കടൽ കടന്നെത്തുന്ന അഭയാർഥികൾക്ക് കടലിൽത്തന്നെ വാസമൊരുക്കി ബ്രിട്ടൻ; വിസമ്മതിക്കുന്നവർക്ക് സർക്കാർ സഹായം ലഭിക്കില്ല
Mail This Article
ലണ്ടൻ ∙ അനധികൃതമായി കടൽകടന്ന് അഭയാർഥികളായി ബ്രിട്ടനിലെത്തുന്നവർക്ക് കടലിൽത്തന്നെ വാസസ്ഥലം ഒരുക്കുകയാണ് ബ്രിട്ടൻ. ആഡംബര ഹോട്ടലും കൗൺസിൽ ഭവനങ്ങളും പ്രതീക്ഷിച്ചെത്തുന്നവരെ കടലിൽ നങ്കൂരമിട്ട ബാർജുകളിലെ താൽകാലിക വാസസ്ഥലങ്ങളിലേക്കാകും ഇനി മുതൽ മാറ്റുക. ഡോർസെറ്റിലെ ബിബി സ്റ്റോക്ക്ഹോം എന്ന ബാർജിലേക്ക് ഇതിനോടകം തന്നെ നിരവധി പേരെ മാറ്റിക്കഴിഞ്ഞു. ഇങ്ങനെ പോകാൻ വിസമ്മതിക്കുന്നവർക്ക് ഇനി സർക്കാർ സഹായങ്ങൾ ഒന്നും ഉണ്ടാകില്ല. നികുതി ദായകരോട് നീതി പുലർത്താനും അഭയാർഥികളോട് അനുകമ്പാപൂർണമായ സമീപനം ഉറപ്പുവരുത്താനുമാണ് ബാർജിലെ താമസ സൗകര്യമെന്നാണ് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെനറിക്കിന്റെ വിശദീകരണം. എന്നാൽ ജയിലിനു തുല്യമായ സാഹചര്യമാണ് ബാർജിലെന്നാണ് അഭയാർഥികളുടെ പരാതി. എപ്പോൾ വേണമെങ്കിലും ബാർജിൽനിന്ന് പുറത്തുവരാനും തിരികെ പോകാനും അനുമതിയുണ്ടെങ്കിലും ബ്രിട്ടനിലെ സുഖസൗകര്യങ്ങൾ സ്വപ്നം കണ്ട് കടൽ കടന്നെത്തിയവർക്ക് കടലിൽ തന്നെയുള്ള ഈ സ്ഥിരതാമസം ഉൾക്കൊള്ളാനാകുന്നില്ല.
അഞ്ഞൂറു പേർക്ക് താമസിക്കാൻ സൗകര്യമുള്ള ബാർജാണ് ഡോർസെറ്റിലെ പോർട്ടിലുള്ളത്. എന്നാൽ ഇതിനുള്ള സൗകര്യങ്ങൾ ഇല്ലെന്നാണ് അഭയാർഥികളുടെ വെളിപ്പെടുത്തൽ. തിങ്കളാഴ്ചയാണ് ആദ്യ ബാച്ചായി 15 പേരെ ബാർജിലേക്ക് മാറ്റിയത്. 18 നും 65നും മധ്യേ പ്രായമുള്ള പുരുഷന്മാരാണ് ഇവരെല്ലാം. ഡോക്കിലെ ശബ്ദവും സുരക്ഷാ പരിശോധനയുമെല്ലാം ചേരുമ്പോൾ ഒരു ജയിലിന്റെ പ്രതീതിയാണ് എന്നായിരുന്നു ഇവരിൽ ഒരാളുടെ അനുഭവസാക്ഷ്യം. 24 മണിക്കൂറും സെക്യൂരിറ്റി ഗാർഡും പുറത്തുപോകാൻ നിശ്ചിത സമയവുമുണ്ട്. കാർഡ് പഞ്ചു ചെയ്തുവേണം പുറത്തിറങ്ങാനും അകത്തു കയറാനും. ചുരുക്കി പറഞ്ഞാൽ എയർപോർട്ട് മാതൃകയിലുള്ള സെക്യൂരിറ്റിയാണ് ബാർജിലെന്ന് അദ്ദേഹം പറയുന്നു.
ഭക്ഷണം മോശമാണെന്നും ചികിൽസാ സൗകര്യങ്ങൾ എന്താണെന്ന് അറിയില്ലെന്ന പരാതിയുമുണ്ട്. എന്നാൽ ഈ പരാതികളൊന്നും മുഖവിലക്കെടുക്കാൻ സർക്കാർ തയാറാകുന്നില്ല. മുൻ നിശ്ചയപ്രകാരം അഭയാർഥികളെയെല്ലാം ഇത്തരം ബാർജുകളിലേക്ക് മാറ്റാൻ തന്നെയാണ് തീരുമാനം. ഇംഗ്ലിഷ് ചാനൽവഴി കടൽകടന്ന് എത്തുന്നവരെ കാത്തിരിക്കുന്നത് സുഖജീവിതമല്ല, ബാർജിലെ താൽകാലിക വാസം മാത്രമാണെന്ന സന്ദേശമാണ് സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം.
രാജ്യത്ത് നിലവിലുള്ള 50,000 ലേറെ അഭയാർഥികൾക്ക് ഭക്ഷണവും താമസവും ഒരുക്കാൻ സർക്കാർ ചെലവഴിക്കുന്നത് ദിവസേന ആറു മില്യൻ പൗണ്ടാണ്. നികുതിദായകരുടെ പണം ഇത്തരത്തിൽ ചെലവാക്കാൻ കഴിയില്ലെന്നതാണ് ഇവരുടെ താമസം ബാർജുകളിലേക്കും പഴയ മിലിട്ടറി സൈറ്റുകളിലേക്കും മാറ്റാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഇത്തരത്തിൽ 3000 പേരെ ഉടൻ മാറ്റി പാർപ്പിക്കും. ബാർജുകളിലേക്ക് പോകണോ വേണ്ടയോ എന്നു തീരുമാനിക്കാൻ അഭയാർഥികൾക്ക് ചോയ്സില്ല. പോകാൻ തയാറാകാത്തവർക്കുള്ള സർക്കാർ സഹായങ്ങൾ അതോടെ നിലയ്ക്കും. ഈ നിലപാട് ശക്തമാക്കിയതോടെ മനസില്ലാ മനസോടെ ബാർജിലേക്ക് മാറുകയാണ് ബോട്ടിലെത്തുന്ന അഭയാർഥികൾ. ബ്രിട്ടനിൽ ഒരു പുതുജീവിതം സ്വപ്നം കണ്ട് ജീവൻ പണയം വച്ചും ഫൈബർ ബോട്ടിൽ കടൽ കടന്ന് എത്തുന്നവർ ഇനി എത്തിപ്പെടുക ഇത്തരം ബാർജുകളിൽ മാത്രമാകും.
1976ൽ നിർമിച്ച എൻജിൻ ഇല്ലാത്ത ബാർജാണ് ബിബി സ്റ്റോക്ക്ഹോം. 1992ൽ ഇത് അക്കോമഡേഷൻ ബാർജായി മാറ്റി. ഓയിൽ-ഗ്യാസ് വർക്കേഴ്സിന്റെ താമസത്തിനായി ഉപയോഗിച്ചിരുന്ന ഈ ബാർജാണ് ഇപ്പോൾ അഭയാർഥികൾക്ക് വാസസ്ഥലമൊരുക്കാൻ ഉപയോഗിക്കുന്നത്. ദൈർഘ്യമേറിയ ഇടനാഴികളും ചെറിയ മുറികളും നിറഞ്ഞതാണ് ഈ ബാർജുകൾ. ചെറിയ ഒരു ഡെസ്ക്, വാഡ്രോബ്, ലോക്കർ, ടെലിവിഷൻ എന്നിവയാണ് പരിമിതമായ സൗകര്യം. ബെഡുകൾ ഏറെയും ബങ്കു ബെഡുകളാണ്. എല്ലാമുറിക്കും ഷവറും ബാത്ത്റൂമും ഉണ്ട്. 222 പേർക്കാണ് യഥാർധ സൗകര്യമെങ്കിലും കൂടുതൽ പേരെ പാർപ്പിക്കാനാണ് ബങ്ക് ബെഡുകൾ സ്ഥാപിച്ചത്. ഇങ്ങനെയാണ് ഇതിന്റെ ശേഷി 506 പേർക്കുള്ളതായി വർധിപ്പിച്ചിരിക്കുന്നത്. ഡൈനിങ് ഹാൾ, ജിം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം. ഭക്ഷണക്രമത്തിലെ വൈവിധ്യങ്ങളും പ്രാർഥന ഉൾപ്പെടെയുള്ള മതപരമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള സൗകര്യവും ഉറപ്പുവരുത്തുന്നുണ്ടെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
English Summary: Britain to provide home to refugees in barges moored in Southern England