മോർ ബസേലിയോസ് യൽദോ ബാവായുടെ പെരുന്നാൾ ബ്രിസ്റ്റോൾ പള്ളിയിൽ ഭക്തിസാന്ദ്രമായി ആചരിച്ചു
Mail This Article
ബ്രിസ്റ്റോൾ∙ യുകെ ബ്രിസ്റ്റോൾ മാർ ബസേലിയോസ് യൽദോ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ കാവൽ പിതാവായ മോർ ബസേലിയോസ് യൽദോ ബാവായുടെ ഓർമപ്പെരുന്നാൾ ഭക്തിസാന്ദ്രമായി ശനി, ഞായർ ദിവസങ്ങളിൽ ആചരിച്ചു. ശനിയാഴ്ച വൈകിട്ട് പെരുന്നാൾ കൊടിയേറ്റോടെയാണ് പെരുന്നാൾ ആചരണത്തിന് തുടക്കമായത്. സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, ഭക്തസംഘടനകളുടെ വാർഷികം, സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം, ആശീർവാദം, നേർച്ച വിളമ്പ് എന്നിവ തുടർന്നു നടന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ പ്രധാന പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന എന്നിവ നടന്നു. ദേവാലയത്തിൽ നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് ആശിർവാദം, കൈമുത്ത്, ആദ്യഫല ലേലം, നേർച്ച സദ്യ എന്നിവയ്ക്ക് ശേഷം വൈകിട്ട് പെരുന്നാൾ കൊടിയിറങ്ങി. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. കെ. ജി എൽദോസ് മുഖ്യകാർമ്മികത്വം വഹിച്ചു.
ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ചർച്ച് വികാരി ഫാ. വിവിയൻ ജോണിനെ ഇടവക വികാരി പ്രധാന പെരുന്നാൾ ദിനത്തിൽ സ്വീകരിച്ചു. ഇടവകയിലെ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക സെക്രട്ടറി എൽദോ വർഗീസ്, ട്രസ്റ്റി ഷിനോയി തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
English Summary: The Feast of Mor Baselios Yaldo Bava was devoutly observed at Bristol Church.