'കേരളത്തിൽ ക്രിസ്മസ് ആണെന്നു തോന്നുന്നതേ ഇല്ല'; വിദേശത്ത് 'സാന്റാ മീറ്റ് ' മുതൽ 'ജംമ്പർ ഡേ' വരെ, ആഘോഷം കെങ്കേമം
Mail This Article
ലോകമെമ്പാടും ഡിസംബർ 25 നാണ് ക്രിസ്മസ്. എന്നാല്‍ ക്രിസ്മസ് ആഘോഷവും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തമാണ്. പുല്‍ക്കൂടും നക്ഷത്രങ്ങളുമൊക്കെ ഒരുക്കി ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ വരവേല്‍ക്കാൻ പല രാജ്യങ്ങളും നവംബറില്‍ തന്നെ ഒരുക്കം തുടങ്ങും.
നവംബറിന്റെ തുടക്കം തന്നെ യുറോപ്യൻ രാജ്യങ്ങൾ ക്രിസ്മസിന്റെ വരവറിയിക്കും. ക്രിസ്മസ് വസ്ത്രങ്ങളും ക്രിസ്മസ് ട്രീയും വീടുകൾ അലങ്കരിക്കാനുള്ള വർണവിളക്കുകളും വിപണിയിൽ ലഭ്യമാകും. യുകെയിൽ നവംബർ പകുതിയോടെ തെരുവുകളും വീടുകളും ആശുപത്രികൾ പോലും അലങ്കരിച്ച് ആഘോഷത്തിന് തയാറെടുക്കും. കിഡ്സ് ക്രിസ്മസ് പാർട്ടി, ക്രിസ്മസ് ജംബർ ഡേ അങ്ങനെ യുകെയിൽ ക്രിസ്മസിന്റെ ആഘോഷം പല രീതിയിലാണ്.
∙ കിഡ്സ് ക്രിസ്മസ് പാർട്ടി
കുട്ടികൾക്ക് വേണ്ടിയാണ് കിഡ്സ് ക്രിസ്മസ് പാർട്ടികൾ ഒരുക്കുന്നത്. കുട്ടികൾ ക്രിസ്മസിനെ ആടിപാടി വരവേൽക്കും. സാന്തക്ലോസിനൊപ്പം ചുവടുവച്ച് പരിപാടി കളറാക്കാം. ആശുപത്രികളിൽ ഉൾപ്പെടെ കിഡ്സ് ക്രിസ്മസ് പാർട്ടി ഒരുക്കും. മുതിർന്നവർക്കും ആടിപാടാൻ അവസരമുണ്ട്.
∙ സാന്റയെ മീറ്റ് ചെയ്യാം
കുട്ടികൾക്ക് സാന്റയെ മീറ്റ് ചെയ്യാനും അവസരമൊരുക്കുന്നുണ്ട്. സ്കൂളുകളിലും മറ്റും സാന്റയെ മീറ്റ് ചെയ്യാൻ പ്രത്യേക ദിവസങ്ങൾ ഒരുക്കുന്നു. വെക്കേഷന് സ്കൂൾ അടയ്ക്കുന്നതിന് മുൻപുള്ള ഒരാഴ്ച മിക്ക സ്കൂളുകളും 'ക്രിസ്മസ് വീക്ക്' ആയി ആഘോഷിക്കും. ഈ ദിവസങ്ങള്‍ നേറ്റിവിറ്റി പ്ലേ ഡേ, ക്രിസ്മസ് ലഞ്ച്, ജംബർ ഡേ...എന്നീ പേരുകളിൽ ആഘോഷിക്കുന്നു.
∙ ക്രിസ്മസ് ജംമ്പർ ഡേ
സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ക്രിസ്മസ് ജംമ്പർ ഡേ ആഘോഷിക്കുന്നുണ്ട്. ഈ ദിവസം ക്രിസ്മസ് ജംമ്പർ (കമ്പിളിക്കുപ്പായം) ധരിച്ചാണ് ആഘോഷത്തിൽ പങ്കെടുക്കുന്നത്. ചില സ്കൂളുകൾ റെയിൻ ഡിയേഴ്സ് വിസിറ്റും ഒരുക്കാറുണ്ട്.
∙ ലൈറ്റ് ഓൺ ഡേയിൽ തുടങ്ങുന്ന ആഘോഷം
യുകെയിലെ ഏറ്റവും മനോഹരമായ ദിനങ്ങളെന്നു പറയുന്നത് ഒക്ടോബർ അവസാനം മുതൽ ഫ്രെബ്രുവരി വരെയുള്ള ദിനങ്ങളാണെന്നു പറയാം. ഇവിടെ നഗരങ്ങളെല്ലാം ഏറ്റവും അധികം അലങ്കരിക്കപ്പെടുന്നത് ഈ സമയത്താണ്. ഓക്ടോബർ അവസാനം മുതൽ രാത്രിക്ക് ദൈർഘ്യം കൂടും. വിന്റർ സീസൺ ആരംഭിക്കും. യുകെയിലെ പ്രധാന സിറ്റികളിലൊക്കെ ലൈറ്റ് ഓൺ ഡേ ആഘോഷം സംഘടിപ്പിക്കും. തെരുവുകളിൽ ചെറിയ പരിപാടികൾ സംഘടിപ്പിക്കും. പാട്ടും ആക്ടിവിക്ടികളുമൊക്കെ ഇതിനോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് യുകെ മലയാളി ലിറ്റി സൈമൺ പറയുന്നു. നാട്ടിലാണെങ്കിൽ കാരള്‍ സംഘങ്ങൾ വീടുകളിൽ കയറി ഇറങ്ങുന്നതുമാത്രമാണ് ആഘോഷത്തിന്റെ ഹൈലൈറ്റ്. എന്നാൽ ഇവിടെ ആഘോഷം ദിവസങ്ങൾ നീണ്ടു നിൽക്കും. രാത്രിയില്‍ ആഘോഷങ്ങൾ പൊതുവെ കൂടുതലായിരിക്കും.
∙ ക്രിസ്മസ് ആണെന്നു തോന്നുന്നതേ ഇല്ല
ജർമൻ സ്വദേശി മാറിയോ പറയുന്നു കേരളത്തിൽ എത്തിയിട്ട് ക്രിസ്മസ് ആണെന്നു തോന്നുന്നതേ ഇല്ലെന്ന്. നമ്മുടെ അതിഥിയായി എത്തിയ മാറിയയോട് (marius) ക്രിസ്മസ് ആഘോഷത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു മറുപടി. താജ്മഹല്‍ കണ്ട്, മൂന്നാറിന്റെ സൗന്ദര്യം നുകർന്ന് മറവൻതുരുത്തിൽ ഹയക്കിങ്ങിന് എത്തിയതാണ് മാറിയോ. കേരളത്തിൽ തണുപ്പില്ല, ചൂടാണ്. ജർമനിയിൽ ഡിസംബറിൽ വിന്റർ സീസൺ ആരംഭിക്കും. ക്രിസ്മസ് കാലത്ത് ഐസ് സ്കെറ്റിങ് ആണ് പ്രധാന വിനോദം. രാജ്യത്ത് നവംബർ അവസാനം ക്രിസ്മസ് ആഘോഷം തുടങ്ങും. അവിടെ ലോക്കൽ അതോറിറ്റി സംഘടിപ്പിച്ച വർണ്ണാഭമായ ക്രിസ്മസ് ആഘോഷത്തിന്റെ വിഡിയോയും കാണിച്ചാണ് മാറിയോ ബൈ പറഞ്ഞത്.