ADVERTISEMENT

ഡെവണ്‍∙ യുകെ ഡെവണിലെ സീറ്റണിൽ ഇന്ന് മലയാളി യുവാവിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ ടോണി സക്കറിയയെ (39) ആണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപ്രായത്തില്‍ ഉള്ള കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം നിമിഷ വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് അറിയാനായതും. കുട്ടികള്‍ നാട്ടിലേക്ക് വിഡിയോ കോള്‍ വിളിച്ചപ്പോളാണ് ബന്ധുക്കള്‍ ടോണിയുടെ മരണ വിവരം അറിഞ്ഞത് എന്നാണ് പ്രാഥമിക വിവരം. 

ഭാര്യ ജിയ കെയര്‍ ഹോമില്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. മൂന്നു മാസങ്ങൾക്ക് മുൻപാണ് ടോണി യുകെയില്‍ എത്തിയത്. ഭാര്യ ജിയയ്ക്ക് ആറു മാസം മുൻപ് കെയർ വീസ കിട്ടിയതിനെ തുടർന്ന് ആശ്രിത വീസയിലാണ് ടോണിയും കുട്ടികളും സീറ്റണിൽ എത്തിയത്. കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ നാട്ടിൽ പോയ ടോണി മടങ്ങി എത്തിയത് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. ടോണിയുടെ സഹോദരിമാരും സഹോദരനും ഒക്കെ യുകെയില്‍ തന്നെ ആണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരൊക്കെ ഇപ്പോള്‍ സീറ്റണില്‍ എത്തിയിട്ടുണ്ട്. പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയാണ്. വിവരം അറിഞ്ഞു പാരാമെഡിക്കല്‍ സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം എക്‌സിറ്റര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സഹോദരിമാര്‍ അടക്കം ഉള്ള ബന്ധുക്കളെ മൃതദേഹം കാണിച്ചു തിരിച്ചറിയല്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ക്‌നാനായ യാക്കോബായ കമ്മ്യൂണിറ്റിയിലാണ് ടോണിയും കുടുംബവും ഉൾപ്പെട്ടിരുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ടോണിയുടെ മരണം സീറ്റൺ മലയാളികളെ ഏറെ കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്.

English Summary:

UK Malayali native of Chingavanam found dead under mysterious circumstances at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com