ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് വൻ ഇളവ്; യുകെ സന്ദർശനത്തിന് വീസ വേണ്ട
Mail This Article
ലണ്ടൻ∙ 2024 ഫെബ്രുവരി 22 മുതല്‍ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെ സന്ദർശിക്കാൻ വീസ വേണ്ട. ജോര്‍ദാനിലെയും എല്ലാ ജിസിസി രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് പ്രയോജനം ലഭിക്കും. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് യുകെ സർക്കാരിന്റെ പുതിയ പ്രഖ്യാപനം മൂലം വീസ ആവശ്യമില്ല. ഫെബ്രുവരി 22 മുതല്‍ യുകെയില്‍ പ്രവേശിക്കാന്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇടിഎ) എന്ന രേഖ മതിയാകുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. 10 പൗണ്ട് നിരക്കില്‍ നല്‍കുന്ന യാത്രാ പെര്‍മിറ്റ് രണ്ട് വര്‍ഷത്തേക്ക് കാലാവധി ഉള്ളതായിരിക്കും. ഖത്തര്‍ പൗരന്മാര്‍ക്ക് 2023 നവംബര്‍ 15 മുതല്‍ വീസ ഇളവുണ്ട്. 2022 ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 2.90 ലക്ഷം ആളുകള്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചു എന്നാണ് യുകെ ഹോം ഓഫിസ് നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
ചെലവുകളും വീസ ആവശ്യകതകളും വെട്ടിക്കുറയ്ക്കുന്നതിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജോര്‍ദാനില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് യുകെയിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനും ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബിസിനസ്, ടൂറിസം ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് യുകെ സര്‍ക്കാര്‍ കരുതുന്നത്. പദ്ധതി സുഗമമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ യുകെ സർക്കാർ ആഗോള എയർലൈൻ, മാരിടൈം, റെയിൽ വിഭാഗങ്ങളുമായി ചേർന്ന് സഹകരിക്കുന്നുണ്ട്. ഭാവിയിൽ കൂടുതൽ രാജ്യങ്ങൾക്ക് സന്ദർശക വീസ ഇളവുകളോടെ നൽകാനും നീക്കം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.