ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഖലിസ്ഥാൻ നേതാവ് അവതാർ ഖണ്ഡ മരിച്ചു
Mail This Article
ലണ്ടൻ∙ ഖലിസ്ഥാൻ വിഘടനവാദി നേതാവ് അവതാർ സിങ് ഖണ്ഡ ബ്രിട്ടണിൽ മരിച്ചു. ബർമിങ്ങമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താർബുദം ബാധിച്ചാണ് മരണമെന്നും അതല്ല, ഭക്ഷ്യവിഷബാധമൂലമാണ് മരണമെന്നും റിപ്പോർട്ടുകളുണ്ട്. യഥാർഥ മരണ കാരണം വ്യക്തമല്ല. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന്റെ അടുത്ത അനുയായിയും ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ (കെഎൽഎഫ്) ബ്രട്ടണിലെ തലവനുമാണ് അവതാർ.
Read also: ലോകത്തിലെ ഏറ്റവും വലിയ മൂത്രാശയ കല്ല് നീക്കം ചെയ്ത് ശ്രീലങ്കൻ ഡോക്ടർമാർ ; ഗിന്നസ് നേട്ടം...
ഏതാനും ദിവസങ്ങളായി ഇയാൾ രക്താർബുദത്തിന് വെസ്റ്റ് ബർമിങ്ങമിലെ സാന്റ്വെൽ ആശുപത്രിയിൽ ചികിൽസയിലായരുന്നു എന്നും ചികിൽസയ്ക്കിടെയുണ്ടായ വിഷബാധയാണ് മരണകാരണമെന്നും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
മാർച്ച് 19ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിന് നേർക്കുണ്ടായ ഖാലിസ്ഥാൻ സംഘത്തിന്റെ ആക്രമണത്തിന് നേതൃത്വം കൊടുത്തവരിൽ പ്രധാനിയായിരുന്നു അവതാർ ഖണ്ഡ. ഇന്ത്യൻ ദേശീയ പതാകയെ അപമാനിക്കാനും ഹൈക്കമ്മിഷൻ ഓഫിസിന് കേടുപാടുകൾ വരുത്താനും ശ്രമിച്ച നാലുപേരിൽ ഒരാൾ ഇയാളായിരുന്നു എന്ന് എൻഐഎ തിരിച്ചറിഞ്ഞിരുന്നു.
ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ സജീവ പ്രവർത്തകനായിരുന്ന ഖണ്ഡയുടെ പിതാവിനെ ഇന്ത്യൻ സുരക്ഷാസേന 1991ൽ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം വിദ്യാർഥി വീസയിൽ ബ്രിട്ടണിലെത്തിയ അവതാർ ഖണ്ഡ പിന്നീട് ലണ്ടനിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകായിരുന്നു. ബ്രിട്ടണിലെ സിഖ് യുവാക്കളെ ഖാലിസ്ഥാൻ വിഘടനവാദത്തിലേക്ക് ആകർഷിക്കുകയും അവരെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തിരുന്നവരിൽ പ്രധാനിയായിരുന്നു അവതാർ.
English Summary : Khalistan leader Avtar Khanda, the mastermind behind the Indian High Commission attack, has passed away