‘ദൈവമായി മാറുന്ന ലൂസി’;ഏഴ് നവജാത ശിശുക്കളുടെ അരുംകൊലയ്ക്ക് പിന്നിൽ അന്വേഷകർ കണ്ടെത്തിയ കാരണങ്ങൾ
Mail This Article
ലണ്ടൻ∙ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും ആറ് പേരെ കൊല്ലാൻ ശ്രമിച്ചതിനും കുറ്റക്കാരിയെന്ന് കണ്ടെത്തിയ നഴ്സ് ലൂസി ലെറ്റ്ബി (33) കുറ്റകൃത്യം നടത്തുന്നതിന് പിന്നിലെ കാരണം കൃത്യമായി വിശദീകരിക്കാൻ കഴിയാതെ പ്രോസിക്യൂഷൻ. കഴിഞ്ഞ 10 മാസം നീണ്ടുനിന്ന വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ സാധ്യമായ നിരവധി കാരണങ്ങൾ കോടതിയുടെ മുന്നിൽ അവതരിപ്പിച്ചിരുന്നു.
∙ ലൂസി ലെറ്റ്ബി 'ദൈവമാകുന്നത്' ആസ്വദിച്ചു
ലൂസി ലെറ്റ്‌ബിയുടെ അവസാന ഇരകൾ ഒരു പ്രവസത്തിൽ ജനിച്ച മൂന്ന് ആൺകുട്ടികളിലെ രണ്ട് പേരായിരുന്നു. പി, ഒ എന്നിങ്ങനെയാണ് കൊല്ലപ്പെട്ട കുട്ടികളെ പ്രോസിക്യൂഷൻ കോടതിയിൽ പരാമർശിച്ചത്. 2016 ജൂണിൽ ഇബിസയിലെ അവധിക്കാലം കഴിഞ്ഞ് ലെറ്റ്ബി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഒ മരിച്ചത്. കുട്ടിയുടെ സഹോദരനായ പി ഒരു ദിവസം കഴിഞ്ഞാണ് മരിച്ചത്.
മനോനില തെറ്റിയ പോലെയായിരുന്നു ലെറ്റ്ബിയുടെ പ്രവർത്തനം. താൻ ദൈവമായി മാറിയെന്ന് വിചാരിച്ചാണ് ലെറ്റ്ബി പ്രവർത്തിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കുട്ടികളെ ഉപദ്രവിച്ചു കൊണ്ട് ദൈവമായി മാറിയെന്ന് ലെറ്റ്ബി വിചാരിച്ചു. അതേസമയം, കുട്ടികളുടെ ആരോഗ്യം മോശമാകുന്നതിനെക്കുറിച്ച് സഹപ്രവർത്തകരെ ആദ്യം അറിയിക്കുന്നതും ലെറ്റ്ബി തന്നെയായിരുന്നു. എല്ലാ സ്വയം നിയന്ത്രിക്കുന്നത് ലെറ്റ്ബി ആസ്വദിച്ചു. സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ പ്രവചിക്കാൻ ആഗ്രഹിച്ചാണ് ഇങ്ങനെ പ്രവർത്തിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
∙ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് ആസ്വദിച്ചു
നേരത്തെ ലെറ്റ്ബിയെ രണ്ട് തവണ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 2020-ൽ മൂന്നാമത്തെ അറസ്റ്റിൽ, ഔപചാരികമായി കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ, ആശുപത്രിയിലെ രേഖകൾ പൊലീസ് കണ്ടെത്തി, അതിൽ ലെറ്റ്ബി 'ഞാൻ ദുഷ്ടയാണ്, ഞാൻ ഇത് ചെയ്തു' എന്ന് എഴുതിയിരുന്നു. ആശുപത്രി മുറിയിലെ സങ്കടത്തിൽ നിന്നും നിരാശയിൽ നിന്നും ലെറ്റ്ബിക്ക് സന്തോഷം ലഭിക്കുന്നുണ്ടെന്ന് പ്രോസിക്യൂട്ടർമാർ അഭിപ്രായപ്പെട്ടു.
∙ അജ്ഞാത ഡോക്ടറുടെ ശ്രദ്ധ ആഗ്രഹിച്ചു
കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ വിവാഹിതയായ ഒരു ഡോക്ടറുമായി ലെറ്റ്ബിക്ക് രഹസ്യ ബന്ധമുണ്ടെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം അതിവേഗം വഷളാകുമ്പോൾ ബന്ധപ്പെടുന്ന ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇത്തരത്തിൽ ഇടപെടൽ നടത്തി ഡോക്ടറുടെ 'വ്യക്തിഗത ശ്രദ്ധ' ലഭിക്കാനാണ് ഇത് ചെയ്തെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. പക്ഷേ ലെറ്റ്ബി ഈ വാദം നിഷേധിച്ചു.
Read also: അധിക ബാഗേജ് നിരക്ക് മൂന്നിലൊന്നാക്കി കുറച്ച് എയർ ഇന്ത്യാ എക്സ്പ്രസ്; 5 കിലോ 'അധിക ബാഗേജ്' സൗജന്യം
2016 ജൂലൈയിൽ ലെറ്റ്ബിയെ നവജാത ശിശുക്കളുടെ വിഭാഗത്തിൽ നിന്ന് നീക്കം ചെയ്തതിന് ശേഷവും, ഡോക്ടറോട് പതിവായി സന്ദേശമയയ്‌ക്കുകയും ലവ്, ഹാർട്ട് ഇമോജികൾ കൈമാറുകയും ജോലിക്ക് പുറത്ത് നിരവധി തവണ കണ്ടുമുട്ടുകയും ചെയ്‌തതായി കോടതിയിൽ ഇവരുടെ സന്ദേശം ഹാജരാക്കി പ്രോസിക്യൂട്ടർമാർ വാദിച്ചു.
∙ കഴിവില്ലായ്മ
കുട്ടികളെ പരിചരിക്കാൻ കഴിവില്ലാത്തതിനാൽ അവരെ കൊലപ്പെടുത്തിയെന്നാണ് മറ്റൊരു വാദം. ലൂസി ലെറ്റ്ബി എഴുതിയ നിരവധി കുറിപ്പുകൾ ജൂറിമാർക്ക് മുന്നിൽ അവതരിപ്പിച്ചാണ് ഈ വാദം ഉയർത്തിയത്. അതിലൊന്ന് ‘‘ തനിക്ക് അവരെ പരിപാലിക്കാൻ കഴിവില്ലാത്തതിനാൽ മനഃപൂർവം കൊന്നു’’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു കുറിപ്പിൽ പറയുന്നത്, ‘‘തനിക്ക് ഒരിക്കലും കുട്ടികളുണ്ടാകില്ല, വിവാഹം കഴിക്കില്ല. ഒരു കുടുംബം എങ്ങനെയുണ്ടെന്ന് അറിയില്ല’’ എന്നാണ്.
∙ വിരസത
ലൂസി ലെറ്റ്ബി ഒരു ബാൻഡ് 5 നഴ്‌സായിരുന്നു, അതായത് നവജാതശിശു വിഭാഗത്തിലെ രോഗികളായ കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള പരിശീലനം ഉള്ള വ്യക്തി. കൂടുതൽ വൈദ്യസഹായം ആവശ്യമില്ലാത്ത കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് കാര്യമായ ജോലിയുണ്ടായിരുന്നില്ല. ഇത് വിരസതയ്ക്ക് കാരണമാകുന്നതായി വിചാരണയിൽ ലെറ്റ്ബി സമ്മതിച്ചു.
5 ആൺകുഞ്ഞുങ്ങളേയും 2 പെൺകുഞ്ഞുങ്ങളേയുമാണു ലൂസി കൊലപ്പെടുത്തിയതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 2015–16 ൽ രാത്രിജോലിക്കിടെ ഇൻസുലിൻ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാൽ കുടിപ്പിച്ചുമാണു കുഞ്ഞുങ്ങളെ കൊന്നതെന്നു ലൂസി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.
Englsih Summary: Why Did Lucy Letby, A UK Nurse, Murder Babies? Investigators List Motives