്തിന് കൂടുതൽ നിക്ഷേപം വകയിരുത്തൽ തുടങ്ങിയ പദ്ധതികൾക്കായി ഡെപ്യൂട്ടി മേയർ എന്ന നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് ബൈജു കൂട്ടിച്ചേർത്തു. രണ്ട് വർഷത്തേക്ക് ആണ് ബൈജുവിന് കേംബ്രിജിന്റെ ഭരണത്തിൽ നേതൃത്വം നൽകാൻ കഴിയുക. ഇപ്പോൾ ഡപ്യൂട്ടി മേയറായ ബൈജു നിലവിലുള്ള നിയമങ്ങൾ അനുസരിച്ചു ഒരു വർഷം കഴിഞ്ഞു മേയാറാകും.

baiju-Thaitala-2

പുതു തലമുറയിൽ ഉൾപ്പെട്ട കുടിയേറ്റക്കാരിൽ ഭൂരിപക്ഷവും തങ്ങളുടെ മക്കളുടെ പഠനം ഉൾപ്പടെയുള്ള ഭാവി സുരക്ഷിതമാക്കാം എന്ന് കരുതി എത്തുന്നവരാണ്. എന്നാൽ അതിൽ നിന്നും വെത്യസ്തമായി തങ്ങൾക്കു കൂടി മികച്ച അവസരങ്ങൾ ലഭിക്കുന്ന ഇടമാണ് യുകെയെന്ന് മനസിലാക്കാൻ പുതു തലമുറയിൽപ്പെട്ടവർക്ക് കഴിയണമെന്നും ബൈജു തിട്ടാല പറഞ്ഞു. ഇതിനുള്ള മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് തന്റെ ജീവിതാനുഭവമെന്നും ബൈജു ചൂണ്ടിക്കാട്ടി.

baiju-Thaitala-3

യുകെയിലെത്തുന്ന മലയാളി നേഴ്സുമാർക്ക് തങ്ങളുടെ തൊഴിൽ രംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു വർക്കി തിട്ടാല നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. യുകെ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ ഉൾപ്പെടെ സജീവമായി ഇടപെട്ട് ശ്രദ്ധേയനായിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽനിന്ന് യുകെയിൽ വന്ന് കേംബ്രിഡ്ജിന്റെ ഡപ്യൂട്ടി മേയറായ ബൈജു വർക്കി തിട്ടാലയുടെ നേട്ടം സന്തോഷത്തോടെയാണ് യുകെ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.

baiju-thaitala-1

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം രാജസ്ഥാനിൽ വെച്ച് ഭാരത് ജോഡോ യാത്രയിലും പങ്കെടുത്തിരുന്നു. ഒരിക്കൽ നാട്ടിലേക്ക് തിരിച്ചു പോകുന്നതിനും കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിനുമുള്ള സാധ്യത ബൈജു തള്ളിക്കളയുന്നില്ല. കേംബ്രിഡ്ജിലെ ഒരു സ്വകാര്യ നഴ്സിങ് ഹോമിൽ യൂണിറ്റ് മാനേജരാണ് ഭാര്യ ആൻസി. വിദ്യാർത്ഥികളായ അന്ന തിട്ടാല, അലൻ തിട്ടാല, അൽഫോൻസ് തിട്ടാല എന്നിവരാണ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com