ADVERTISEMENT

ലണ്ടൻ∙ 'ക്രെഡിബിലിറ്റി നഷ്ടപ്പെട്ടാലും ഒരു മൂന്നു മാസത്തേയ്ക്ക് കാര്യങ്ങള്‍ വൈകും. അല്ലെങ്കില്‍ ഞാന്‍ അടുത്ത ദിവസം അടുത്ത കമ്പനി തുടങ്ങും, ഈ പണി തുടങ്ങിയിട്ടു 13 വര്‍ഷമായി'-  വിദേശത്തെത്തി ജോലിയില്ലാതെ കുടുങ്ങിയ ഉദ്യോഗാര്‍ഥി സഹായം തേടി വിളിച്ചപ്പോള്‍, കൊച്ചിയില്‍ നിന്നുള്ള ഒരു റിക്രൂട്ടിങ് ഏജന്‍സി ഉടമയുടേതാണ് ഈ വാക്കുകള്‍. ഇവർ തമ്മിലുള്ള ഒരു മണിക്കൂറിലേറെ നീളുന്ന സംഭാഷണം മനോരമ ഓണ്‍ലൈന് ലഭിച്ചു.

'എന്‍റെ ക്രെഡിബിലിറ്റി പോയാല്‍ ഒരു മൂന്നു മാസം. എന്തൊക്കെ പ്രശ്നം വന്നാലും കമ്പനിയെ എനിക്കു ഹോള്‍ഡു ചെയ്യാന്‍ പറ്റും. ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തിയാല്‍ തിരിച്ചു പിടിക്കാനുള്ള  പണിയൊക്കെ ചെയ്തു വച്ചിട്ടുണ്ട്. ഈ ഒരു പ്രശ്നം പറഞ്ഞ് എന്‍റെ സ്ഥാപനത്തില്‍ പിള്ളാരു വരാതിരിക്കില്ല. അതിനുള്ളതൊക്കെ എനിക്കുണ്ട്.  പ്രശ്നങ്ങളും റിവ്യൂകളും കാണാതെയൊന്നുമല്ലല്ലോ പിള്ളാര് ഇപ്പോളും അപേക്ഷിക്കുന്നത്. അതുകൊണ്ടു  ആരും പ്രതികാരം ചെയ്യാമെന്നു കരുതെണ്ട' - ഇതാണ് ഏജന്‍സി ഉടമയുടെ ഭീഷണി. മറ്റൊരു രാജ്യത്തു നഴ്സിങ് ജോലി ചെയ്തു വരുന്നതിനിടെ യുകെ വീസ വാഗ്ദാനം ലഭിച്ചതോടെയാണ് കോട്ടയം സ്വദേശിയായ യുവാവ് യുകെയില്‍ എത്തുന്നതും വാഗ്ദാനം ചെയ്ത ജോലിയില്ലാതെ ദുരിതത്തിലാകുന്നതും.

∙ കക്കൂസ് വരെ കഴുകണം, പറഞ്ഞ കൂലിയുമില്ല
പണം വാങ്ങുമ്പോള്‍ നഴ്സിങ് ഹോമിലെ ജോലിയായിരുന്നു വാഗ്ദാനമെങ്കില്‍ സ്ഥലത്തെത്തിയപ്പോള്‍ ഒഴിവുകളൊന്നും നിലവില്‍ ഇല്ലെന്നാണ് കമ്പനി പറയുന്നത്. ഒരു വര്‍ഷം സമയമെടുത്താണ് ഇവര്‍ സ്പോണ്‍സര്‍ഷിപ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതു തന്നെ. സ്ഥാപനത്തില്‍ ജോലി അന്വേഷിച്ച് എത്തുമ്പോള്‍ നീ വേറെ ജോലി നോക്കിക്കൊ, അല്ലെങ്കില്‍ വേക്കന്‍സി വരുമ്പോള്‍ അറിയിക്കാമെന്നു പറഞ്ഞു തിരിച്ചയച്ചു. വാഗ്ദാനം ചെയ്ത ജോലി ഇല്ലെന്ന വിവരം പറഞ്ഞു വിളിക്കുമ്പോള്‍ റിക്രൂട്ടിങ് ഏജന്‍സിയില്‍ നിന്നു ഭീഷണിയും. തനിക്കു മാനസിക സ്ഥിരതയില്ലെന്നും മാനേജരോടു സംസാരിക്കാനുമായിരുന്നു ഏജന്‍സി ഉടമയുടെ നിര്‍ദേശം. 

Also Read: ‘ഒരു മാസം വിശപ്പടക്കിയത് ആപ്പിൾ കഴിച്ച്, പട്ടിണി കിടന്ന് മരിക്കും’;14 ലക്ഷം മുടക്കി യുകെയിലെത്തിയ മലയാളി നഴ്സിന്‍റെ അനുഭവം

രണ്ടു മാസത്തിലേറെ ജോലിയില്ലാതെ ഇരിക്കുന്നതിനിടെ ഒരു ഒഴിവ് വരുന്നത് ഇവിടെയുള്ള മറ്റൊരു നഴ്സ് പറഞ്ഞ് അറിഞ്ഞു വിളിക്കുമ്പോള്‍ വീടുകളില്‍ പോയി താമസിച്ചു ചെയ്യുന്ന ജോലി മാത്രമാണ് ഒഴിവ്. പട്ടിണി കിടക്കാതിരിക്കാന്‍ അവിടെ ജോലിക്കു കയറുകയല്ലാതെ മറ്റൊരു നിവര്‍ത്തിയുമില്ലായിരുന്നു.

ഒന്നുകില്‍ പുറത്ത് ജോലി നോക്കാം, അല്ലെങ്കില്‍ ഒഴിവു വരുമ്പോള്‍ അറിയിക്കാമെന്നു പറഞ്ഞപ്പോള്‍ ഒന്നും പറയാതെ ജോലിയില്‍ പ്രവേശിച്ചു. ലിവിങ് കെയറിലാണ് ജോലി. പരിചരണം വേണ്ട ആളുകള്‍ക്കൊപ്പം കുറഞ്ഞത് 24 മണിക്കൂര്‍ താമസിച്ച് വേണം ജോലി ചെയ്യാന്‍. ഇതിനാകട്ടെ വാഗ്ദാനം ചെയ്ത ശമ്പളവുമില്ല. കക്കൂസ് കഴുകുന്ന ജോലി വരെ തന്നെ കൊണ്ടു ചെയ്യിക്കുന്നുണ്ടെന്നും നിലവില്‍ ഇംഗ്ലണ്ട് പോട്ടേഴ്സ് ബാറിലുള്ള നഴ്സായ യുവാവ് പരിഭവപ്പെടുന്നു. 

∙ 16 ലക്ഷം വാങ്ങി, ഏജന്‍റിനെ കൊന്നിട്ടു വരാന്‍ മാനേജരുടെ ഉപദേശം
രണ്ടു മാസം മുൻപ് യുകെയില്‍ എത്തിയ എറണാകുളം സ്വദേശിനികള്‍ക്കു കെയര്‍ വീസയ്ക്കായി നല്‍കേണ്ടി വന്നത് 16 ലക്ഷം രൂപ. വീസയ്ക്കു സ്പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റു നല്‍കി പറ്റിച്ചത് കോട്ടയം ജില്ലയിലുള്ള മറ്റൊരു ഏജന്‍സിയാണെന്നു യുവതികള്‍ പറയുന്നു. ഇതുവരെയും ജോലി ലഭിച്ചില്ലെന്നു മാത്രമല്ല, കൂടെയുണ്ടായിരുന്ന ഒരു യുവതിക്കൂ വീസ പോലും അടിച്ചു കിട്ടിയിട്ടുമില്ല. ഏജന്‍സി ഉടമയോടു സംസാരിക്കുമ്പോള്‍ ഉടനെ പുതിയ സി ഒ എസ് നല്‍കാമെന്നാണു വാഗ്ദാനം. അതുകൊണ്ടു തന്നെ പൊലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.  മാഞ്ചസ്റ്ററില്‍ എത്തി ഉടന്‍ ജോലിക്കു കയറാമെന്നായിരുന്നു വാഗ്ദാനം. പക്ഷെ രണ്ടു മാസം കഴിഞ്ഞാണ് അറിയുന്നത് സ്പോണ്‍സര്‍ ചെയ്ത കമ്പനിയുടെ ലൈസന്‍സ് റദ്ദായെന്ന്. 

ഇതിനിടെ മാനേജര്‍ എന്നു പറഞ്ഞ ഒരാള്‍ വിളിച്ച് ഓഫിസില്‍ ചെല്ലുമ്പോള്‍ സിംബാബ്‌വെക്കാരനായ അയാള്‍ സി ഒ എസ് വാങ്ങി കീറിക്കളഞ്ഞു. ലൈസന്‍സ് പോയതിനാല്‍ ഇനി ഇവിടെ ജോലിയില്ലെന്നും നിങ്ങളുടെ പണം വാങ്ങിയവരെ നാട്ടില്‍ പോയി കൊന്നിട്ടു വരാനുമായിരുന്നു അയാളുടെ ആക്രോശം. ഒടുവില്‍ നാലു ലക്ഷം രൂപ തന്നാല്‍ പുതിയ സ്പോണ്‍സര്‍ഷിപ് തരാമെന്നായി ഇതു നടക്കില്ലെന്ന് അറിഞ്ഞതോടെ പുറത്താക്കി പറഞ്ഞു വിട്ടു. ഏജന്‍സിയില്‍ വിളിക്കുമ്പോള്‍ പലരാണ് പണം വാങ്ങിയതെന്നും തരാനാവില്ലെന്നുമാണ് നിലപാടെടുത്തത്. പണം വാങ്ങിയ ഇടനിലക്കാര്‍ക്കിടയിലെ തര്‍ക്കം മൂലമാണ് ജോലി ലഭിക്കുന്നതു വൈകുന്നതെന്നും ഇവര്‍ പറയുന്നു.  

∙ ജോലിയില്ലാതെ നാലു മാസം, വാടകവീട് ഉടമയുടെ ദയയില്‍ താമസം
നാലു മാസത്തിലേറെയായി ജോലി ഇല്ലാതെ ഇംഗ്ലണ്ട് ബ്രിഡ്ജ് വാട്ടറില്‍ താമസിക്കുന്ന യുവതി കഴിയുന്നത് വീട്ടുടമയായ നൈജീരിയക്കാരിയുടെ ദയയില്‍. കൊച്ചിയിലെ  ഏജന്‍സിക്കു പണം നല്‍കി സിഒഎസ് സംഘടിപ്പിച്ചു വന്നതാണ് ബംഗളുരുവില്‍ ജനറല്‍ നഴ്സിങ് കഴിഞ്ഞു നാട്ടില്‍ ജോലി പരിചയവും ലഭിച്ച ഈ യുവതി. എറണാകുളത്തു തന്നെയുള്ള ഭര്‍ത്താവ് ഏജന്‍സിയില്‍ പോയി ഭീഷണി മുഴക്കിയതോടെ മൂന്നാം ദിവസം മറ്റൊരു സ്ഥാപനത്തില്‍ ജോലി ഏര്‍പ്പാടാക്കി നല്‍കിയിട്ടുണ്ട്. ഇവിടെ എത്തണമെങ്കില്‍ രണ്ടു മണിക്കൂറിലേറെ യാത്ര ചെയ്യണം. അടുത്തെങ്ങാനും വീടെടുക്കാം എന്നു വച്ചാല്‍ വരുമാനം ഇല്ലാതെ കഴിഞ്ഞിരുന്നതിനാല്‍ ആരും വാടക വീടു നല്‍കുകയുമില്ല. 

ഇതേ ഏജന്‍സിയുടെ തന്നെ തട്ടിപ്പിന് ഇരയായി വന്ന വയനാടു സ്വദേശിനിയായ യുവതിക്ക് ഇതുവരെയും ജോലിക്കു പോലും പോകാന്‍ സാധിച്ചിട്ടില്ലെന്നു പറയുന്നു.  കുടുംബമായി എത്തിയതിനാല്‍ ഭര്‍ത്താവ് വെയര്‍ഹൗസില്‍ ഉള്‍പ്പടെ പോകുന്നതിനാല്‍ പട്ടിണി കൂടാതെ കഴിയുന്നുണ്ട്. ഇതിനിടെ ഏജന്‍സി ഉടമയെ ഇവരുടെ ഭര്‍ത്താവ് വിളിച്ചു പലപ്രാവശ്യം ബഹളം വച്ചിട്ടും ഫലമുണ്ടായിട്ടില്ല. 

ഇവര്‍ക്കൊപ്പം തന്നെ എത്തിയ മറ്റൊരു നഴ്സ് യുവതിക്ക് മാസങ്ങള്‍ ജോലി ഇല്ലാതെ ഇരുന്നു കഴിഞ്ഞ ദിവസം വഴക്കിട്ടപ്പോള്‍ നല്‍കിയ ജോലി ക്ലീനിങ്ങ്. നേരത്തെ നഴ്സിങ് ഹോമായി പൂട്ടിയിട്ടിരുന്ന സ്ഥാപനം രണ്ടു ദിവസം അവിടെ താമസിച്ചു ക്ലീന്‍ ചെയ്യാനായിരുന്നു നിര്‍ദേശം. ചെലവു കഴിയാന്‍ പണം ഇല്ലാത്തതിനാല്‍ മറുത്തു പറയാതെ പോയി ക്ലീന്‍ ചെയ്തു വരികയായിരുന്നു എന്ന് ഇവര്‍ പറയുന്നു. 

ഏജന്‍സി ലക്ഷങ്ങള്‍ വാങ്ങി യുകയിലേയ്ക്ക് അയച്ച നിരവധി ഉദ്യോഗാര്‍ഥികള്‍ ഭക്ഷണത്തിനു പോലും നിവര്‍ത്തിയില്ലാതെ ദുരിതം അനുഭവിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. നോര്‍ക്കയും യുകെയിലെ ഹൈക്കമ്മിഷനും ഇടപെട്ട വിഷയത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

∙ തട്ടിപ്പിനു പിന്നില്‍ കെയര്‍ ഹോം ഉടമകള്‍
നാട്ടില്‍ പണം വാങ്ങി ഏജന്‍റുമാര്‍ സിഒഎസ് നല്‍കുമ്പോള്‍ ഇവരെ നിയന്തിക്കുന്നതും കിട്ടുന്നതില്‍ വലിയൊരു തുക തട്ടിയെടുക്കുന്നതും യുകെയിലെ തന്നെ കെയര്‍ഹോം ഉടമകള്‍ എന്നു ഈ മേഖലയില്‍ പരിചയമുള്ളവര്‍ പറയുന്നു. ഒരു സ്ഥാപനം തുടങ്ങി സിഒഎസ് വിറ്റു പണമുണ്ടാക്കി പുതിയ കെയര്‍ ഹോമുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വരെയുണ്ടെന്നു വെളിപ്പെടുത്തുന്നത് വര്‍ഷങ്ങളായി യുകെയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശി ജേക്കബ്. കൊച്ചിയിലെ ഏജന്‍സി വഴി വീസ ലഭിച്ചു നിരവധി ഉദ്യോഗാര്‍ഥികള്‍ വഴിയാധാരമായ സംഭവത്തിലും സമാന തട്ടിപ്പു നടന്നിട്ടുണ്ടെന്നു പറയുന്നു. ഇട നില നിന്ന യുകെയിലെ തന്നെ ഏജന്‍സികളും അറിഞ്ഞുകൊണ്ടു തട്ടിപ്പു നടത്തി ഉദ്യോഗാര്‍ഥികളെ ഇവിടെ എത്തിച്ചിട്ടുണ്ട് എന്നു പറയുന്നു. 

മലയാളികള്‍ തട്ടിപ്പിന് ഇരയായി ദുരിതത്തില്‍ കഴിയുന്ന വിവരം യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ശ്രദ്ധയില്‍ വരികയും കേരളത്തിലുള്ള ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ പരാതികള്‍ പരമാവധി ഒഴിവാക്കാന്‍ ഏജന്‍സി ഉടമകളും ശ്രമിക്കുന്നുണ്ട്. ഇവരെ എവിടെയെങ്കിലുമൊക്കെ ജോലിക്കു പ്രവേശിപ്പിച്ചു പരാതികളില്‍ നിന്നു പിന്‍വലിപ്പിക്കാനാണ് ശ്രമം. 

∙ സിഒഎസ് എടുത്തു നല്‍കുന്ന ഉത്തരവാദിത്തം മാത്രമെന്ന് ഏജന്‍സി ഉടമ
യുകെയില്‍ മലയാളി ഉദ്യോഗാര്‍ഥികള്‍ ജോലിയില്ലാതെ ദുരിതത്തിലായ സംഭവങ്ങളില്‍ ഏജന്‍സികള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നാണ് ഏജന്‍സി ഉടമകളുടെ നിലപാട്. എന്നിട്ടും പലര്‍ക്കും ജോലി ലഭിക്കുന്നതിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നത് മനുഷ്യത്വത്തിന്‍റെ പേരിലാണെന്നും ഇവര്‍ പറയുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് സിഒഎസ്(സ്പോണ്‍സര്‍ഫിപ് സര്‍ട്ടിഫിക്കറ്റ്) നല്‍കുന്നതാണ് ഉത്തരവാദിത്തം. ഇതിനായാണ് പണം വാങ്ങുന്നത്. ഇക്കാര്യം ഉദ്യോഗാര്‍ഥികളുമായുണ്ടാക്കുന്ന കരാറില്‍ കൃത്യമായി പറയുന്നുണ്ട്. സിഒഎസ് വ്യാജമാണെങ്കില്‍ ഒരിക്കലും വീസ അടിച്ചു കിട്ടില്ല. വീസ കിട്ടിയിട്ടുണ്ടെങ്കില്‍ പിന്നെ ജോലി നല്‍കേണ്ടത് സിഒഎസ് നല്‍കിയ തൊഴിലുടമയുടേതാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഏജന്‍സികള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് കോട്ടയം ജില്ലയിൽ ഏജന്‍സി നടത്തുന്ന യുവാവ് പറയുന്നു. തന്റെ ഏജന്‍സിയില്‍ നിന്നുള്ള രണ്ടു പേര്‍ക്കാണ് ജോലി ലഭിക്കാതെ പോയത്. ഇവര്‍ക്ക് മറ്റൊരു തൊഴിലുടമ സ്പോണ്‍സര്‍ഷിപ് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. അതിനു വേണ്ട പണം മുടക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 

16 ലക്ഷം രൂപ വരെ വാങ്ങി എന്നു പറയുമ്പോള്‍ ഇതില്‍ വലിയൊരു തുക തൊഴില്‍ ഉടമയിലേയ്ക്ക് എത്തുന്നുണ്ട്. ബാക്കി ഇട നിലക്കാരായ പല ഏജന്‍റുമാര്‍ക്കു നല്‍കിയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയെടുക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സിഒഎസ് വേണം എന്നു പറയുമ്പോഴാണ് തുക ഉയരുന്നത്. യോഗ്യതയുണ്ടെങ്കില്‍ അഭിമുഖത്തില്‍ പങ്കെടുത്തു ജോലിക്കു പോകാനാണെങ്കില്‍ ഇത്ര തുക വാങ്ങാറില്ല. 

ഉദ്യോഗാര്‍ഥികള്‍ യുകെയില്‍ എത്തിക്കഴിയുമ്പോളാണ് സ്പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് തുച്ഛമായ ചെലവുള്ളതാണ് എന്നറിയുന്നത്. ഇതോടെ പലരും ഏജന്‍സി ഉടമകള്‍ക്കെതിരെ തിരിയുകയാണ്. പലര്‍ക്കും യുകെയില്‍ എത്തുന്നതിനുള്ള വഴിയായാണ് ഇത് കാണുന്നത്. അതുകൊണ്ടു തന്നെ എത്ര തുക മുടക്കിയും പോരാന്‍ ഇവര്‍ തയാറാകും. ഇവിടെ എത്തി വളരെ കുറച്ചു പേര്‍ക്കു മാത്രം പ്രശ്നമുണ്ടാകുമ്പോഴേയ്ക്ക് എല്ലാവരും എതിരായി മാറുകയാണ്. പലരും നഴ്സുമാര്‍ അല്ലാത്തവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കിയാണ് വരുന്നത്. ആവശ്യമില്ലാതെ പോലും ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വരുന്നവര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ ജയിലിലാകും എന്നു മാത്രമല്ല, നാടുകടത്തലുമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

English Summary: UK Jobs Scam: UK Sponsorship Visa Agencies Fraud, Follow-Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com