15 ലക്ഷം പേർ,70 വേദികൾ; ലോക യുവജന സംഗമത്തിന് ലിസ്ബണിൽ നാളെ തിരിതെളിയും
Mail This Article
ലിസ്ബൺ∙ നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോക യുവജന സംഗമത്തിന് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ നാളെ തിരിതെളിയും. കോവിഡും കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യപ്രശ്നങ്ങളും കാരണം നീട്ടിവച്ച സംഗമത്തിനാണ് നാളെ തുടക്കമാകുന്നത്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ യുവജന സംഗമം നാളെ മുതൽ ഓഗസ്റ്റ് ആറ് വരെയാണ് ക്രമീകരിച്ചരിക്കുന്നത്.
150ൽപ്പരം രാജ്യങ്ങളിൽനിന്നുള്ള 15 ലക്ഷം യുവജനങ്ങൾ സംഗമത്തിൽ പങ്കെടുക്കുന്നതിനായി രാജ്യത്ത് എത്തിചേർന്നിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ സംഗമത്തിൽ യുവജനങ്ങൾക്ക് സന്ദേശം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടികൾ ഇംഗ്ലീഷിനു പുറമെ സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ തുടങ്ങിയ ഭാഷകളിലായിരിക്കും നടക്കുക. 70 വേദികളാണ് പരിപാടികൾക്കായി ക്രമീകരിച്ചരിക്കുന്നത്.
കുർബാനകളും ആരാധനകളും വിശ്വാസ പ്രഘോഷണങ്ങളും സംഗീത നൃത്ത പരിപാടികളും സംഗമത്തിലുണ്ടാകും. ലോക യുവജന സംഗമത്തിനോട് അനുബന്ധിച്ച് ഇതാദ്യമായി റജിസ്റ്റർ ചെയ്ത തീർത്ഥാടകർക്ക് ഓഗസ്റ്റ് രണ്ടിന് കാർകവെലോസ് ബീച്ചിൽ നടക്കുന്ന ബീച്ച് വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കുമെന്നത് ഇത്തവണത്തെ സവിശേഷതയാണ്.
English Summary: 15 lakh people, 70 venues; The World Youth Summit will kick off tomorrow in Lisbon