ADVERTISEMENT

ലണ്ടൻ ∙ യൂറോപ്യൻ വനിതാ ചെസ് ചാംപ്യൻഷിപ്പിൽ ബ്രിട്ടനിലെ എട്ടുവയസുകാരി ബാലികയ്ക്ക് കിരീടം. ക്രൊയേഷ്യയിൽ നടന്ന യൂറോപ്യൻ ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിലാണ് ബ്രിട്ടന്റെ ‘അത്ഭുതബാലിക’ ബോധന ശിവാനന്ദൻ ചാംപ്യൻപട്ടം നേടിയത്. പല  ഇന്റർനാഷനൽ മാസ്റ്റർമാരെയും ഒരു ഗ്രാന്റ് മാസ്റ്ററിനെയും അട്ടിമറിച്ചാണ് ഈ കൊച്ചുമിടുക്കി അവിശ്വസീനീയമായ ഈ നേട്ടം കൈവരിച്ചത്. പതിമ്മൂന്നിൽ 8.5 പോയിന്റോടെയാണ് ഈ കിരീട നേട്ടം.

london-chess-prodigy

തമിഴ്നാട്ടിൽനിന്നും ബ്രിട്ടനിലേക്കു കുടിയേറിയ ഇന്ത്യൻ കുടുംബത്തിലെ അംഗമാണ് ബോധന. നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോയിൽ നിന്നുള്ള ബോധന അഞ്ചുവയസ് മുതലാണ് ചെസ് കളിക്കാൻ തുടങ്ങിയത്. എട്ടാം വയസിൽ യൂറോപ്യൻ ചാമ്പ്യനുമായി. നിശ്ചിത സമയത്തിനുള്ളിൽ അതിവേഗം പൂർത്തിയാകുന്ന മത്സര ഇനമാണ് ബ്ലിറ്റ്സ് ചെസ്. മൂന്നു മിനിറ്റു മുതൽ അഞ്ചു മിനിറ്റുവരെയുള്ള ചെറിയ സമയത്തിൽ പൂർത്തിയാകുന്നതാണ് ബ്ലിറ്റ്സ് ചെസ് ഗെയിമുകൾ. സ്റ്റാന്റേർഡ്, റാപ്പിഡ് ഗെയിമുകളിലും അതിസമർഥയാണ് ഈ കൊച്ചുമിടുക്കി. എട്ടുവയസുകാരിയിൽനിന്നും തോൽവി ഏറ്റുവാങ്ങിയ പലരും അത്ഭുത പ്രതിഭാസം എന്നാണ് ഈ ബാലികയെ സമൂഹ മാധ്യമത്തിൽ വിശേഷിപ്പിച്ചത്. ഈ വിജയത്തോടെ ലോക ചെസ് ഭൂപടത്തിൽ പുതിയ ചർച്ചാവിഷയമാകുകയാണ്  തമിഴ് വംശജയായ ഈ താരോദയം.

london-chess-prodigy

രാജ്യത്തിന് ഇതുവരെ  ലഭിക്കാത്ത അസാധാരണമായ നേട്ടമാണ് ബോധനയുടെ അവിശ്വസനീയമായ പ്രകടനത്തിലൂടെ സാധ്യമായതെന്ന് ഇംഗ്ലിഷ് ചെസ് ഫെഡറേഷൻ പ്രസിഡന്റ് ഡൊമിനിക് ലോസൺ പറഞ്ഞു. പ്രായത്തിൽ കവിഞ്ഞ പക്വതയിൽ  കരുതലോടെയുള്ള തന്ത്രപരമായ നീക്കങ്ങളാണ് ബോധനയുടേതെന്നും അദ്ദേഹം വിവരിച്ചു. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ടാലന്റാണ് ബോധനയെന്നായിരുന്നു ബ്രിട്ടിഷ് ഇന്റർനാഷനൽ മാസ്റ്ററും കമന്റേറ്ററുമായ ലോറൻസ് ട്രെന്റിന്റെ പ്രതികരണം. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ചെസ് താരമായി ഈ കുട്ടി വളരുമെന്ന് ഉറപ്പാണെന്നും ട്രെന്റ് സമൂഹ മാധ്യമത്തിൽ കുറിച്ചു. പതിനഞ്ചാം വയസിൽ ഗ്രാന്റ് മാസ്റ്ററായ ജൂഡിറ്റ് പോൾഗാറിന്റെയും  പതിമ്മൂന്നാം വയസിൽ ഗ്രാന്റ് മാസ്റ്ററായ മാഗ്നസ് കാൾസന്റെയും പതിനാലാം വയസിൽ ഗ്രാന്റ് മാസ്റ്ററായ ഹോ യിഫാന്റെയും പിൻഗാമായായാണ് ബോധനയെ ചെസ് ലോകം കാണുന്നത്.

മകളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നതായും അവളുടെ ആഗ്രഹത്തിനനുസരിച്ച് മുന്നേറാൻ പരമാവധി ശ്രമിക്കുമെന്നും പിതാവ്  ശിവാനന്ദൻ വേലായുധം വ്യക്തമാക്കി. ഡിസംബർ 28ന് ഇംഗ്ലണ്ടിലെ ഹേസ്റ്റിംങ്സിൽ നടക്കുന്ന ഇന്റർനാഷനൽ ചെസ് കോൺഗ്രസിലെ മുഖ്യ ആകർഷണമാകും ഇംഗ്ലണ്ടിന്റെ ഈ പുതിയ ചെസ് പ്രതിഭ. അടുത്തിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് തന്റെ ഔദ്യോഗിക വസതിയായ പത്താം നമ്പർ ഡൗണിങ്  സ്ട്രീറ്റിൽ നടത്തിയ യങ് ചെസ് ചാംപ്യൻഷിപ്പിലും ബോധന പങ്കെടുത്തിരുന്നു.

English Summary:

London Chess Prodigy: 8-Year-Old British Schoolgirl Wins Title at European Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com