രാജി പ്രഖ്യാപിച്ച് വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ; വാക്ക് പാലിച്ച് മാർക്ക് ഡ്രെയ്ക്ഫോർഡ്
Mail This Article
ലണ്ടൻ ∙ മാർച്ച് മാസത്തോടെ അധികാരം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രെയ്ക്ഫോർഡ്. മാർച്ചിൽ പുതിയ നേതാവിനെ തിരഞ്ഞടുക്കുന്നതു വരെ മാത്രമേ അധികാരത്തിൽ തുടരൂ എന്നാണ് മാർക്ക് ഡ്രെയ്ക്ഫോർഡിന്റെ പ്രഖ്യാപനം. ഈസ്റ്ററിനു മുമ്പ് പുതിയ നേതാവിനെ പാർട്ടി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാഡിഫ് വെസ്റ്റ് മണ്ഡലത്തിൽനിന്നുള്ള ലേബർ അംഗമായ ഡ്രെയ്ക്ഫോർഡ് കൃത്യം അഞ്ചുവർഷം മുമ്പാണ് വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്ററായി ചുമതലയേറ്റത്. അഞ്ചുവർഷക്കാലത്തേക്കാകും തന്റെ പ്രവർത്തനമെന്ന് അന്നുതന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ വാക്ക് പാലിച്ചാണ് കൃത്യം അഞ്ചുവർഷവും ഒരു ദിവസവും പൂർത്തിയാകുമ്പോൾ അദ്ദേഹം സ്ഥാനത്യാഗം ചെയ്യുന്നത്. ഒരുവർഷം കൂടി അദ്ദേഹം തൽസ്ഥാനത്ത് തുടരുമന്നാണ് പാർട്ടി നേതാക്കൾപോലും കരുതിയിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് അപ്രതീക്ഷിതമായാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്.
വെയിൽസ് സർക്കാർ അടുത്ത വർഷത്തേക്കുള്ള സ്പെൻഡിങ് പ്ലാനുകൾ പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായുള്ള ഫസ്റ്റ് മിനിസ്റ്ററിന്റെ രാജി. 2018ലായിരുന്നു 69 കാരനായ ഡ്രെയ്ക്ഫോർഡ് വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്ററായത്. വെയിൽസിൽ ലേബർ പാർട്ടിയെയും സർക്കാരിനെയും അഞ്ചുവർഷക്കാലം വിജയകരമായി നയിക്കാനായത് അഭിമാനമായി കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു.