81 വർഷം നീണ്ട സന്തുഷ്ട ദാമ്പത്യം ആഘോഷിച്ച് 100 വയസ്സ് കഴിഞ്ഞ ദമ്പതികള്‍; 'ദീര്‍ഘ പൊരുത്ത'ത്തിന്റെ രഹസ്യം
Mail This Article
ലണ്ടൻ ∙ വർഷങ്ങൾ നീണ്ട സന്തുഷ്ട ദാമ്പത്യം ആഘോഷിച്ച് യുകെയിലെ കെന്റില്‍ നിന്നുള്ള നൂറ് വയസ്സ് കഴിഞ്ഞ ദമ്പതികള്‍. ദാമ്പത്യത്തിന്റെ 81 വർഷങ്ങളാണ് കെന്റിലെ ഡൊറോത്തി വാള്‍ട്ടറും ടിം വാള്‍ട്ടറും ഡിസംബർ ആദ്യവാരത്തിൽ ആഘോഷിച്ചത്. ഇരുവർക്കും യഥാക്രമം 103 ഉം 102 ഉം വയസ്സാണ്. 'ദീര്‍ഘ പൊരുത്ത'ത്തിന്റെ രഹസ്യം തേടിയവരോട് ഇവര്‍ക്ക് പറയാനുള്ളത് 'ഞങ്ങള്‍ ഒരിക്കല്‍പ്പോലും തര്‍ക്കിച്ചില്ല' എന്നാണ്.
'എന്തുപ്രശ്‌നമുണ്ടായാലും സംസാരിക്കും, ചര്‍ച്ച ചെയ്യും, യോജിപ്പിലെത്തും. ഒരിക്കലും വിയോജിച്ച് നിന്നില്ല' ഇങ്ങനെ പോകുന്നു ഇരുവരുടെയും ദീര്‍ഘ പൊരുത്ത'ത്തിന്റെ രഹസ്യം. പതിനെട്ടാം വയസില്‍ ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോള്‍ സതാംപ്റ്റണില്‍ വച്ചാണ് പരസ്പരം കണ്ടുമുട്ടിയത്. മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം. യുദ്ധം ഉള്‍പ്പെടെ വലിയ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പരസ്പരം സംരക്ഷിച്ചും സ്‌നേഹിച്ചും വിശ്വസിച്ചും നില്‍ക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും നേട്ടമെന്ന് ഡൊറോത്തി പറഞ്ഞു. ലോക മഹായുദ്ധത്തിന് പിന്നാലെ ദമ്പതികള്‍ എംസ്റ്റോണിലേക്ക് താമസം മാറി. 32 വര്‍ഷം അവിടെ കൃഷിപ്പണി ചെയ്ത് ജീവിച്ചു. ബോട്ടില്‍ യൂറോപ്പ് മുഴുവന്‍ സഞ്ചരിച്ച അനുഭവം കൂടിയുണ്ട് ഇരുവർക്കും. നൂറാം വയസ്സുവരെ സ്വന്തം വീട്ടിലാണ് ടിമ്മും ഡൊറോത്തിയും താമസിച്ചിരുന്നത്. 2022 ൽ കാന്റർബറിയിലെ ഒരു കെയർ ഹോമിലേക്ക് ഇരുവരും താമസം മാറി. ഇരുവർക്കും രണ്ട് പെണ്‍മക്കളുണ്ട്. രണ്ട് പേരക്കുട്ടികളും അവരുടെ മൂന്ന് മക്കളുമാണ് ഇന്ന് ഇവരുടെ ലോകം. ഇവരോടൊപ്പം കെയർഹോമിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹവാർഷികാഘോഷം.