ആഞ്ഞടിച്ച് സിയാറൻ കൊടുങ്കാറ്റ് ; 104 മൈൽ വേഗത, വീടുകളിൽ വൈദ്യുതി വിച്ഛേദിച്ചു, സ്കൂളുകൾ അടച്ചു
Mail This Article
ലണ്ടൻ∙ മണിക്കൂറിൽ 104 മൈൽ വേഗതയിൽ യുകെയിൽ ആഞ്ഞടിച്ച് സിയാറൻ കൊടുങ്കാറ്റ്. കൊടുങ്കാറ്റിൽ ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി വിച്ഛേദിച്ചത്. തെക്കൻ ഇംഗ്ലണ്ടിലെ ഡെവൺ, കോൺവാൾ, സസെക്സ്, സറെ തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പടെ വിവിധ പ്രദേശങ്ങളിലാണ് സിയാറൻ കൊടുങ്കാറ്റ് നാശങ്ങൾ വിതച്ചത്. ഇവിടങ്ങളിൽ മൂന്നൂറിലധികം സ്കൂളുകൾ അടച്ചു.
കനത്ത വെള്ളപ്പൊക്കം കാരണം റെയിൽ ഗതാഗതം പലയിടത്തും നിർത്തി വച്ചിരിക്കുകയാണ്. കൊടുങ്കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീഴുന്നതിനാൽ ചില പ്രദേശങ്ങളിൽ വീടുകളിലുള്ള ആളുകളെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് അപകടസാധ്യത ഉള്ളതിനാലാണ് തെക്കൻ ഇംഗ്ലണ്ടിലെ സ്കൂളുകൾ അടച്ചത്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ട്രെയിൻ ഓപ്പറേറ്റർമാർ അറിയിച്ചു.
നിലവിൽ മെറ്റ് ഓഫിസ് ആംബർ മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും സതേൺ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഇന്ന് അർധരാത്രി വരെ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ട്. ഇവിടങ്ങളിൽ മെറ്റ് ഓഫിസിന്റെ യെല്ലോ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഹൾ മുതൽ അബർഡീൻ വരെയുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 6 മണി വരെ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്. ഇംഗ്ലണ്ടിലുടനീളം79 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇതിനോടകം എൻവയോൺമെന്റ് ഏജൻസി നൽകിയിട്ടുണ്ട്. മോശം കാലാവാസ്ഥയെ തുടർന്ന് ഡോവർ തുറമുഖത്ത് നിന്ന് വിനോദ സഞ്ചാരികളെ തിരിച്ച് അയച്ചതായി തുറമുഖ ജീവനക്കാർ പറഞ്ഞു. മിക്കയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ചു സഞ്ചരിച്ച വാഹനങ്ങൾ വെള്ളത്തിൽ അകപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വേഗതയിൽ വീശിയടിച്ച കാറ്റിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവയ്ക്ക് സമീപമുള്ള ജഴ്സി ദ്വീപുകളിൽ ഡസൻ കണക്കിന് ആളുകളെ ഒറ്റരാത്രികൊണ്ട് ഹോട്ടലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവിടങ്ങളിൽ വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. ഫ്രാൻസിൽ, മരം വീണു ഒരു ലോറി ഡ്രൈവർ മരിച്ചതായി റിപ്പോർട്ട് ഉണ്ട്. നിലവിൽ യുകെയിൽ ഉടനീളം 20,000 വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ നൽകുന്ന സൂചന.