ADVERTISEMENT

ഗ്ലാസ്ഗോ∙ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗ്ലാസ്ഗോ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. മുന്നറിയിപ്പ് നൽകിയിരുന്നതിനെക്കാൾ കൂടിയ അളവിലുള്ള മഞ്ഞുവീഴ്ചയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം താളം തെറ്റിച്ചത്. റൺവേയിൽ അടക്കം വീണു കിടക്കുന്ന ഐസ് നീക്കം ചെയ്യുന്ന ജോലികൾ വെള്ളിയാഴ്ച രാത്രി മുതൽ അധികൃതർ ആരംഭിച്ചിട്ടുണ്ട്. 

2010നു ശേഷം നവംബർ ഡിസംബർ മാസങ്ങളിലെ ഏറ്റവും കൂടിയ തണുപ്പും ഹിമപാതവുമാണ് സ്കോട്​ലൻഡിൽ അനുഭവപ്പെടുന്നത്. ഗ്ലാസ്ഗോയിലും സ്കോട്​ലൻഡിന്‍റെ പടിഞ്ഞാറ് ഭാഗങ്ങളിലും മഞ്ഞുവീഴ്ച സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാഴ്ചയിലേറെയായി രാത്രികാലങ്ങളിൽ താപനില മൈനസ് ഡിഗ്രിയാണ്. ഹൈലാൻഡ്‌സിലെ അയോനാച്ച് മോറിൽ മൈനസ് 8 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു.

ഗ്ലാസ്ഗോ വിമാനത്താവളം
ഗ്ലാസ്ഗോ വിമാനത്താവളം

പടിഞ്ഞാറൻ ദ്വീപുകൾ, പ്രധാന ഭൂപ്രദേശത്തിന്റെ വടക്ക് പടിഞ്ഞാറൻ തീരം, ഓർക്ക്‌നി, ഷെറ്റ്‌ലൻഡ് എന്നിവിടങ്ങളിൽ രണ്ടാം മുന്നറിയിപ്പ് നിലവിലുണ്ട്. റോഡ്, ബസ്, റെയിൽ ശൃംഖലകൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഐസ് നീക്കാത്ത റോഡുകളിലും നടപ്പാതകളിലും സൈക്കിൾ പാതകളിലും ഐസ് പാച്ചുകൾ രൂപം കൊള്ളുന്നതിനാൽ ജാഗ്രതാ മുന്നറിയിപ്പുണ്ട്. അബർഡീനിലെ കോക്ക് ബ്രിഡ്ജിൽ എ 939 ലെ സ്നോ ഗേറ്റുകൾ അടച്ചതിനാൽ ഇതുവഴി വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്.

ഈസ്റ്റ് ഡൺബാർട്ടൺഷെയറിൽ ഡിഫ്‌ഫ്രോസ് ചെയ്യുന്നതിനിടെ കാർ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ സ്കോട്​ലൻഡ് പൊലീസ് മുന്നറിയിപ്പ് നൽകി. വീടിന് പുറത്ത് ആളില്ലാതെ കിടന്ന 7 വാഹനങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മഞ്ഞു മൂടിക്കിടക്കുന്ന കാറുകൾ ചൂടാക്കാനായി സ്റ്റാർട്ട് ചെയ്ത ശേഷം ഉടമ വീട്ടിലേക്ക് കയറിപ്പോകുന്നതാണ് മോഷ്ടാക്കൾക്ക് തുണയാകുന്നത്.

English Summary:

Services from Glasgow Airport have been cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com