14 ജീവപര്യന്തങ്ങള്‍; നഴ്‌സ് ലൂസി ലെറ്റ്ബിയുടെ യോഗ്യതകള്‍ റദ്ദാക്കി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗണ്‍സില്‍
Mail This Article
ലണ്ടൻ∙ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ 14 ജീവപര്യന്തങ്ങള്‍ ശിക്ഷയായി ലഭിച്ച ബ്രിട്ടനിലെ എൻഎച്ച്എസ് നഴ്‌സ് ലൂസി ലെറ്റ്ബിയുടെ യോഗ്യതകള്‍ റദ്ദാക്കി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗണ്‍സില്‍. കൗണ്‍സില്‍ നടത്തിയ ഹിയറിങിൽ നഴ്‌സിനെ റജിസ്റ്ററില്‍ നിന്നും പുറത്താക്കാന്‍ പാനല്‍ ഉത്തരവിട്ടതോടെയാണ് നടപടി. ഏഴ് കുഞ്ഞുങ്ങളുടെ കൊലപാതകം, ആറ് കുഞ്ഞുങ്ങളുടെ വധ ശ്രമം എന്നിവയ്ക്ക് 14 ജീവപര്യന്തങ്ങളാണ് 33 കാരിയ്‌ക്കെതിരെ കോടതി വിധിച്ചത്.
ലൂസി ലെറ്റ്ബിക്ക് നഴ്‌സിങ് പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതയില്ലെന്ന് പാനല്‍ കണ്ടെത്തി. ഇതിന് ശേഷമാണ് ഇവരെ റജിസ്റ്ററില്‍ നിന്നും പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്. ഈ നടപടിയെ ലൂസി ലെറ്റ്ബി എതിര്‍ക്കുന്നില്ലെന്ന് പാനലിനെ അറിയിച്ചിരുന്നു. എന്നാല്‍ താന്‍ നേരിടുന്ന ശിക്ഷകള്‍ക്കുള്ള പ്രവൃത്തികള്‍ ചെയ്തില്ലെന്ന നിലപാടാണ് ലൂസി ലെറ്റ്ബി ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ജൂണ്‍ മുതല്‍ 2016 ജൂണ്‍ വരെ കാലഘട്ടത്തില്‍ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോനേറ്റല്‍ യൂണിറ്റിലാണ് കുറ്റകൃത്യങ്ങള്‍ അരങ്ങേറിയത്. തനിക്കെതിരെ പ്രതികരിക്കാന്‍ പോലും കഴിയാത്ത ഇരകള്‍ക്കെതിരെയാണ് ഇവര്‍ ക്രൂരകൃത്യങ്ങള്‍ ചെയ്തുകൂട്ടിയതെന്ന് ഈസ്റ്റ് ലണ്ടന്‍ സ്ട്രാറ്റ്‌ഫോര്‍ഡിൽ നടന്ന എൻഎംസി ഹിയറിങിൽ പാനല്‍ ചെയര്‍മാന്‍ ബെര്‍നാഡ് ഹെര്‍ഡാന്‍ പറഞ്ഞു.
ഗുരുതരമായ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്ത വ്യക്തിയെ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുന്നത് പൊതുജനങ്ങള്‍ക്ക് അപകടകരവും, പ്രൊഫഷനിലുള്ള പൊതുജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യുമെന്ന് ഹെര്‍ഡാന്‍ കൂട്ടിച്ചേര്‍ത്തു. നഴ്‌സ് എന്ന പദവി ദുരുപയോഗം ചെയ്ത ലൂസി ലെറ്റ്ബി യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. എന്‍എംസി ചുമത്തിയ കുറ്റങ്ങളെല്ലാം സമ്മതിക്കുന്നതായി ലൂസി ലെറ്റ്ബി ചാര്‍ജ്ജ് ഷീറ്റില്‍ രേഖപ്പെടുത്തി. നഴ്‌സിങ് റജിസ്റ്ററില്‍ നിന്നും തന്നെ പുറത്താക്കാനുള്ള നടപടിയെ എതിര്‍ക്കുന്നില്ലന്ന് പറഞ്ഞ ലൂസി ലെറ്റ്ബി തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കുറ്റക്കാരിയല്ലെന്നും കുറിച്ചു. ഹിയറിങിൽ ലൂസി ലെറ്റ്ബി നേരിട്ട് ഹാജരായില്ല.