ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും മഞ്ഞുപെയ്യുമെന്ന് മുന്നറിയിപ്പ്; ഡിസംബറിന്റെ തുടക്കം മൈനസ് 10 ഡിഗ്രി താപനിലയിൽ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ മഞ്ഞുകാലത്തെ ഡിസംബർ വരവേറ്റത് മൈനസ് 10 ഡിഗ്രി താപനിലയിൽ. ഒരാഴ്ചകൊണ്ട് പൊടുന്നനെ കൊടും തണുപ്പിലേക്ക് വഴിമാറിയ കാലാവസ്ഥ ഈ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയും തുടർന്ന് മഴയുമായി മാറുമെന്നാണ് പ്രവചനം. നോർത്തേൺ അയർലൻഡിലും സതേൺ സ്കോട്ട്ലൻഡിലും ഈസ്റ്റ് ഇംഗ്ലണ്ടിലും സർക്കാർ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടൻ നഗരത്തിലും കെന്റിലുമെല്ലാം ഇടയ്ക്കിടെ മഞ്ഞു വീഴ്ച പ്രവചിച്ചിട്ടുണ്ട്.
രാജ്യത്തൊട്ടാകെ ഈ വാരാന്ത്യത്തിൽ രാത്രി താപനില മൈനസ് എട്ടു ഡിഗ്രിവരെ താഴുമെന്നാണ് മുന്നറിയിപ്പ്. കംബ്രിയയിൽ വ്യാഴാഴ്ച രാത്രി താപനില -9 ഡിഗ്രിയും നോർത്ത് ഈസ്റ്റ് സ്കോട്ട്ലൻഡിൽ -10 ഡിഗ്രിയിലും എത്തി. 2010നു ശേഷം ആദ്യമായാണ് നവംബർ അവസാനവും ഡിസംബർ ആദ്യവും ഇത്തരത്തിൽ താപനില താഴ്ന്നത്. സാധാരണ ഡിസംബർ അവസാനത്തോടെയേ ഇത്തരത്തിൽ മഞ്ഞുവീഴ്ചയും മൈനസ് താപനിലയും രാജ്യത്താകമാനം പതിവുള്ളൂ.