ADVERTISEMENT

"കഴിഞ്ഞ ഒരു മാസം വിശപ്പടക്കിയത് ആപ്പിള്‍ കഴിച്ചാണ്. ഞാന്‍ ഇവിടെ കിടന്നു പട്ടിണി കിടന്നു മരിക്കാന്‍ പോകുകയാണ്." - 14 ലക്ഷം മുടക്കി ഏറെ സ്വപ്നങ്ങളുമായി യുകെയിലെത്തിയ കോട്ടയം സ്വദേശി ജോഷിയുടേതാണ് വാക്കുകള്‍. ജനറല്‍ നഴ്സിങ്ങും പോസ്റ്റ് ബിഎസ്‍സിയും കഴിഞ്ഞ് മുംബൈയിലും ബഹ്റൈനിലും നഴ്സായി ജോലി ചെയ്ത അനുഭവ പരിചയം വച്ചാണ് കെയര്‍ അസിസ്റ്റന്റ് ജോലിക്കായി ജോഷി യുകെയിലെത്തുന്നത്. മൂന്നു മാസം മുന്‍പ് ഇവിടെ എത്തിയെങ്കിലും ജോലി ലഭിക്കാതെ വന്നതോടെ കടുത്ത പട്ടിണിയിലാകുകയായിരുന്നു. തന്നെ പോലെ ഉയര്‍ന്ന തുക നല്‍കി യുകെയിലെത്തിയ 400 പേരെങ്കിലും രാജ്യത്ത് പലയിടത്തായി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. 

 

∙ഞാന്‍ വിശന്നു മരിക്കുകയാണ്, ഇനി വിളിക്കില്ല

 

ഇംഗ്ലണ്ടിലെ ഡവണ്‍ കൗണ്ടിയില്‍ എത്തി രണ്ടര മാസം കഴിഞ്ഞിട്ടും പല പ്രാവശ്യം ബന്ധപ്പെട്ടിട്ടും  ഹോം ഉടമകള്‍ ജോലിക്കു വിളിച്ചില്ല. പട്ടിണി കിടന്നു മരിക്കേണ്ടി വരുമോ എന്നു ഭയന്നതോടെ കഴിഞ്ഞ മാസം അവസാനമായി അവര്‍ക്കു ഇ–മെയിൽ അയ്ച്ചു. മറുപടി കിട്ടാതെ മടുത്തപ്പോഴായിരുന്നു അവസാനത്തെ മെയില്‍. "ഇനി ഞാന്‍ നിങ്ങളെ വിളിക്കുകയോ മെയില്‍ അയയ്ക്കുകയോ ഇല്ല. ഇവിടെ പട്ടിണി കിടന്നു മരിക്കാന്‍ പോകുകയാണ്. നിങ്ങള്‍ക്കു വിളിക്കണമെങ്കില്‍ വിളിക്കാം." എല്ലാവര്‍ക്കും കോപ്പി വച്ച് മെയില്‍ അയച്ചതോടെ അത്ര നാളും പ്രതികരിക്കാതിരുന്നവര്‍ അര മണിക്കൂറിനുള്ളില്‍ വിളിച്ചു. പുലര്‍ച്ചെ ആറു മണിക്ക് പണം വാങ്ങിയ കൊച്ചിയില്‍ നിന്നുള്ള ഏജന്‍സി അഫിനിക്സിന്‍റെ ഓഫിസില്‍ നിന്നാണെന്നു പറഞ്ഞു വിളി വന്നു. 

Read also: 10,000 രൂപ, 3 ദിവസം, 200 കിലോ ലഗേജ്, കിടിലൻ ഭക്ഷണം; ദുബായിൽ നിന്ന് കേരളത്തിലെത്താം കപ്പലിൽ


450 പൗണ്ടാണ് ഇവര്‍ മാസം ആകെ തരുന്നത്. താമസിക്കുന്ന റൂമിനു വാടക  458 പൗണ്ടാണ്. ഇതിനിടെ ചില അടുത്ത ബന്ധുക്കളില്‍ നിന്ന് വാങ്ങിയ പണം കൊണ്ടാണ് അത്യാവശ്യ ചെലവുകള്‍ നടത്തിയത്.  കെയര്‍ ഹോം ഓഫിസില്‍ നിന്നുള്ളവര്‍ വിളിച്ച് കാര്യങ്ങള്‍ അറിയാനാണ്. അടുത്ത മാസം മുതല്‍ ജോലിക്കു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 

 

 

 ഓഫര്‍ ലറ്ററില്‍ പറഞ്ഞ കെയര്‍ ഹോമിൽ എത്തിയപ്പോൾ ഒരു ദിവസം അവിടെ താമസിപ്പിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളെ നോട്ടുന്ന കെയര്‍ ഹോം എന്നു പറഞ്ഞാണ് കൊണ്ടു വന്നെങ്കിലും അവിടെ ഒരു കുട്ടി പോലുമില്ലായിരുന്നു. കെയര്‍ ഹോം എന്നു പറയാനാകാത്ത ഒരു വീട് എടുത്തിട്ടിരിക്കുകയാണ്. ബോര്‍ഡ് പോലുമില്ലാത്ത വീട്. അവിടെ ഒരു ഇംഗ്ലീഷുകാരന്‍ മാത്രമുണ്ടായിരുന്നു. പിറ്റെ ദിവസം തിരികെ പോകാനും ആവശ്യപ്പെട്ടു. പിന്നെ ഒരാഴ്ചത്തേയ്ക്ക് ഒരു ജോലിയില്ലെന്നു പറഞ്ഞു. 

 

പിന്നീട് ഇവരുടെ തന്നെ മറ്റൊരു കെയര്‍ ഹോമിലേയ്ക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. 45 മിനിറ്റു നടന്ന് പോകാനുള്ള ദൂരത്തിലാണ് ഈ കെയര്‍ ഹോം. അവിടെ ചെല്ലുമ്പോള്‍ ആദ്യ ദിവസം ഹോമില്‍ ഒരു വനിതാ മാനേജര്‍ വന്നു. ഒരു റെസിഡന്റുപോലുമില്ലാത്ത ഹോമില്‍ അവര്‍ അവരുടെ മുറിയിലും മറ്റൊരു റൂമില്‍ താനുമിരുന്നു. 

 

∙ ആളില്ലാത്ത കെയര്‍ ഹോമുകള്‍

 

ആഴ്ചയില്‍ രണ്ടു ദിവസം ഡ്യൂട്ടിയുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ചെല്ലുക, ഭിത്തിയില്‍ താക്കോല്‍ സൂക്ഷിക്കുന്നിടത്തു നിന്നു താക്കോലെടുത്തു തുറന്ന് അവിടെ ഇരിക്കുക മാത്രമാണ് ജോലി. വൈകിട്ട് അഞ്ചു മണിയാകുമ്പോള്‍ അടച്ചു പൂട്ടി താക്കോല്‍ അവിടെ വച്ച് മടങ്ങി പോകുക. മേയ് മാസത്തില്‍ വന്ന താന്‍ ഇതുവരെ ഒരു കുഞ്ഞിനെ പോലും അവിടെ കണ്ടിട്ടില്ല. നാട്ടിലെ 14 ലക്ഷം രൂപ ചെലവഴിച്ച് വന്നിട്ടാണ് ഈ ഗതി.  

 

ഒമ്പതു ലക്ഷം രൂപ വരെ ഏജന്‍സിക്കു നല്‍കി. കൊച്ചി പാലാരിവട്ടത്തു പ്രവര്‍ത്തിക്കുന്ന അഫിനിക്സ് എന്ന ഏജന്‍സിക്ക് രണ്ടര ലക്ഷവും മൂന്നര ലക്ഷം വീതം യുകെയിലെ മറ്റ് രണ്ട് ഏജന്‍സികള്‍ക്കായും നല്‍കിയിട്ടുണ്ട്. നേരിട്ടു നല്‍കാനാവില്ലെന്നു പറഞ്ഞ് ഡല്‍ഹിയിലെ അക്കൗണ്ട് നമ്പര്‍ നല്‍കി അതിലേയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ലണ്ടനിലെ ഒരു ഏജന്‍സി പണം കൈപ്പറ്റിയതിന്‍റെ രേഖ അയച്ചു തരികയും ചെയ്തു. വീസ ചാര്‍ജും ടിക്കറ്റ് ചാര്‍ജും മറ്റു ചെലവുകളുമായി നാലു ലക്ഷം രൂപയില്‍ ഏറെ ചെലവഴിച്ചു. കൂടെ വന്ന ചിലര്‍ വേറെ പണം മുടക്കി സ്പോണ്‍സര്‍ഷിപ് മാറിയതിനാല്‍ ജോലിയുണ്ട്. ചിലര്‍ക്ക് ഇവരുടേതല്ലാത്ത ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. 

Read also: പോളണ്ടിൽ കാറും ബസും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

ഇതിനകം ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ പ്രസിഡന്‍റിനും നോര്‍ക്കയ്ക്കും കേരള പൊലീസിനും വരെ പരാതി കൊടുക്കാവുന്ന എല്ലാവര്‍ക്കും ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. ഡിജിപിക്കു നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ക്കായി പാലാരിവട്ടം പൊലീസിനു കൈമാറിയിട്ടുണ്ടെന്ന മറുപടി ലഭിച്ചു. 

 

∙ സാലറി സ്ലിപ്പ് വേണമെന്ന് ഏജന്‍സി

 

പൊലീസ് അന്വേഷണം ആരംഭിച്ചത് അറിഞ്ഞതോടെ അഫിനിക്സ് എന്ന ഏജന്‍സിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിളിച്ചിട്ടുണ്ടായിരുന്നു. അവര്‍ക്ക് പേസ്‍ലിപ് വേണമെന്നാണ് ആവശ്യം. 21 പേര്‍ക്ക് ഈ ആവശ്യത്തില്‍ ഇമെയില്‍ അയച്ചിട്ടുണ്ട്. പൊലീസ് ചോദിച്ചാല്‍ ശമ്പളം നല്‍കിയെന്നു തെളിയിക്കാനാണ്. 14 ലക്ഷം മുടക്കിയിട്ട് 450 പൗണ്ട് മാസം തരാനാണോ കൊണ്ടു വന്നേ എന്നാണ് അവരോടു ചോദിച്ചത്. പാലാരിവട്ടം പൊലീസ് വിളിപ്പിച്ചപ്പോള്‍ തൃശൂര്‍ സ്വദേശിയായ അതിന്‍റെ ഉടമ വിദേശത്തേയ്ക്കു കടന്നിരിക്കുകയാണ് എന്നാണ് അറിയാനായത്. പരാതി മലയാളത്തില്‍ വേണം എന്നു പൊലീസ് ആവശ്യപ്പെടത് അനുസരിച്ച് വെള്ളപ്പേപ്പറില്‍ എഴുതി അയച്ചു കൊടുത്തിട്ടുണ്ട്. ഇതിനകം അഫിനിക്സ് ഏജന്‍സിയുടെ ലൈസന്‍സ് പുതുക്കാന്‍ നല്‍കിയത് അനുമതി നല്‍കാതെ തടഞ്ഞു വച്ചിട്ടുള്ളതായി സ്പെഷല്‍ ബ്രാഞ്ചില്‍ നിന്നു വിളിച്ച ഓഫിസറും അറിയിച്ചിട്ടുണ്ടെന്നും ജോഷി പറയുന്നു. 

 

∙ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സ്പെഷല്‍ ബ്രാഞ്ച്

 

യുകെയില്‍ 400ല്‍ പരം ഉദ്യോഗാര്‍ഥികളെ എത്തിച്ചു പണം തട്ടിയെന്ന കേസില്‍ കൊച്ചിയിലെ അഫിനിക്സ് എന്ന ഏജന്‍സിക്കെതിരെ അന്വേഷണം ആരംഭിച്ചതായി എറണാകുളം സിറ്റി സ്പെഷല്‍ ബ്രാഞ്ച് എസിപി ടി.ആര്‍. ജയകുമാര്‍ മനോരമ ഓണ്‍ലൈനോട് അറിയിച്ചു. പരാതിയില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

∙ നിയമസഹായവുമായി പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ 

 

യുകെയില്‍ വീസ തട്ടിപ്പിന് ഇരയായി കുടുങ്ങി കിടക്കുന്ന ഉദ്യോഗാര്‍ഥികളുടെ വിഷയം ശ്രദ്ധയില്‍ പെട്ടതോടെ  പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്‍റ് ജോസ് ഏബ്രഹാമുമായി സംസാരിച്ച് അദ്ദേഹത്തിന്‍റെ നിര്‍ദേശ പ്രകാരം വിഷയം ഏറ്റെടുത്തതായി പ്രവാസി ലീഗല്‍ സെല്‍ യുകെ സെല്‍ കോഓര്‍ഡിനേറ്റര്‍ സോണിയ സണ്ണി. സിഒഎസ്(സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ്) നല്‍കി യുകെയില്‍ എത്തിച്ച ശേഷം ആവശ്യത്തിന് ഷിഫ്റ്റ് നല്‍കാതെയും ജോലിക്കു സൗകര്യം ഒരുക്കാതെയും ലക്ഷങ്ങള്‍ തട്ടിയെടുത്തവര്‍ക്കെതിരെ യുകെയിലും ഇന്ത്യയില്‍ വിവിധ ഏജന്‍സികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. യുകെയിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിലും വിവരം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഇപ്പോഴും ഏജന്‍സികള്‍ തട്ടിപ്പു തുടരുന്നതിനാല്‍ സര്‍ക്കാരിന്‍റെ അടിയന്തര ശ്രദ്ധ ഈ വിഷയത്തില്‍ പതിയണമെന്നും നടപടി ഉണ്ടാകണമെന്നുമാണ് ആവശ്യം. യുകെയില്‍ ദുരിതത്തില്‍ ‍പെട്ടു കിടക്കുന്നവര്‍ക്ക് അടിയന്തര സഹായം എത്തിക്കണം എന്നും ലീഗല്‍ സെല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു സോണിയ മനോരമ ഓണ്‍ലൈനോടു പ്രതികരിച്ചു.

 

 

English Summary: Malayalee in UK, faced immense hardships after spending 14 lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com