ADVERTISEMENT

 ലണ്ടൻ∙ കേരളത്തിൽ നിന്നുൾപ്പെടെ ബ്രിട്ടനിലെ കെയർ ഹോമുകളിലേക്ക് ജോലിക്കായി എത്തിയ വിദേശ നഴ്സുമാരെയും കെയറർമാരെയും കുരുക്കിലാക്കി ചൂഷണം ചെയ്യുന്നത് തുറന്നുകാട്ടി ബി.ബി.സിയുടെ അന്വേഷണ റിപ്പോർട്ട്. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ  ചില നഴ്സിങ് ഹോമുകൾ കേന്ദ്രീകരിച്ചു ബി.ബി.സി തയാറാക്കിയ വിശദമായ അന്വേഷണ റിപ്പോർട്ടിൽ, ഹോമുകളിൽ അന്തേവാസികൾ നേരിടുന്ന ദയനീയവും പരിതാപകരവുമായ പരിചരണ സാഹചര്യങ്ങളും തുറന്നുകാട്ടുന്നു. ബാലകൃഷ്ണൻ ബാലഗോപാൽ എന്ന മലയാളി മാധ്യമ പ്രവർത്തകനാണ് ബ്രിട്ടനെയാകെ ഞെട്ടിച്ച ഈ അന്വേഷണ റിപ്പോർട്ട് രഹസ്യമായി തയാറാക്കിയത്. ന്യൂകോസിലിലുള്ള ഒരു കെയർഹോമിൽ സെപ്റ്റംബർ മുതൽ നവംബർ വരെ നഴ്സിങ് കെയറായി ജോലി ചെയ്താണ് ബാലഗോപാൽ വിശദമായ ഈ വിഡിയോ റിപ്പോർട്ട് ബി.ബി.സി പനോരമയ്ക്കായി തയാറാക്കിയത്.

പതിനഞ്ച് നഴ്സിങ് ഹോമുകളുള്ള ഈ ഗ്രൂപ്പിൽ പണിയെടുക്കുന്ന നഴ്സുമാരിലും കെയറർമാരിലും മഹാഭൂരിപക്ഷവും വിദേശത്തുനിന്നുള്ളവരാണ്. കേരളത്തിൽനിന്നുള്ള നൂറ്റമ്പതോളം പേരാണ് ഈ ഗ്രൂപ്പിനു കീഴിലുള്ളത്. റിപ്പോർട്ട് പുറത്തുവന്നതോടെ ഹോമിന്‍റെ സ്പോൺസർഷിപ്പ് ലൈസൻസ് ഉൾപ്പെടെ പ്രതിസന്ധിയിലായ ഇവിടെ ജോലിചെയ്യുന്നവരുടെ ഭാവിയും  തുലാസിലാടുകയാണ്. 

ഗവൺമെന്‍റ് വെബ്സൈറ്റ് വഴി അപേക്ഷിച്ചാൽ കേവലം 551 പൗണ്ട് മാത്രം ചെലവാകുന്ന വീസയ്ക്കായി  റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിന് ആറായിരം മുതൽ പതിനായിരം പൗണ്ടുവരെ നൽകിയാണ് തങ്ങൾ ജോലി സമ്പാദിച്ചതെന്ന് കെയർമാരായെത്തിയ മലയാളികളിൽ ചിലർ മലയാളത്തിൽ തന്നെ ബി.ബി.സി ഡോക്യുമെന്‍ററിയിൽ തുറന്നു സമ്മതിക്കുന്നുണ്ട്. മറ്റൊരു സ്ഥലത്ത് ജോലി തേടിപ്പോകാൻ പോലും കഴിയാത്തവിധം നഴ്സിങ് ഹോമുകളിൽ കുരുക്കിലായി പോകുന്ന സാഹചര്യവും മലയാളികളായ നഴ്സുമാരും കെയറർമാരും വിഡിയോയിൽ വിവരിക്കുന്നു. 

ഏതെങ്കിലും എംപ്ലോയറുടെ സ്പോൺസർഷിപ്പിലെത്തുന്ന നഴ്സുമാരും കെയറർമാരും ആ ജോലിയിൽനിന്നും പുറത്തുവന്നാൽ 60 ദിവസത്തിനുള്ളിൽ അടുത്ത സ്പോൺസറെ കണ്ടെത്തി ജോലി കണ്ടെത്തണം. അല്ലാത്ത പക്ഷം അവർക്ക് തിരിച്ചുപോകേണ്ട സാഹചര്യം ഉണ്ടാകും. ഇതു മുതലെടുത്താണ് വിദേശത്തുനിന്നെത്തുന്ന ജോലിക്കാരെ ഹോം ഉടമകൾ കുരുക്കിയിടുന്നത്. ആരെങ്കിലും മറ്റൊരു ജോലി ഓഫർ ചെയ്താലും നിലവിലെ ജോലിയിൽനിന്നും വിടുതൽ നൽകുന്നതിന് പലതരം ഫീസായി നാലായിരം പൗണ്ടുവരെയാണ്  ഹോം ഉടമ ആവശ്യപ്പെടുന്നതെന്നാണ് ചിലരുടെ സാക്ഷ്യം. 

2023ൽ മാത്രം 140,000 വീസകളാണ് ആരോഗ്യ മേഖലയിലെ ജോലിക്കാർക്കായി ബ്രിട്ടൻ നൽകിയത്. ഇതിൽ 39,000 വീസകളും ഇന്ത്യക്കാർക്കായിരുന്നു. അതിൽതന്നെ മഹാഭൂരിപക്ഷവും മലയാളികൾക്കും. മനസാക്ഷിയും നീതിബോധവുമില്ലാത്ത ഏജന്‍റുമാരും സബ് ഏജന്‍റുമാരും നടത്തുന്ന തീവെട്ടി കൊള്ളയ്ക്ക് ഇരയായി ബ്രിട്ടനിലെത്തുന്ന നഴ്സിങ് മോഖലയിലെ ജോലിക്കാരാണ് പിന്നീട് കെയർ ഹോമുകളിൽ അമിതജോലിയും അതിന്‍റെ മാനസിക സമ്മർദവുമായി കഴിയേണ്ടി വരുന്നത്. ഏജന്‍റുമാർക്ക് പണം നൽകിയാണ് ജോലി സമ്പാദിച്ചതെന്ന് ബ്രിട്ടനിൽ ഇതിനു മുമ്പും പലരും ഹോം ഓഫിസിന് പരാതി നൽകിയ സംഭവങ്ങളുണ്ട്. 

എന്നാൽ തെളിവില്ലാത്തതിനാൽ ഇതിലൊന്നും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. ഇവിടെയും റിക്രൂട്ട്മെന്‍റ് ഏജൻസിക്ക് പണം നൽകിയെന്ന് പലരും തുറന്നു പറയുന്നുണ്ടെങ്കിലും ഇത്തരത്തിൽ പണം വാങ്ങിയിട്ടേയില്ലെന്നാണ്  ഉടമ ബി.ബി.സിയോട് വിശദീകരിക്കുന്നത്. ഉണ്ടെങ്കിൽതന്നെ അത് ഇന്ത്യയിലെ  തന്‍റെ സബ് ഏജൻന്‍റുമാർ തന്‍റ അറിവോടെയല്ലാതെ വാങ്ങിയതാവാമെന്നുമാണ് അദ്ദേഹം  പനോരമയ്ക്ക് നൽകുന്ന വിശദീകരണം. 

അമ്പതിലധികം അന്തേവാസികളുള്ള ഹോമിലെ പരിതാപകരമായ നഴ്സിങ് സാഹചര്യവും പരിചരണത്തിലെ പരിതാപാവസ്ഥയുമെല്ലാം തുറന്നുകാട്ടുന്നതാണ് അരമണിക്കൂർ ദൈർഘ്യമുള്ള റിപ്പോർട്ട്. ആഴ്ചയിൽ ശരാശരി 1,100 പൗണ്ട് വരെ ഫീസ് ഈടാക്കുന്ന അന്തേവാസികൾക്കാണ് ഇത്തരത്തിൽ അവഗണന നേരിടേണ്ടി വരുന്നതെന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം. ഇത്തരത്തിൽ അന്തേവാസികൾക്ക് ദയനീയമായ പരിചരണം നൽകുകയും  സ്റ്റാഫിനെ ചൂഷണം ചെയ്യുന്ന സ്ഥാപനത്തിന്‍റെ  കോടികളുടെ ലാഭക്കണക്കും വിവരിക്കുന്നതാണ് പനോരമയുടെ ഈയാഴ്ചത്തെ എക്സ്ക്ലൂസീവ്.    

English Summary:

Foreign nurses and carers are vulnerable to exploitation, a Malayali media worker exposed the truth on BBC.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com