ശമ്പളവര്‍ധന 5% പോരെന്ന്; പുതുവർഷത്തിൽ ലണ്ടൻ ട്യൂബ് ഡ്രൈവർമാർ വീണ്ടും സമരത്തിലേക്ക്
Mail This Article
ലണ്ടൻ ∙ ശമ്പളവര്‍ധന 5% സ്വീകരിക്കുന്ന കാര്യത്തില്‍ അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ പുതുവർഷത്തിൽ വീണ്ടും ട്യൂബ് സമരങ്ങള്‍ അരങ്ങേറാന്‍ വഴിയൊരുങ്ങുന്നു.
റെയില്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ അംഗങ്ങള്‍ ശമ്പളവര്‍ധന ഓഫര്‍ വോട്ടിനിട്ട് തള്ളിയതോടെയാണ് ട്യൂബ് ഡ്രൈവര്‍മാര്‍ ന്യൂഇയറില്‍ സമരത്തിന് ഇറങ്ങുന്നത്. എന്നാൽ ട്യൂബ് ജീവനക്കാരുടെ പ്രമുഖ സംഘടനകളിൽ ഒന്നായ അസ്ലെഫ് യൂണിയന്‍ 5% ശമ്പള വർധന അനീകരിച്ചിരുന്നു. 88% ട്യൂബ് ഡ്രൈവര്‍മാരും അസ്ലെഫ് യൂണിയന്‍ അംഗങ്ങളാണ്. എന്നാല്‍ എല്ലാ യൂണിയനുകളുടെയും പിന്തുണ ലഭിച്ചില്ലെങ്കില്‍ ശമ്പള വര്‍ധന ബ്രിട്ടനിലെ നിയമം അനുസരിച്ചു നടപ്പാക്കാനാകില്ല. ആർഎംടി അംഗങ്ങളാണ് ശമ്പള വർധന അനീകരിക്കാത്തത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ലഭിച്ച കരാര്‍ യഥാര്‍ത്ഥത്തില്‍ ഒരു ശമ്പള വെട്ടിക്കുറയ്ക്കലാണെന്ന് ആര്‍എംടി നേതൃത്വം ആരോപിച്ചു. കൂടുതല്‍ മെച്ചപ്പെട്ട ഡീല്‍ കരസ്ഥമാക്കാന്‍ കൂടുതല്‍ സമരം നടത്തണമെന്നും ആര്‍എംടി നേതാക്കള്‍ പറഞ്ഞു. ഏപ്രിലിലെ പണപ്പെരുപ്പ നിരക്കുകള്‍ പ്രകാരം 11 ശതമാനം ശമ്പള വര്‍ധന വേണമെന്നാണ് 10,000 ജോലിക്കാരുള്ള യൂണിയന്റെ ആവശ്യം. ഏറ്റവും കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് 5000 പൗണ്ട് വര്‍ധന ലഭിക്കണമെന്നാണ് ആർഎംടി യൂണിയന്‍ നിലപാട്. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 63,901 പൗണ്ടാണ് ശമ്പളം. ലണ്ടനിൽ ജോലിക്ക് പോകുന്നവരിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമാണ് ലണ്ടൻ ട്യൂബ്.