ADVERTISEMENT

ലണ്ടൻ∙ ‘‘ഞാൻ നന്നായി ജോലി ചെയ്യുന്ന ദിവസങ്ങളാണ് എന്‍റെ ഏറ്റവും സന്തോഷകരമായ ദിവസങ്ങൾ.’’ തൊഴിലിനെ സ്നേഹിച്ച, തീവ്ര ദുഃഖങ്ങളെ ഉള്ളിൽ ഒതുക്കി ലോകത്തെ ചിരിപ്പിച്ച ചാര്‍ലി ചാപ്ലിൻ പറഞ്ഞ വാക്കുകളാണിത്. വിട വാങ്ങി നാലര പതിറ്റാണ്ടിന് ഇപ്പുറത്തും പ്രേക്ഷക മനസ്സുകളിൽ പുഞ്ചരിയുടെ പൊൻവെട്ടം സമ്മാനിച്ച് നിത്യഹരിതമായി ജീവിക്കുകയാണ് ചാര്‍ലി ചാപ്ലിന്‍. നിശ്ശബ്ദ ചിത്രങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും അന്യമായിട്ടും ഇന്നത്തെ തലമുറയ്ക്കും ചാപ്ലിൻ പ്രിയങ്കരനാണ്. ദാരിദ്ര്യം നിറഞ്ഞ ബാല്യമാണ് തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും കഥ ഹാസ്യത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കാൻ ചാപ്ലിന് പ്രചോദനമായത്. അഞ്ചാം വയസ്സിൽ അഭിനയിച്ചുതുടങ്ങിയ ചാര്‍ളി ചാപ്ലിന്‍ 80-ാം വയസ്സു വരെ അഭിനേതാവായി തുടർന്നു.

സിബിഎസ് റേഡിയോയിലെത്തിയ ചാർളി ചാപ്ലിന്റെ ചിത്രം, 1933.
സിബിഎസ് റേഡിയോയിലെത്തിയ ചാർളി ചാപ്ലിന്റെ ചിത്രം, 1933.

1889 ഏപ്രില്‍ 16ന് ലണ്ടനിലെ വാല്‍വര്‍ത്തിൽ ജനിച്ച ചാര്‍ലി ചാപ്ലിൻ അഭിനയ ലോകത്തേക്ക് ചുവടു വയ്ക്കുന്നത് നാടകങ്ങളിലൂടെയാണ്. തലയില്‍ കറുത്ത തൊപ്പിയും കയ്യില്‍ നീളന്‍ വടിയും പാകമല്ലാത്ത പാന്‍റ്സും നീളന്‍ ഷൂസും പുഞ്ചിരി തൂകുന്ന മുഖവും ചെറുമീശയുമെല്ലാം ചേർന്ന രൂപമാണ് ഭൂരിഭാഗം സിനിമാപ്രേമികളുടെ മനസ്സിലും ചാപ്ലിനെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ തെളിയുക. സ്ലാപ്സ്റ്റിക് കോമഡിയുടെ കുലപതിയായ ചാപ്ലിൻ ഒരു ഇതിഹാസമായി മാറിയതിൽ നിർണായകമായ പങ്കുവഹിച്ച 'ട്രാമ്പ്' എന്ന കഥാപാത്രത്തിന്‍റെ വേഷവും രൂപമാണിത്. ഈ കഥാപാത്രത്തെയാണ് ച്ലാപിൻ ഏറ്റവും കൂടുതല്‍ തവണ അവതരിപ്പിച്ചതും. 

Chaplin in “The Kid” (1921).
Chaplin in “The Kid” (1921).

ഹാസ്യമാണ് അവതരിപ്പിച്ചതെങ്കിലും ലോകത്തിന് മുന്നിൽ നീറിപ്പുകയുന്ന വിഷയങ്ങളിലെ അഭിപ്രായപ്രകടനങ്ങളായിപ്പോലും ച്ലാപിൻ സിനിമകളെ വിലയിരുത്തുന്നുണ്ട്. ചിരിയോടൊപ്പം ചിന്തയും അടങ്ങിയ സിനിമകളായിരുന്നു ചാപ്ലിൻ സമ്മാനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഏകാധിപത്യവും നരഹത്യയും നടത്തിയ അഡോള്‍ഫ് ഹിറ്റ്‌ലറെ പരിഹസിച്ചാണ് 1940 ഒക്ടോബറില്‍ 'ദ് ഗ്രേറ്റ് ഡിക്റ്റേറ്റര്‍' എന്ന ചിത്രം ചാപ്ലിന്‍ റിലീസ് ചെയ്തത്. മുഖസാദൃശ്യം, ടൂത്ബ്രഷ് മീശ എന്നിവ കാരണം അഡനോയിഡ് ഡിങ്കല്‍ എന്ന ഏകാധിപതി പ്രേക്ഷകർ‌ക്ക് ചിരികൾക്കൊപ്പം ചിന്തയും സമ്മാനിച്ചു. ജോലി കിട്ടാൻ കഷ്ടപ്പെടുന്ന ജനതയുടെ കഥയാണ് മോഡേണ്‍ ടൈംസിലൂടെ ചാപ്ലിൻ പറഞ്ഞത്. എ വുമണ്‍ ഓഫ് പാരിസ്, ദ് ഗോള്‍ഡ് റഷ്, ദ് സര്‍ക്കസ്, സിറ്റി ലൈറ്റ്‌സ് തുടങ്ങിയ സിനിമകൾ ഇന്നും ലോക സിനിമാ പ്രേമികൾക്കു പ്രിയങ്കരങ്ങളാണ്. രണ്ടു തവണ ഓസ്‌കര്‍ പുരസ്‌കാരവും ചിരിയുടെ രാജാവിനെ തേടിയെത്തി.  ‌‌

സിനിമയിൽ ചാപ്ലിൻ കഥ, തിരക്കഥ, സംവിധാനം, സംഗീത സംവിധാനം, നിര്‍മാണം തുടങ്ങിയ മേഖലകളിലെല്ലാം വിജയമുദ്ര ചാർത്തി. വെള്ളിത്തിരയിൽ പ്രേക്ഷകനെ ചിരിപ്പിച്ച ചാപ്ലിൻ വ്യക്തിജീവിതത്തില്‍ തിരിച്ചടികളിൽ പതറിയില്ല. യൂറോപ്പിലായിരുന്ന ചാര്‍ലി ചാപ്ലിനെ 1952 ല്‍ ജോസഫ് മക്കാര്‍ത്തി കമ്യൂണിസ്‌റ്റെന്നു മുദ്രകുത്തി. തിരികെ അമേരിക്കയിലേക്കു വരാൻ ശ്രമിച്ച ചാപ്ലിനെ യുഎസ് സ്വീകരിക്കാൻ തയാറായില്ല. ഇതോടെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു ജീവിതം മാറ്റി നട്ടു ചാപ്ലിൻ. 

1977 ലെ ക്രിസ്മസ് ദിനത്തിൽ ഉറക്കത്തിലുണ്ടായ സ്‌ട്രോക്ക് ചാപ്ലിനെ മരണത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. 

Charlie Chaplin in The Great Dictator.
Charlie Chaplin in The Great Dictator.

∙ പണത്തിനു വേണ്ടി മോഷ്ടിക്കപ്പെട്ട ഭൗതിക ശരീരം
‌കോര്‍ഷര്‍ വെവിലെ കൊച്ചുപള്ളിയിലാണ് ചാപ്ലിനെ സംസ്കരിച്ചത്. സംസ്കാരം നടന്ന് രണ്ടു മാസത്തിനുശേഷം ചാര്‍ലി ചാപ്ലിന്റെ കല്ലറ തുറന്ന നിലയിൽ കാണപ്പെട്ടു. അതിനുള്ളിലുണ്ടായിരുന്ന ഭൗതികാവശിഷ്ടങ്ങൾ മോഷണം പോയി. 27 ഫോണ്‍ കോളുകൾ ചാപ്ലിന്റെ ഭാര്യ ഊനയെ തേടിയെത്തി. ആറു ലക്ഷം ഡോളര്‍ നല്‍കാതെ ഭൗതികദേഹം തിരികെ നൽകില്ലെന്നു മോഷ്ടാവ് ഭീഷണി മുഴക്കി. സ്വിസ് പൊലീസ് ഫോണ്‍ കോളുകള്‍ നിരീക്ഷിച്ച് മേയ് 14ന് പ്രതിയായ ഇരുപത്തിയഞ്ചുകാരൻ റോമന്‍ വാര്‍ദാസിനെ പിടികൂടി. പണത്തിനു വേണ്ടിയാണ് താൻ ഇത് ചെയ്തതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പ്രതിക്ക് ഊന മാപ്പ് നല്‍കി ഭൗതികാവശിഷ്ടങ്ങള്‍ വീണ്ടും കല്ലറയില്‍ സംസ്കരിച്ചു.

English Summary:

Emerging from poverty, Charlie Chaplin became a legend who continues to make the world laugh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com