ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടണിലെ കെറ്ററിംങ്ങിൽ നഴ്സായ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ 40 വർഷത്തെ ജയിൽശിക്ഷ ലഭിച്ച  കണ്ണൂർ സ്വദേശി ഷാജു വിചാരണക്കിടെ കോടതിയിൽ പൊട്ടിക്കരഞ്ഞു. ശിക്ഷ വിധിച്ച നോർത്താംപ്റ്റൺ ക്രൌൺ കോടതിയിലായിരുന്നു ഏതു ശിലാഹൃദയനെയും കണ്ണീരണിയിക്കുന്ന നാടകീയ രംഗങ്ങൾ. ഷാജു ഭാര്യയെയും കുട്ടികളെയും കൊന്നത് ഡ്രസിംങ് ഗൗണിന്റെ വള്ളി ഉപയോഗിച്ചാണെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. 

Read Also: മുഹമ്മദലിയുടെ മൂന്ന് വർഷത്തെ ശ്രമം ഫലം കണ്ടു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 34 കോടി സ്വന്തമാക്കി മലയാളി

കൊലപാതകം നടക്കുന്ന സമയത്ത് ഷാജുവിന്റെ ഫോൺ റിക്കോർഡിംങ് മോഡിലായിരുന്നു. ഇത് ഷാജു അറിഞ്ഞിരുന്നില്ല. പൊലീസ് പിടിച്ചെടുത്ത ഈ ഫോണിലെ 90 മിനിറ്റോളം വരുന്ന ഓഡിയോ റെക്കോർഡുകൾ കേസിൽ നിർണായക തെളിവായി. ഈ ഓഡിയോയുടെ ഏറ്റവും പ്രധാനപ്പെട്ട ഒന്നര മിനിറ്റ് സമയം ഇന്നലെ കോടതിയെ പ്രോസിക്യൂഷൻ കേൾപ്പിച്ചു. ഇതിലാണ് ‘’അമ്മയെ കൊല്ലരുതേ’’ എന്ന ഉച്ചത്തിലുള്ള കുഞ്ഞുങ്ങളുടെ നിലവിളിയും മരണവെപ്രാളത്തിലുള്ള അഞ്ജുവിന്റെ ദയനീയമായ കരച്ചിലുമുള്ളത്. കോടതി മുറിയിൽ കുഞ്ഞുങ്ങളുടെ നിലവിളി കേട്ടതോടെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് ഷാജുവും വാവിട്ട് നിലവിളിച്ചു. 

അൽപസമയത്തിനുശേഷം സമചിത്തത വീണ്ടെടുത്ത പ്രതി പക്ഷേ, 40 വർഷത്തെ ശിക്ഷാവിധി കേട്ടപ്പോൾ നിർവികാരനായിരുന്നു. 

സംഭവദിവസം ഡ്യൂട്ടി കഴിഞ്ഞെത്തിയ അഞ്ജുവും ഷാജുവുമായി വഴക്കുണ്ടായതായും ഇതിനെത്തുടർന്ന് ഷാജു ഭാര്യയെ കൊലപ്പെടുത്തി എന്നുമാണ് പോലീസ് റിപ്പോർട്ടിലുള്ളത്. രാത്രി രണ്ടു മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് അനുമാനം. ഭാര്യയെ കൊന്നശേഷം മക്കളെ ഉറക്കഗുളിക പാലിൽ കലർത്തിനൽകി കൊല്ലാൻ ശ്രമിച്ചു. ഇതു വിജയിക്കാതെ വന്നതോടെ മക്കളെയും സമാനമായ രീതിയിൽ ഗൗണിന്റെ വള്ളി ഉപയോഗിച്ച് കഴുത്തു മുറുക്കി കൊല്ലുകയായിരുന്നു. ഇളയ കുട്ടിയുടെ പോസ്റ്റുമോർട്ടം പരിശോധനയിൽ ഉറക്കഗുളികയുടെ അംശം ശരീരത്തിലുള്ളതായി റിപ്പോർട്ടുണ്ട്. 

സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഷാജുവും അഞ്ജുവും തമ്മിൽ 15 വയസിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു. പ്രേമവിവാഹമായിരുന്നു ഇരുവരുടെയും. അഞ്ജുവിന് മറ്റാരുമൊക്കെയുമായി ബന്ധമുണ്ടെന്നും അവർ എൻഎച്ച്എസ്. ഇ-മെയിൽ അക്കൗണ്ടിലൂടെയും ഫോൺ മെസേജുകളിലൂടെയും ബന്ധപ്പെടുന്നുണ്ടെന്നും ഷാജു സംശയിച്ചു. ഇതെച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

കഴിഞ്ഞവർഷം ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ ശ്രീകണ്ഠാപുരം പടിയൂർ സ്വദേശിയായ ചേലവേലിൽ ഷാജു ഭാര്യയായ വൈക്കം കുലശേഖരമംഗലം അറയ്ക്കൽ അശോകന്റെ മകൾ അഞ്ജുവിനെയും മക്കളായ ജീവ (6) ജാൻവി (4)  എന്നിവരെയും നിർദയം കൊലചെയ്തത്. അന്നുതന്നെ അറസ്റ്റിലായ ഷാജുവിനെ  വിചാരണ തീരും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ നേരത്തെ നോർത്താംപ്റ്റൺഷെയർ ക്രൌൺ കോടതി ഉത്തരവിട്ടിരുന്നു.  

Also Read: ഖത്തറിലെ വാഹനാപകടത്തിൽ മരിച്ച മൂവരുടെയും സംസ്കാരം ഇന്ന്

സാജുവിന്റെ പേരിൽ നേരത്തെ മറ്റൊരു കേസും ഇല്ലാത്ത സാഹചര്യത്തിൽ കൊലപാതകമാണെങ്കിലും ജാമ്യം കിട്ടിയേക്കുമോ എന്ന ആശങ്ക പലരും പങ്കുവച്ചിരുന്നു. എന്നാൽ കേസിന്റെ ഗൌരവം പരിഗണിച്ച്  കോടതി വിചാരണ തീരുംവരെ ജാമ്യം അനുവദിച്ചിരുന്നില്ല. 

അപൂർവങ്ങളിൽ അപൂർവമായ ഒരു കേസിൽ മലയാളിയായ ഒരാൾ ബ്രിട്ടണിൽ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. രണ്ടിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന കേസിൽ പരമാവധി ശിക്ഷതന്നെ നൽകുന്ന രീതി പിന്തുടർന്നാണ്  ഈ കേസിലും കോടതി ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട രണ്ടുപേർ കുട്ടികളായത് ശിക്ഷയുടെ കാഠിന്യം ഇരട്ടിപ്പിക്കാൻ ഇടയാക്കി. എങ്കിലും പ്രതി നേരത്തെ തന്നെ കുറ്റം സമ്മതിച്ചതിനാൽ ശിക്ഷയിൽ അഞ്ചുവർഷത്തെ ഇളവ് ലഭിച്ചു. 

കൊലപാതകത്തിനുശേഷം ഒരു കത്തിയുമായി വീട്ടിലെ സോഫയിൽ ഇരുന്ന ഷാജുവിനെ വീടിന്റെ ജനൽ തകർത്ത് അകത്തുകടന്ന പൊലീസ് ടീസർ ഉപയോഗിച്ച് ഷോക്ക് നൽകിയാണ് പിടികൂടിയത്. ഇതിന്റെ വിഡിയോ നേരത്തെ ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 

കെറ്ററിംങ് എൻഎച്ച്എസ് ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന അഞ്ജു ജോലിക്ക് എത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകരും കൂട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകവിവരം പുറത്തറിയുന്നതും പൊലീസ് പ്രതിയെ സംഭവസ്ഥലത്തുനിന്നുതന്നെ പിടികൂടുന്നതും. 

അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ പിന്നീട് ഇന്ത്യൻ ഹൈക്കമ്മിഷന്റെയും ബ്രിട്ടണിലെ മലയാളി അസോസിയേഷനുകളുടെ മാതൃസംഘടനയായ യുക്മയുടെയും സഹകരണത്തോടെ നാട്ടിലെത്തിച്ച് സംസ്കരിച്ചു. 

പ്രതിക്കുവേണ്ടി സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നു. വൃദ്ധയായ മാതാവ് നാട്ടിലെ വീട്ടിൽ ഒറ്റയ്ക്കാണെന്നും വീട്ടിലെ ചുമതലകൾ വഹിക്കുന്ന ഏകമകൻ എന്ന നിലയിൽ കുറഞ്ഞശിക്ഷ നൽകണം എന്നും മാത്രമാണ് സർക്കാർ അഭിഭാഷകൻ എതിർവാദം ഉന്നയിച്ചത്. 

ഇപ്പോൾ ലഭിച്ചിരിക്കുന്ന ശിക്ഷയ്ക്ക് ശേഷം പ്രതി സാമൂഹ്യ ജീവിതത്തിനു തടസം സൃഷ്ടിക്കില്ല  എന്നു കണ്ടെത്തിയാൽ മാത്രമേ 92-ാം വയസിൽ ഇനി ഷാജുവിന് പുറത്തിറങ്ങാനാകൂ. 

English Summary: Shaju burst into tears in the court when he heard the children's cries of 'Don't kill their mother'; Suspicion led to the murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com