ആറു ശതമാനത്തിന് മുകളിലേക്ക് ഉയർന്ന് മോർഗേജ് റേറ്റ്; ബ്രിട്ടനിൽ തിരിച്ചടവ് താങ്ങാനാവാതെ വീട്ടുടമകൾ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ വീടുകളുടെ മോർഗേജ് പലിശനിരക്ക് ശരാശരി ആറു ശതമാനത്തിന് മുകളിലേക്ക് ഉയർന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസിക് പലിശനിരക്ക് 4.5 ശതമാനമായി ഉയർത്തിയതോടെയാണ് ബാങ്കുകൾ ഭവനവായ്പകൾക്ക് നൽകിയിരുന്ന പലിശനിരക്ക് ക്രമാതീതമായി ഉയർത്താൻ നിർബന്ധിതരായത്. പലിശനിരക്ക് ഉയർന്നതോടെ പല ഉല്പന്നങ്ങളും വിപണിയിൽനിന്നും പിൻവലിക്കാൻ തയാറായിരിക്കുയാണ് ബാങ്കുകളും ബിൽഡിങ് സൊസൈറ്റികളും.
പലിശനിരക്കും മോർഗേജ് നിരക്കും ഇത്തരത്തിൽ ഉയരുമ്പോഴും വീട്ടുടമകളെ സഹായിക്കാൻ എന്തെങ്കിലും പദ്ധതികളുള്ളതായി പ്രധാനമന്ത്രി ഋഷി സുനക് ചെറിയ സൂചനപോലും നൽകുന്നില്ല. ഈവർഷം പകുതിയോടെ പണപ്പെരുപ്പ നിരക്ക് പകുതിയായി കുറയ്ക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് പ്രധാനമന്ത്രി ആവർത്തിക്കുന്നത്. അതുമാത്രമാണ് ജീവിതച്ചെലവും പലിശനിരക്കും കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്നാണ് പ്രധാനമന്ത്രി വിശദീകരിക്കുന്നത്.
ഫിനാൻഷ്യൽ ഇൻഫർമേഷൻ സർവീസിന്റെ കണക്കുപ്രകാരം തിങ്കളാഴ്ച രാജ്യത്തെ രണ്ടുവർഷ ഫിക്സഡ് മോർഗേജിന്റെ ശരാശരി പലിശനിരക്ക് 6.01 ശതമാനമാണ്. അഞ്ചുവർഷത്തെ ഫിക്സഡ് പലിശനിരക്ക് 5.67 ശതമാനവും.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി കമ്മിറ്റി ഈ വ്യാഴാഴ്ച വീണ്ടും പലിശനിരക്ക് അവലോകനം ചെയ്യാനായി യോഗം ചേരുന്നുണ്ട്. കോവിഡിനു ശേഷം 12 തവണ പലിശനിരക്ക് ഉയർത്തിയ കമ്മിറ്റി മറ്റൊരു വർധനയ്ക്കുകൂടി പച്ചക്കൊടി കാട്ടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
English Summary: Two year UK mortgage rate rises above 6%