എംപി സ്ഥാനം രാജിവച്ച് ബോറിസ് ജോൺസൺ; അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി ബ്രിട്ടിഷ് രാഷ്ട്രീയം
Mail This Article
ലണ്ടൻ ∙ ‘പാർട്ടി ഗേറ്റ്’ വിവാദത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിയുടെ അന്വേഷണം നേരിടുന്ന മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എംപി സ്ഥാനം രാജിവച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു പാർലമെന്റിൽനിന്നുള്ള ബോറിസിന്റെ രാജി. ടോറി പാർട്ടിയിലെ (കൺസർവേറ്റീവ്) ഏറ്റവും ജനപിന്തുണയുള്ള നേതാവായ ബോറിസിന്റെ രാജി രാഷ്ട്രീയ വനവാസത്തിനെന്നും മറ്റൊരു മടങ്ങിവരവിനുള്ള മുന്നൊരുക്കമെന്നും വിലയിരുത്തുന്നവരുണ്ട്. ബോറിസിനൊപ്പം മുതിർന്ന പാർട്ടി എംപിമാരായ നദീം ഡോറിസ്, നൈജൽ ആഡംസ് എന്നിവരും രാജിവച്ചിട്ടുണ്ട്. ഇരുവരും ബോറിസിനൊപ്പം മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. മൂവരുടെയും രാജി ഉടൻതന്നെ മൂന്ന് ഉപതിരഞ്ഞെടുപ്പുകൾക്ക് കളമൊരുക്കും. അടുത്തിടെ നടന്ന പ്രാദേശീക കൗൺസിൽ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വച്ചു നോക്കിയാൽ മൂന്നു ഉപതിരഞ്ഞെടുപ്പുകളും ടോറികൾക്ക് വലിയ നഷ്ടമാകും സമ്മാനിക്കുക.
Read Also: ബ്രിട്ടനില ഇന്‍ഹെറിറ്റന്‍സ് ടാക്‌സ്: 40% മനുഷ്യത്വരഹിതമെന്ന് വിമര്‍ശനം
ലണ്ടൻ മേയറായിരിക്കെ 2012 ഒളിംപിക്സ് വിജയകരമായി നടത്തിയടോയാണ് ബോറിസ് ദേശീയ ശ്രദ്ധ നേടിയ രാഷ്ട്രീയക്കാരനായി വളർന്നത് തുടർന്ന് മേയർ സ്ഥാനം രാജിവച്ച് അക്സ്ബ്രിഡ്ജിൻ നിന്നും എംപിയായ ബോറിസ്, ഡേവിഡ് കാമറണിന്റെ വലംകൈയായിരുന്നു. എന്നാൽ ബ്രെക്സിറ്റിൽ ലീവ് പക്ഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത ബോറിസ് കാമറണിനെതിരെ പാർട്ടിയിൽ പോർമുഖം തുറന്ന് പടിപടിയായി പ്രധാനമന്ത്രിസ്ഥാനത്തേക്ക് എത്തുകയായിരുന്നു. ബ്രെക്സിറ്റിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ തെരേസ മേയ് പ്രധാനമന്ത്രിയായപ്പോൾ വിദേശകാര്യമന്ത്രിയായി. പിന്നീട് തെരേസ മേയുടെ രാജിയെത്തുടർന്നാണ് ബോറിസ് പ്രധാനമന്ത്രിയായത്.
30 വർഷത്തെ ചരിത്രത്തിൽ ടോറികൾക്ക് ഏറ്റവും മികച്ച വിജയം സമ്മാനിച്ചാണ് ബോറിസ് നാലുവർഷം മുൻപ് പൊതു തിരഞ്ഞെടുപ്പ് ജയിച്ചത്. പറഞ്ഞ വാക്കുപാലിച്ച് ബ്രെക്സിറ്റ് നടപ്പിലാക്കി. കോവിഡ് കാലത്ത് ശ്രദ്ധേയമായ പദ്ധതികളിലൂടെ രാജ്യത്തെ നയിച്ച ബോറിസിന് പക്ഷേ, ലോക്ക്ഡൗൺ നിബന്ധനകൾ തെറ്റിച്ച് സ്വന്തം വസതിയിൽ നടത്തിയ പാർട്ടികൾ വിനയായി. 'പാർട്ടി ഗേറ്റ്' എന്ന പേരിൽ കുപ്രിസിദ്ധി നേടിയ ഈ വിവാദം പ്രധാനമന്ത്രിസ്ഥാനത്തുനിന്നും ബോറിസിനെ താഴെയിറക്കി. ഇക്കാര്യത്തിൽ പാർലമെന്റിനെ തെറ്റിധരിപ്പിച്ചു എന്നതിലാണ് പ്രവിലേജ് കമ്മിറ്റിയുടെ അന്വേഷണം പുരോഗമിക്കുന്നത്. കമ്മിറ്റിയുടെ അന്വേഷണം എംപി സ്ഥാനം ഒഴിയാനും അദ്ദേഹത്തെ നിർബന്ധിതനാക്കി. അന്വേഷണ റിപ്പോർട്ട് ഉടൻ വരാനിരിക്കെ ഇത് തനിക്ക് തീർത്തും എതിരായിരിക്കുമെന്ന് ബോറിസിന് വ്യക്തമായ സൂചന ലഭിച്ചു. അതുകൊണ്ടുതന്നെയാണ് പാർലമെന്റിൽനിന്നും രാജി വയ്ക്കാൻ ബോറിസ് തീരുമാനിച്ചത്. കമ്മിറ്റിയുടെ അന്വേഷണത്തിലുടനീളം തന്നെ മന:പൂർവം വേട്ടയാനുള്ള ശ്രമമാണ് നടന്നതെന്നാണു രാജിക്കത്തിൽ ബോറിസ് ആരോപിക്കുന്നത്. എന്നാൽ ബോറിസ് വെറും ഭീരുവാണെന്നാണ് രാജിയോടുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണം.
ടോറി അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രിവിലേജ് കമ്മിറ്റിയിൽ ബോറിസിന് അനുകൂല നിലപാട് എടുക്കുന്നവർ ആരുംതന്നെയില്ല. ഇതു മനസിലാക്കിയ ബോറിസിന് റിപ്പോർട്ടിൽനിന്നും അനുകൂലമായി ഒന്നും പ്രതീക്ഷിക്കാനില്ല. റിപ്പോർട്ടിൽ ബോറിസ് കുറ്റക്കാരനെന്നു കണ്ടാൽ ഏതാനും ദിവസത്തേക്ക് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. ഈ ശിക്ഷ മുന്നിൽകണ്ടാണ് അത്തരമൊരു സാഹചര്യത്തിനു നിൽക്കാതെ അദ്ദേഹം രാജിവച്ചൊഴിഞ്ഞത്.
തന്ത്രങ്ങളുടെ തമ്പുരാനായ ബോറിസിന്റെ അടുത്ത നീക്കം എന്തെന്ന് അറിയാനാണ് ബ്രിട്ടിഷ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
English Summary: Boris Johnson resigns as MP